National
ഹരിയാന തിരഞ്ഞെടുപ്പ്: ബി ജെ പി ഒറ്റയ്ക്ക് മത്സരിക്കും
'ആരുമായും സഖ്യമുണ്ടാക്കില്ല. ബി ജെ പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടും.'
ചണ്ഡീഗഢ് | ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഒറ്റക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ആരുമായും സഖ്യമുണ്ടാക്കില്ല. ബി ജെ പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപവത്ക്കരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നായബ് സിങ് സൈനി തന്നെ പാര്‍ട്ടിയെ നയിക്കുമെന്നും പഞ്ച്കുളയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാന്‍ തയ്യാറാകാതെ കോണ്‍ഗ്രസ്സ് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. രാജ്യത്ത് ആറ് പതിറ്റാണ്ടിനു ശേഷം തുടര്‍ച്ചയായി മൂന്നു തവണ പ്രധാന മന്ത്രിയാകുന്ന ആദ്യ നേതാവാണ് നരേന്ദ്ര മോദി.
പാര്‍ട്ടിയുടെ നയങ്ങളും പ്രവര്‍ത്തകരുടെ കഠിനാധ്വാനവും ബി ജെ പി സര്‍ക്കാരിന്റെ പൊതുജനക്ഷേമ നടപടികളുമാണ് തിരഞ്ഞെടുപ്പ് വിജയത്തിന് അടിസ്ഥാനം. വെട്ടിക്കുറയ്ക്കല്‍, കമ്മീഷന്‍ വാങ്ങല്‍, അഴിമതി എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഹരിയാന കോണ്‍ഗ്രസ്സെന്നും അമിത് ഷാ കുറ്റപ്പെടുത്തി.