National
ഹരിയാന വ്യാജമദ്യ ദുരന്തം; മരണം 12 ആയി
വ്യാജമദ്യവും സിന്തറ്റിക് മരുന്നുകളും സംസ്ഥാനത്തെ ജനങ്ങളെ തുടര്‍ച്ചയായി കൊന്നൊടുക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ
യമുന നഗര്‍| ഹരിയാനയിലെ യമുനാനഗറില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. മദ്യം കഴിച്ച് ഒരു യുവാവ് ബുധനാഴ്ച മരിച്ചതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരന്തത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്. അന്വേഷണത്തിന് പിന്നാലെ നിരവധി പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ഇപ്പോഴും മദ്യകഴിച്ച നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലുമായി നടത്തിയ തെരച്ചിലില്‍ നിരവധി സുപ്രധാന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് യമുനാനഗര്‍ എസ്പി ഗംഗാ റാം പുനിയ പറഞ്ഞു. പ്രതികള്‍ക്കെതിരെ സെക്ഷന്‍ 308, 302, 120-ബി, പഞ്ചാബ് എക്‌സൈസ് ആക്ട്, പകര്‍പ്പവകാശ നിയമങ്ങള്‍ എന്നിവയുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും എസ്പി കൂട്ടിച്ചേര്‍ത്തു.
അന്വേഷണത്തിന്റെ ഭാഗമായി വ്യാജ മദ്യം കഴിച്ചവരുടെ വീട്ടില്‍ എത്തി കുപ്പികളും മറ്റ് നിര്‍ണായക തെളിവുകളും ശേഖരിച്ചു.പ്രാഥമിക അന്വേഷണത്തില്‍ മരണത്തിനിടയാക്കിയ വ്യാജ മദ്യം അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി. ഇക്കാര്യത്തില്‍, അംബാല ജില്ലയിലെ മുള്ളാന പ്രദേശത്ത് പ്രത്യേക എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിലെ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തതായും എസ്പി അറിയിച്ചു. ഇവരില്‍ രണ്ട് പേര്‍ പ്രാദേശികമായി അനധികൃത മദ്യം വില്‍ക്കുന്നവരാണെന്നും ബാക്കിയുള്ളവര്‍ അനധികൃത കച്ചവടവുമായി
ബന്ധപ്പെട്ടവരാണെന്നും പോലീസ് വ്യക്തമാക്കി.
മരിച്ചവരില്‍ ഭൂരിഭാഗവും 45 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണെന്നും രണ്ട് പേര്‍ 30 വയസിന് താഴെയുള്ളവരാണെന്നും എസ്.പി പറഞ്ഞു. മരിച്ചവരില്‍ അഞ്ച് പേരുടെ കുടുംബങ്ങള്‍ പോലീസിനെ അറിയിക്കാതെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതിനാല്‍ ഈ മരണങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കഴിയില്ല.
മുന്‍ സംഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നതില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും എ.എ.പിയും രംഗത്തു വന്നിട്ടുണ്ട്. ബിജെപി-ജെജെപി സര്‍ക്കാരിന്റെ രക്ഷാകര്‍തൃത്വത്തില്‍ ഹരിയാനയില്‍ ലഹരിയുടെ കള്ളക്കച്ചവടം വ്യാപിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു. വ്യാജമദ്യവും സിന്തറ്റിക് മരുന്നുകളും സംസ്ഥാനത്തെ ജനങ്ങളെ തുടര്‍ച്ചയായി കൊന്നൊടുക്കുകയാണ്. യമുനാനഗറില്‍ വ്യാജമദ്യം കഴിച്ചുള്ള മരണം സര്‍ക്കാരിന്റെ പരാജയത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.