National
ഹരിയാന ഇന്ന് പോളിങ് ബൂത്തിലേക്ക്; 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്
90 സീറ്റുകള്‍ ഉള്ള ഹരിയാനയില്‍ രണ്ടു കോടി മൂന്നു ലക്ഷം വോട്ടര്‍മാരാണ് ഉള്ളത് .
ചണ്ഡീഗഡ് | ഹരിയാന ഇന്ന് പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 90 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒരു മാസം നീണ്ട ആവേശകരമായ പ്രചരണം പൂര്‍ത്തിയാക്കിയ സംസ്ഥാനത്ത് 1,031 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 90 സീറ്റുകള്‍ ഉള്ള ഹരിയാനയില്‍ രണ്ടു കോടി മൂന്നു ലക്ഷം വോട്ടര്‍മാരാണ് ഉള്ളത് . 20,632 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ പ്രചാരണത്തില്‍ അണിനിരന്നു.
10 വര്‍ഷമായി ഭരണത്തിലിരിക്കുന്ന ബി ജെ പി ഭരണത്തുടര്‍ച്ചക്കായുള്ള ശ്രമത്തിലാണ്. ഒരു പതിറ്റാണ്ടിന് ശേഷം ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് മെനഞ്ഞത്. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടികള്‍, ഗുസ്തി പ്രതിഷേധം, അഗ്‌നിവീര്‍ വിഷയങ്ങള്‍ തുടങ്ങിയവ വിഷയങ്ങള്‍ കോണ്‍ഗ്രസ് ഫലപ്രദമായി ഉയര്‍ത്തിക്കാട്ടി പ്രചാരണം ശക്തമാക്കിയിരുന്നു. കോണ്‍ഗ്രസിനും ബി ജെ പിയും വിമത ഭീഷണി നേരിടുന്നുണ്ട്. രണ്ടു പാര്‍ട്ടികളിലുമായി ഏകദേശം 69 ഓളം വിമതരാണ് മത്സര രംഗത്ത്.
സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍ ബി ജെ പി ക്യാമ്പില്‍ ആശങ്ക ശക്തമാണ്. ഇത്തവണ ആം ആദ്മി പാര്‍ട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി ജനവിധി തേടുന്നുണ്ട്. ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനായി, കഴിഞ്ഞ തവണ 10 സീറ്റുകള്‍ നേടിയ ജെ ജെ പിയും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.