National
ഡല്‍ഹി വായുമലിനീകരണത്തിന് കാരണം ഹരിയാന സര്‍ക്കാര്‍;ആംആദ്മി
ഡല്‍ഹി മലിനീകരണ പ്രതിസന്ധി നേരിടുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണെന്ന് എഎപി എം.എല്‍.എ ദുര്‍ഗേഷ് പഥക്
ന്യൂഡല്‍ഹി| ഡല്‍ഹിയിലെ വായുമലിനീകരണത്തിന് കാരണം ഹരിയാന സര്‍ക്കാറെന്ന് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി മലിനീകരണ പ്രതിസന്ധി നേരിടുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണെന്ന് എഎപി എം.എല്‍.എ ദുര്‍ഗേഷ് പഥക് ആരോപിച്ചു. മലിനീകരണത്തില്‍ ഡല്‍ഹിക്ക് ഒരു പങ്കുമില്ല.
മലിനീകരണത്തിന്റെ ഏറ്റവും വലിയ കുറ്റവാളി ഹരിയാനയാണ്. അവര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കര്‍ഷകരുമായി ഒരു ചര്‍ച്ചയും നടത്തുന്നില്ലെന്നും ദുര്‍ഗേഷ് പറഞ്ഞു. വൈക്കോല്‍ കത്തിക്കുന്ന സമയത്ത് അവര്‍ എ.എ.പിയെ കുറ്റപ്പെടുത്തുകയാണെന്നും ഇതുമൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ മലിനീകരണ തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഉടനടി നിര്‍ത്തലാക്കാന്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളോട് സുപ്രീംകോടതി ചൊവ്വാഴ്ച നിര്‍ദ്ദേശിച്ചിരുന്നു. മലിനമായ വായുവിനെ അതിര്‍ത്തികള്‍ കൊണ്ട് തടയാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയം പാടില്ല. പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു.