National
ഹരിയാനയിലെ ബുള്‍ഡോസര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി
സംസ്ഥാന സര്‍ക്കാറിനും പോലീസിനും കോടതി നോട്ടീസ് അയച്ചു.
ചണ്ഡിഗഡ് | ഹരിയാനയിലെ നൂഹില്‍ തുടര്‍ച്ചയായ നാല് ദിവസമായി നടത്തിവരുന്ന ബുള്‍ഡോസര്‍ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിട്ടു. പൊളിക്കല്‍ നടപടികള്‍ക്കെതിരായ ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിനും പോലീസിനും കോടതി നോട്ടീസ് അയച്ചു.
ഹരിയാനയിലെ നൂഹില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ വര്‍ഗീയ കലാപത്തിന് പിന്നാലെയാണ് ബുള്‍ഡോസര്‍ നടപടികള്‍ തുടങ്ങിയത്.ജൂലൈ 31ന് നൂഹില്‍ നടന്ന ഘോഷയാത്രയ്ക്കിടെയുണ്ടായ കല്ലേറാണ് കലാപമായി മാറിയത്.
ഇതിന് പിന്നാലെ യുപി മോഡല്‍ ബുള്‍ഡോസര്‍ നടപടിക്ക് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ മുസ്ലിംകളെ ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടപടികളെന്ന് ആരോപണമുയരുന്നുണ്ട്.
ആവശ്യമെങ്കില്‍ ഇനിയും ബുള്‍ഡോസര്‍ പ്രയോഗിക്കാന്‍ മടിക്കില്ലെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് വ്യക്തമാക്കിട്ടുണ്ട്.