National
കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിജെപിയുടെ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല: വരുണ്‍ ഗാന്ധി
ലഖിംപുര്‍ ഖേരി സംഭവത്തില്‍ കടുത്ത വിമര്‍ശനമുന്നയിച്ച എം.പി. വരുണ്‍ഗാന്ധി, മുന്‍ കേന്ദ്രമന്ത്രിയും എം.പി.യുമായ മേനകാ ഗാന്ധി, മുന്‍മന്ത്രി ബീരേന്ദ്ര സിങ് എന്നിവരെ ഒഴിവാക്കിയാണ് ബി.ജെ.പി. എണ്‍പതംഗ ദേശീയ നിര്‍വാഹകസമിതിയെ തെരഞ്ഞെടുത്തത്.
ന്യൂഡല്‍ഹി| ലഖിംപുര്‍ ഖേരി സംഭവത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഒരു സമിതിയോഗത്തില്‍ പോലും പങ്കെടുത്തിട്ടില്ല. താന്‍ അതില്‍ ഉണ്ടെന്നുപോലും തോന്നുന്നില്ലെന്നും വരുണ്‍ ഗാന്ധി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു. ലഖിംപുര്‍ ഖേരി സംഭവത്തില്‍ കടുത്ത വിമര്‍ശനമുന്നയിച്ച എം.പി. വരുണ്‍ഗാന്ധി, മുന്‍ കേന്ദ്രമന്ത്രിയും എം.പി.യുമായ മേനകാ ഗാന്ധി, മുന്‍മന്ത്രി ബീരേന്ദ്ര സിങ് എന്നിവരെ ഒഴിവാക്കിയാണ് ബി.ജെ.പി. എണ്‍പതംഗ ദേശീയ നിര്‍വാഹകസമിതിയെ തെരഞ്ഞെടുത്തത്.
വരുണ്‍ ഇന്നലെ ട്വിറ്ററില്‍ ബിജെപിയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാനാകില്ല. നിരപരാധികളായ കര്‍ഷകരുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണം. കര്‍ഷകന്റെ മനസ്സില്‍ അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും സന്ദേശമെത്തും മുമ്പ് നീതി ലഭ്യമാക്കണം എന്നായിരുന്നു ട്വിറ്ററിലൂടെ വരുണ്‍ ഗാന്ധി പ്രതികരിച്ചത്.