kamalnath
ആരോടും ഒന്നും സംസാരിച്ചിട്ടില്ല ; ബി ജെ പി യിലേക്കെന്ന അഭ്യൂഹത്തില്‍ കമല്‍ നാഥിന്റെ പ്രതികരണം
രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അശോക് സിങിനെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമല്‍ നാഥ് ഡല്‍ഹിയിലേക്ക് തിരിച്ചത്.
ന്യൂഡല്‍ഹി | ബി ജെ പി യില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ്. താന്‍ ആരോടും ഒന്നും സംസാരിച്ചിട്ടില്ലെന്ന് കമല്‍നാഥ് പറഞ്ഞു. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ എല്ലാവരെയും അറിയിക്കാമെന്ന് താന്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ അമിതമായി ആവേശം കൊള്ളേണ്ടെന്നും കമല്‍നാഥ് പറഞ്ഞു.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും മകനും കോണ്‍ഗ്രസ് എം പി യുമായ നകുല്‍ നാഥും ബി ജെ പി യില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കമല്‍ നാഥിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവും ബി ജെ പി വക്താവുമായ നരേന്ദ്ര സലൂജ സോഷ്യല്‍ മീഡിയയില്‍ കമല്‍നാഥിന്റെയും മകന്റെയും ഒപ്പമുള്ള ഫോട്ടോ ജയ്ശ്രീറാം എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഇവര്‍ ബി ജെ പി യില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായത്.
മധ്യപ്രദേശിലെ ഏക കോണ്‍ഗ്രസ് എം പി യാണ് നകുല്‍ നാഥ്. ഇതിനിടെ നകുല്‍ നാഥ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്ന് കോണ്‍ഗ്രസ് എന്നെഴുതിയത് നീക്കം ചെയ്തതും അഭ്യൂഹങ്ങള്‍ ശക്തിപ്പെടാന്‍ കാരണമായി. കമല്‍ നാഥിന് രാജ്യ സഭാ സീറ്റ് നിഷേധിച്ചതും പ്രധാന വെല്ലുവിളിയായി. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അശോക് സിങിനെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമല്‍ നാഥ് ഡല്‍ഹിയിലേക്ക് തിരിച്ചത്.