Connect with us

Articles

പ്രതീക്ഷയുടെ ട്രാക്കില്‍ നിന്ന് "ഇന്ത്യ' പാളം തെറ്റിയോ?

ലക്ഷ്യം കേവലം സംസ്ഥാനങ്ങളില്‍ ഒതുങ്ങി നില്‍ക്കലല്ല, മറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പില്‍ വ്യക്തമായ ആധിപത്യം നേടി ഇന്ത്യയെന്ന മതേതര ജനാധിപത്യ ഫെഡറല്‍ സംവിധാനത്തെ ഇവിടെ പുനഃപ്രതിഷ്ഠിക്കുക എന്നതായിരിക്കണം. അതിന് ആത്മാര്‍ഥമായ ശ്രമങ്ങളുണ്ടാകണമെങ്കില്‍ യോജിപ്പിന്റെ ഒരു മേഖലയിലും വിയോജിപ്പിന്റെ വിത്തുകള്‍ പാകാതിരിക്കാനുള്ള ജാഗ്രത "ഇന്ത്യ' മുന്നണിക്കുണ്ടായേ തീരൂ

Published

|

Last Updated

സമകാല ഇന്ത്യ ആവശ്യപ്പെടുന്ന ഏറ്റവും മികച്ച രാഷ്ട്രീയാശയമാണ് “ഇന്ത്യ’ എന്ന പേരില്‍ രൂപപ്പെട്ട രാജ്യത്തെ പ്രതിപക്ഷ ഐക്യനിര. ഇന്ത്യയെന്ന സങ്കല്‍പ്പം തന്നെ തകര്‍ത്ത് സവര്‍ണ മേല്‍ക്കോയ്മയിലൂടെ അതിനെ ഭാരതമെന്ന പേരിലേക്ക് ചുരുക്കിക്കെട്ടാന്‍ ഭരണാധികാരികള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന സമയം “ഇന്ത്യ’ എന്ന പേരില്‍ രൂപപ്പെട്ട പ്രതിപക്ഷ ഏകോപനം ഏറെ പ്രതീക്ഷ നല്‍കുന്ന രാഷ്ട്രീയ മുന്നേറ്റം തന്നെയാണ്. പക്ഷേ അതിന്റെ പ്രായോഗികത എത്രത്തോളമുണ്ട്? ജനനത്തോടെ മരണമടയുന്ന ഒരാശയമായി അത് മാറുന്ന കാഴ്ചയാണോ ഇപ്പോള്‍ ഉള്ളത്? പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്, എന്ത് വിലകൊടുത്തും നരേന്ദ്ര മോദിയെയും ബി ജെ പിയെയും താഴെയിറക്കി ഇന്ത്യയെ രക്ഷിക്കുക എന്ന പ്രധാന ലക്ഷ്യമിട്ടാണ് “ഇന്ത്യ’ മുന്നണി രൂപവത്കൃതമാകുന്നത്. പക്ഷേ അതിലെ ഏറ്റവും പ്രബല കക്ഷിയായ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം സംസ്ഥാനങ്ങളിലേക്ക് നടന്നതും നടക്കാനിരിക്കുന്നതുമായ തിരഞ്ഞെടുപ്പുകളില്‍ മേല്‍പറഞ്ഞ തരത്തിലുള്ള ഒരു ലക്ഷ്യം അവരുടെ അജന്‍ഡയില്‍ ഇല്ലെന്നുവേണം കരുതാന്‍. തെലങ്കാനയിലും മധ്യപ്രദേശിലും ഒക്കെ കോണ്‍ഗ്രസ്സ് “ഇന്ത്യ’ മുന്നണിയിലെ സഖ്യ കക്ഷികളെ ഗൗനിച്ചതേയില്ല. സമാജ് വാദി പാര്‍ട്ടിയുമായി മധ്യപ്രദേശില്‍ മുഖ്യ ശത്രുവിനോടെന്ന പോലെയാണ് അവരുടെ പെരുമാറ്റം.

തെലങ്കാനയില്‍ സി പി എമ്മിനെയും കണക്കിലെടുത്തില്ല. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പ് വരുന്ന സംസ്ഥാന നിയമസഭകളിലേക്ക് സഖ്യം വേണ്ടെന്നും അതേസമയം പാര്‍ലിമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മാത്രം മതി ബി ജെ പി വിരുദ്ധതയെന്നുമുള്ള വിചിത്രമായ സമീപനത്തെ പച്ചക്കുപറഞ്ഞാല്‍ അവസരവാദം എന്നാണ് പറയുക. ഫലത്തില്‍ ഇത് നരേന്ദ്ര മോദിക്കും ബി ജെ പി ക്യാമ്പിനും വലിയ ആഹ്ലാദവും ആത്മവിശ്വാസവുമാണുണ്ടാക്കുക. കേരളത്തിലും ബംഗാളിലും ചില പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏതായാലും “ഇന്ത്യ’ മുന്നണിക്ക് പ്രസക്തിയില്ല. കേരളത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയും സി പി എമ്മും തമ്മിലാണ് കടുത്തപോരും മുഖ്യശത്രുതയും. ബംഗാളില്‍ കോണ്‍ഗ്രസ്സിന്റെ മറ്റൊരു പതിപ്പായി മമതയും മാറുന്നു. അഖിലേന്ത്യാ തലത്തില്‍ നിന്ന് മാറിച്ചിന്തിക്കുന്ന കേരളത്തിലെ ബി ജെ പിക്കും ആര്‍ എസ് എസുകാര്‍ക്കും മുഖ്യശത്രു സി പി എമ്മാണ് താനും. ബംഗാളില്‍ സി പി എമ്മും തൃണമൂലും കടുത്ത ശത്രുതയിലാണ്. അവിടെ കോണ്‍ഗ്രസ്സിന്റെ സമീപനത്തില്‍ വ്യക്തതയില്ല താനും. ഫലത്തില്‍ തൃണമൂലും ബി ജെ പിയും തമ്മിലാണ് ബംഗാളിലെ പ്രധാന പോരാട്ടം നടക്കുക. “ഇന്ത്യ’ മുന്നണി അവിടെയും തീര്‍ത്തും അപ്രസക്തമാണെന്നര്‍ഥം. 2024ലെ പൊതു തിരഞ്ഞെടുപ്പോടെയോ അല്ലെങ്കില്‍ അതിനു മുമ്പായിത്തന്നെയോ ഇന്ത്യയില്‍ മതേതരത്വത്തിനും ബഹുസ്വരതക്കും വല്ലാതെ പരുക്കേല്‍പ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് സമ്പ്രദായത്തെത്തന്നെ എടുത്തു കളയാനുള്ള തീവ്ര ശ്രമത്തിലാണ് മോദിയും കൂട്ടരും കരുക്കള്‍ നീക്കുന്നത്. അതിനെ കാലേക്കൂട്ടിത്തന്നെ പ്രതിരോധിക്കാനുള്ള റിഹേഴ്‌സല്‍ ക്യാമ്പുകളായി മാറേണ്ടതായിരുന്നു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍. എന്നാല്‍ സംഭവിച്ചതും സംഭവിക്കുന്നതും മറിച്ചാണ് താനും.

പരമാവധി ഐക്യപ്പെടാനും 2024ലേക്ക് ചൂണ്ടുപലകയാക്കാനും “ഇന്ത്യ’ മുന്നണിയെ പരമാവധി ഉപയോഗപ്പെടുത്തും എന്നായിരുന്നു ബി ജെ പി, ആര്‍ എസ് എസ് വിരുദ്ധമായി ചിന്തിക്കുന്നവരുടെയൊക്കെ പ്രതീക്ഷ. അത് ഇപ്പോഴേ പൊലിഞ്ഞു എന്നിടത്താണ് ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യം ഏറെ പ്രകടമാകുന്നത്. ബി ജെ പി കൊണ്ടുപിടിച്ച് പ്രചരിപ്പിക്കുന്നത് ഇന്ത്യ / ഭാരതം ഹിന്ദുരാജ്യമാണെന്നും അതില്‍ത്തന്നെ സവര്‍ണ മേല്‍ക്കോയ്മയാണ് രാജ്യത്തിന്റെ ഭരണചക്രം തിരിക്കേണ്ടത് എന്നുമാണ്. ചില മന്ത്രിമാരും ഉയര്‍ന്ന ബി ജെ പി, ആര്‍ എസ് എസ് നേതാക്കളില്‍ പലരും അത് പരസ്യമായിത്തന്നെ പറയുന്നുമുണ്ട്. അതുകൊണ്ട് തന്നെ അവര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടത്തില്‍ നിന്ന് അഹിന്ദുക്കളായ മറ്റു മതസ്ഥര്‍ക്ക് മാത്രമാകില്ല പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരിക. ഹിന്ദു ലേബലുകളുള്ള ദളിതുകളടക്കമുള്ള എല്ലാ താഴ്ന്ന ജാതിക്കാര്‍ക്കും ഭരണഘടന വിഭാവനം ചെയ്യുന്ന നീതിന്യായങ്ങള്‍ ലഭിക്കില്ലെന്നുറപ്പാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന യു പി അടിക്കടി അത് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നു.

അപ്പോള്‍ പിന്നെ ഇന്ത്യയെ ശരിക്കും കുട്ടിച്ചോറാക്കി മതസ്പര്‍ധയും വര്‍ഗീയ, വംശീയ കലാപങ്ങള്‍ സൃഷ്ടിച്ച് ഭീതിയും പടര്‍ത്താമെന്നു കരുതുന്ന ബി ജെ പിയെയും അവരുടെ ഭരണത്തെയും കളത്തിനു പുറത്ത് നിറുത്തുക എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരണമെങ്കില്‍ ഹിന്ദുത്വ എന്ന വ്യാജ ബിംബത്തെ അതിശക്തമായി തുറന്നു കാട്ടപ്പെടേണ്ടതുണ്ട്. അത്തരം ക്യാമ്പയിനുകളല്ല ദൗര്‍ഭാഗ്യവശാല്‍ പുതിയ പ്രതീക്ഷയുമായി കടന്നുവന്ന പ്രതിപക്ഷ കൂട്ടായ്മയായ “ഇന്ത്യ’ മുന്നണിക്കുള്ളത്. പ്രത്യേകിച്ച് അതിന് നേതൃത്വം കൊടുക്കുന്നവര്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ബി ജെ പിയും ആര്‍ എസ് എസും പ്രചരിപ്പിക്കുന്ന തീവ്ര ദേശീയതയെയും ഹൈന്ദവ സവര്‍ണ വര്‍ഗീയതയെയും രൂക്ഷമായി എതിര്‍ക്കാനല്ല മുന്നോട്ടുവരുന്നത്. അതിനെ മൃദുവത്കരിച്ചു കൊണ്ട് മോദിയെയും അമിത് ഷായെയും ഒറ്റതിരിഞ്ഞ് അക്രമിക്കുക വഴി ലക്ഷ്യം നേടാം എന്നാണവര്‍ കണക്കുകൂട്ടുന്നത്.

എതിര്‍ക്കപ്പെടേണ്ട കാതലായ കാര്യങ്ങളിലേക്ക് കടന്നുചെല്ലാന്‍ മടിക്കുകയും പ്രശ്‌നങ്ങള്‍ക്കെല്ലാം ഒന്നോ രണ്ടോ വ്യക്തികള്‍ മാത്രമാണുത്തരവാദികള്‍ എന്ന നിലയിലേക്ക് പ്രചാരണത്തെ ചുരുക്കിക്കെട്ടുകയും ചെയ്താല്‍ അത് വിപരീത ഫലങ്ങളേ സൃഷ്ടിക്കൂ. അതിന്റെ ആത്യന്തികഫലം മൃദുവര്‍ഗീയത മാത്രമല്ല, തീവ്ര മതവൈകാരികതയില്‍ അഭിരമിക്കുന്ന ഒരു ജനതയെ മതേതര പക്ഷത്തേക്ക് അടുപ്പിക്കാനാകില്ലെന്ന നഗ്നസത്യം കൂടിയായിരിക്കും. അതുപോലെ വര്‍ഗീയതക്കും സവര്‍ണതക്കും എതിരെ ശക്തമായി നിലകൊള്ളുന്ന തെക്കേ ഇന്ത്യയിലെ ദ്രാവിഡ പ്രസ്ഥാനങ്ങളെയും കേരളമടക്കമുള്ള ഇടങ്ങളില്‍ ശക്തമായ വേരോട്ടമുള്ള ഇടതുപക്ഷ ശക്തികളെയും ബംഗാളിലെ തൃണമൂലിനെയും യു പി, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ ഇടങ്ങളിലെ സമാജ് വാദി, സോഷ്യലിസ്റ്റ് പാര്‍ട്ടികളെയും ആം ആദ്മിക്ക് വേരോട്ടമുള്ളിടത്ത് അവരെയുമൊക്കി കൂട്ടിയോജിപ്പിച്ചുകൊണ്ട് അവയിലൊക്കെയുള്ള ബി ജെ പി വിരുദ്ധതയെ ഉപയോഗിക്കുകയാണ് വേണ്ടത്. “ഇന്ത്യ’ മുന്നണിയുടെ ഇതുവരെയുള്ള പോക്ക് ആ തലത്തിലല്ലെന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ മതേതരത്വവും ജനാധിപത്യവും പൂര്‍ണമായും സംരക്ഷിക്കപ്പെടാന്‍ 2024ലെ പൊതു തിരഞ്ഞെടുപ്പിലും കഴിയുമോ എന്ന് കണ്ടറിയേണ്ട സാഹചര്യമാണ് നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ യാഥാര്‍ഥ്യം. “വിപ്ലവം ഒരു വിരുന്നു സത്കാരമല്ല’ എന്ന മാവോ ചിന്ത ഏറെ പ്രസക്തമാണ്.

ഇന്ത്യയെ ഫാസിസ്റ്റ് മുക്തമാക്കുക എന്ന സങ്കീര്‍ണമായ പദ്ധതി “ഇന്ത്യ’ മുന്നണിയുടെ രൂപവത്കരണം കൊണ്ട് മാത്രം സാധ്യമാകില്ലെന്ന് അതിന്റെ സംഘാടകര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ലക്ഷ്യം കേവലം സംസ്ഥാനങ്ങളില്‍ ഒതുങ്ങി നില്‍ക്കലല്ല, മറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പില്‍ വ്യക്തമായ ആധിപത്യം നേടി ഇന്ത്യയെന്ന മതേതര ജനാധിപത്യ ഫെഡറല്‍ സംവിധാനത്തെ ഇവിടെ പുനഃപ്രതിഷ്ഠിക്കുക എന്നതായിരിക്കണം. അതിന് ആത്മാര്‍ഥമായ ശ്രമങ്ങളുണ്ടാകണമെങ്കില്‍ യോജിപ്പിന്റെ ഒരു മേഖലയിലും വിയോജിപ്പിന്റെ വിത്തുകള്‍ പാകാതിരിക്കാനുള്ള ജാഗ്രത “ഇന്ത്യ’ മുന്നണിക്കുണ്ടായേ തീരൂ. അത് സാധ്യമാകുമോ എന്ന് പരീക്ഷിക്കേണ്ടതിന്റെയും ഉത്തരവാദിത്വം ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ തന്നെയാണ് അര്‍പ്പിതമായിട്ടുള്ളത്.

Latest