russia- america
സാമ്പത്തിക ഉപരോധങ്ങളെ റഷ്യ മറികടന്നോ?
യുക്രൈനില്‍ റഷ്യ യുദ്ധം തുടങ്ങിയത് മുതല്‍ തന്നെ ലോകത്തെ വിവിധ രാജ്യങ്ങള്‍ റഷ്യക്കെതിരെ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. പ്രധാനമായും സാമ്പത്തിക മേഖലയെ ഉന്നം വെച്ചുള്ള ഉപരോധങ്ങളായതിനാല്‍ ഇത് ഒരു അപ്രഖ്യാപിത സാമ്പത്തിക യുദ്ധമായി മാറിയിരുന്നു. ഇത് റഷ്യയുടെ സമ്പദ് വ്യവസ്ഥയെ ഭാഗികമായി ബാധിക്കാന്‍ ഊക്കുള്ള ഉപരോധങ്ങളുമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച രീതിയിലുള്ള ആഘാതമൊന്നും അവിടെ സംഭവിച്ചില്ല.
അനവധി മനുഷ്യര്‍ കൊല്ലപ്പെടുകയും അതിലുപരി ആളുകളുടെ ജീവിതം കനലാക്കുകയും ചെയ്ത റഷ്യ – യുക്രൈന്‍ യുദ്ധം തുടങ്ങി ഏഴ് മാസം പിന്നിടുന്ന ഈ അവസരത്തിലാണ് മൂന്ന് ലക്ഷത്തോളം വരുന്ന കരുതല്‍ സൈനികരോട് തയ്യാറെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ തങ്ങളുടെ അപ്രമാദിത്വം നഷ്ടപ്പെട്ടത് കൊണ്ടാണ് റഷ്യ വീണ്ടും യുദ്ധത്തിന് കോപ്പുകൂട്ടുന്നത് എന്നാണ് ചില റിപോര്‍ട്ടുകള്‍ പറയുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ യുക്രൈനെ പിന്താങ്ങി റഷ്യയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പുടിന്‍ പറഞ്ഞതായും വാര്‍ത്തകളുണ്ട്്. യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇരു രാജ്യങ്ങളിലും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന് പുറമെ, ലോകത്തിലെ മറ്റു നിരവധി രാജ്യങ്ങളെ സാമ്പത്തികമായി ഈ യുദ്ധം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം, ആറ് മാസങ്ങള്‍ക്കിപ്പുറം യുക്രൈനെ അപേക്ഷിച്ച് വന്‍ ശക്തിയായ റഷ്യയുടെ സാമ്പത്തിക സ്ഥിതി എന്തായിരിക്കുമെന്ന് പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.
കൊവിഡിന്റെ പിടിയില്‍ നിന്ന് ലോകത്തെ സാമ്പത്തിക ശക്തികള്‍ നേരിയ തോതില്‍ പുരോഗതി പ്രാപിച്ചു വരുന്ന അവസരത്തിലാണ് ഈ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ ലോകത്തെ സാമ്പത്തിക സ്ഥിതി പരിശോധിച്ചും നിലനില്‍ക്കുന്ന അനിശ്ചിതത്വം കണക്കിലെടുത്തും അന്താരാഷ്ട്ര മോണിറ്ററി ഫണ്ട് ജി ഡി പി വളര്‍ച്ചാ നിരക്ക് കുറക്കുകയുണ്ടായി. ആഗോള സമ്പദ് വ്യവസ്ഥ 2022 വര്‍ഷത്തില്‍ 3.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നും എന്നാല്‍ അടുത്ത വര്‍ഷം, അതായത് 2023ല്‍ അത് 2.9 ശതമാനമായി കുറയുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. അതില്‍ തന്നെ വികസിത രാജ്യങ്ങളുടെ വളര്‍ച്ച 2022ലെ 2.5ല്‍ നിന്ന് 2023ല്‍ 1.4 ശതമാനമാകുമെന്നും പറയുന്നു. എന്നാല്‍ വികസ്വര രാജ്യങ്ങളുടേത് 2022ലെ കണക്കാക്കപ്പെടുന്ന വളര്‍ച്ചാ നിരക്കായ 3.6 ശതമാനത്തില്‍ നിന്ന് 3.9 ശതമാനമായി ഉയരുമെന്നാണ് പറയപ്പെടുന്നത്.
യുക്രൈനില്‍ റഷ്യ യുദ്ധം തുടങ്ങിയത് മുതല്‍ തന്നെ ലോകത്തെ വിവിധ രാജ്യങ്ങള്‍ റഷ്യക്കെതിരെ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. പ്രധാനമായും സാമ്പത്തിക മേഖലയെ ഉന്നം വെച്ചുള്ള ഉപരോധങ്ങളായതിനാല്‍ ഇത് ഒരു അപ്രഖ്യാപിത സാമ്പത്തിക യുദ്ധമായി മാറിയിരുന്നു. ഇത് റഷ്യയുടെ സമ്പദ് വ്യവസ്ഥയെ ഭാഗികമായി ബാധിക്കാന്‍ ഊക്കുള്ള ഉപരോധങ്ങളുമായിരുന്നു. എന്നാല്‍ ഈ കാലയളവില്‍ റഷ്യയുടെ സാമ്പത്തിക പ്രകടനം പരിശോധിച്ചാല്‍ പ്രതീക്ഷിച്ച രീതിയിലുള്ള ആഘാതമൊന്നും അവിടെ സംഭവിച്ചില്ല എന്ന് മനസ്സിലാകും. ഉപരോധം ഏര്‍പ്പെടുത്തിയ ആദ്യ ദിനങ്ങളില്‍ റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ മൂല്യം വലിയ രീതിയില്‍ താഴ്ന്നിരുന്നു. ഡോളര്‍ ഒന്നിന് 76 റൂബിള്‍ എന്നതില്‍ നിന്ന് 120 റൂബിള്‍ ആയി കൂപ്പുകുത്തി. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൂല്യത്തകര്‍ച്ചയില്‍ നിന്ന് റൂബിള്‍ കരകയറി. ഒരു ഡോളറിന് 200 റൂബിള്‍ വരെ എത്തുമെന്നൊക്കെയുള്ള പ്രവചനങ്ങളെ തെറ്റിച്ചുകൊണ്ട്, ഡോളര്‍ ഒന്നിന് 51 റൂബിള്‍ എന്ന മികച്ച നിലയിലേക്ക് തിരിച്ചുവന്നു. ഇപ്പോള്‍ ഒരു ഡോളറിന് 61 റൂബിള്‍ എന്ന രീതിയില്‍ നിലകൊള്ളുകയും ചെയ്യുന്നു. ഈ കാലയളവില്‍ തന്നെ, റഷ്യയുടെ ജി ഡി പി 10 ശതമാനം താഴോട്ട് പതിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. ഇതിനോടൊപ്പം പണപ്പെരുപ്പം 50 ശതമാനമാകുമെന്നും ചില കണക്കുകള്‍ സൂചിപ്പിച്ചിരുന്നു. ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് അവരുടെ ഏപ്രില്‍ മാസത്തെ എസ്റ്റിമേറ്റ് പ്രകാരം, റഷ്യയുടെ വളര്‍ച്ചാ നിരക്കില്‍ 8.5 ശതമാനം കുറവ് വരുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജൂലൈ മാസത്തിലെ എസ്റ്റിമേറ്റ് പ്രകാരം അത് ആറ് ശതമാനം മാത്രമായി.
എല്ലാ ലോക രാജ്യങ്ങളെയും പോലെ റഷ്യയിലും യുദ്ധാനന്തരം പണപ്പെരുപ്പം ഉയര്‍ന്ന നിരക്കിലായിരുന്നു. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് റഷ്യയിലേക്കുള്ള ചരക്കുനീക്കങ്ങള്‍ തടസ്സപ്പെടുമെന്നും മാര്‍ക്കറ്റില്‍ വസ്തുക്കളുടെ ലഭ്യതക്കുറവ് മൂലം വിലവര്‍ധന സംഭവിക്കുമെന്നുമൊക്കെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 12-13 ശതമാനം വരെ ആയിരിക്കുമെന്നാണ് സെന്‍ട്രല്‍ ബേങ്ക് ഓഫ് റഷ്യന്‍ ഫെഡറേഷന്‍ പറയുന്നത്. വീണ്ടും യുദ്ധവുമായി തുടര്‍ന്നു പോകാനാണ് റഷ്യയുടെ തീരുമാനമെങ്കില്‍ പ്രതികൂല സാഹചര്യം ഉടലെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഈ കാലയളവില്‍ തന്നെ ഇന്ത്യയുമായുള്ള റഷ്യയുടെ വ്യാപാര ബന്ധങ്ങള്‍ എടുത്തുപറയേണ്ടതാണ്. ഇന്ത്യക്ക് ആവശ്യമായ എണ്ണ റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ലഭിച്ചപ്പോള്‍ അവ രണ്ട് കൈയും നീട്ടി സ്വീകരിക്കുകയുണ്ടായി രാജ്യം. യുദ്ധത്തിന് മുമ്പ് റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണയുടെ ഇറക്കുമതി രണ്ട് ശതമാനമായിരുന്നെങ്കില്‍ യുദ്ധത്തിന് ശേഷം അത് 14-20 ശതമാനം വരെ ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയില്‍ നിന്ന് 20 ശതമാനം കുറഞ്ഞ നിരക്കിലാണ് റഷ്യയില്‍ നിന്ന് ഇന്ത്യ ഇപ്പോള്‍ എണ്ണ വ്യാപാരം ചെയ്യുന്നത്. ചില റിപോര്‍ട്ടുകള്‍ പ്രകാരം ജനുവരി മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ റഷ്യയില്‍ നിന്ന് ദിനേന 682 ലക്ഷം ബാരല്‍ എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. മുന്‍ വര്‍ഷത്തില്‍ ഇത് വെറും 22,000 ബാരല്‍ മാത്രമായിരുന്നു.
റഷ്യയില്‍ നിന്ന് ഇപ്പോള്‍ കൃഷി ആവശ്യത്തിനുള്ള വളങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. വളത്തിന്റെ ഇറക്കുമതി മുമ്പ് ആറ് ശതമാനമായിരുന്നുവെങ്കില്‍ യുദ്ധത്തിന് ശേഷം അത് 20 ശതമാനത്തിലേറെയാണ്. ആഗോള വിപണി വിലയേക്കാളും 20 ശതമാനം കുറഞ്ഞ നിരക്കിലാണ് റഷ്യ വളങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. എണ്ണക്കും വളത്തിനും പുറമെ റഷ്യയില്‍ നിന്ന് ഇപ്പോള്‍ കല്‍ക്കരി, സൂര്യകാന്തി വിത്ത്, വജ്രം തുടങ്ങിയവയും ഇറക്കുമതി ചെയ്യുന്നുണ്ട്. പുതിയ പഠനങ്ങള്‍ പ്രകാരം ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാര ബന്ധത്തിന്റെ ഭാഗമായി, ഇന്ത്യന്‍ രൂപാ കേന്ദ്രീകൃത വ്യവസ്ഥയില്‍ ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍, രാസവസ്തുക്കള്‍, വ്യാവസായിക ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫര്‍ണീച്ചറുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യാന്‍ റഷ്യയും തീരുമാനിച്ചിട്ടുണ്ട്.
അമേരിക്ക, യൂറോപ്പ് മേഖലയുമായുള്ള റഷ്യയുടെ ഈ കാലയളവിലെ ബന്ധവും എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ ആറ് മാസത്തെ യു എസ് ട്രേഡ് ഡാറ്റാ പ്രകാരം റഷ്യയില്‍ നിന്നുള്ള ചില ഉത്പന്നങ്ങളുടെ ഇറക്കുമതി കുറഞ്ഞിട്ടുണ്ട്്. എന്നാല്‍ വളം, റബ്ബര്‍, സമുദ്ര ഉത്പന്നങ്ങള്‍, തടി- അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി ഉയരുകയാണുണ്ടായത്. യൂറോപ്യന്‍ യൂനിയനുമായുള്ള എണ്ണ വ്യാപാരം ഈ കാലയളവില്‍ കുറഞ്ഞെങ്കിലും മറ്റു വസ്തുക്കളുടെ വ്യാപാരം കൂടുകയാണ് ചെയ്തത്. സഊദി അറേബ്യ തങ്ങളുടെ വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ എണ്ണ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയും ക്രൂഡ് ഓയില്‍ ഉയര്‍ന്ന വിലക്ക് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തു. റോയിട്ടേഴ്‌സ് റിപോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം സഊദി റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത എണ്ണയേക്കാള്‍ പാതിമടങ്ങ് കൂടുതലാണ് ഈ വര്‍ഷത്തെ ഇറക്കുമതി.
ചുരുക്കത്തില്‍, വിവിധ ലോക സാമ്പത്തിക ശക്തികളുമായുള്ള റഷ്യയുടെ ബന്ധവും നയതന്ത്ര വിലപേശലുകളും കാരണമായി ഈ യുദ്ധ കാലത്തും റഷ്യന്‍ സമ്പദ് വ്യവസ്ഥ സാരമായ പരുക്കുകളില്ലാതെ മുന്നേറുകയാണ്.