articles
പഞ്ചായത്ത് രാജ് ലക്ഷ്യം കണ്ടോ?
പഞ്ചായത്ത് രാജ് സംവിധാനത്തില്‍ ജനപങ്കാളിത്തത്തിന് വലിയ പ്രാധാന്യമുള്ളതിനാല്‍ കേവലം ഹാജറിനപ്പുറമുള്ള പങ്കാളിത്തവും ഇടപെടലുകളും ഉണ്ടായാല്‍ മാത്രമേ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള പ്രാദേശിക ഭരണകൂട സംവിധാനം സാര്‍ഥകമാകുകയുള്ളൂ.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് ഉത്ഭവിച്ച രാഷ്ട്രീയ വ്യവസ്ഥയാണ് പഞ്ചായത്ത് രാജ്. അധികാരം ജനങ്ങളിലേക്ക് എന്ന ആശയമാണ് ഇതിന്റെ അടിസ്ഥാന ശില. ഓരോ ഗ്രാമവും സ്വയം പര്യാപ്തമാകുക എന്ന മഹാത്മജിയുടെ ലക്ഷ്യമാണ് പഞ്ചായത്ത് രാജിന്റെ പ്രചോദനം.
ചരിത്രം
സ്വാതന്ത്ര്യാനന്തരം ഉണ്ടായതല്ല പഞ്ചായത്ത് രാജ്. അതിന് മുമ്പ് തന്നെ അത് രാജ്യത്ത് നിലവിലുണ്ട്. പഞ്ചായത്ത് എന്നാല്‍ അഞ്ചംഗ സമിതി എന്നും രാജ് എന്നാല്‍ ഭരണം എന്നുമാണ് വിവക്ഷിക്കുന്നത്. ബ്രിട്ടീഷുകാരുടെ വരവോടെ രാജ്യത്ത് നിലനിന്നിരുന്ന പ്രാദേശിക ഭരണ സംവിധാനങ്ങള്‍ ക്ഷയിച്ച് തുടങ്ങിയെങ്കിലും 1870ലെ മായോ പ്രഭുവിന്റെ പ്രമേയം പ്രാദേശിക ഭരണകൂട സംവിധാനത്തിന് പുതിയ ഊര്‍ജം ലഭിക്കുന്നതിന് കാരണമായി. 1882ല്‍ പ്രാദേശിക ഭരണ സംവിധാനത്തില്‍ കൂടുതല്‍ പേരെ തിരഞ്ഞെടുക്കുന്നതിന് ലോര്‍ഡ് റിപ്പണ്‍ തുടക്കമിട്ട പ്രക്രിയ ഇന്ത്യന്‍ പ്രാദേശിക ഭരണകൂടങ്ങളുടെ മാഗ്‌നാ കാര്‍ട്ടയായി മാറി. 1907ല്‍ റോയല്‍ കമ്മീഷന്‍ പ്രഖ്യാപനത്തോടെ പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവര്‍ത്തനത്തില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ പൂര്‍ണമായും ഇല്ലാതായി. 1919ലെ മൊണ്ടേഗു ചെംസ് ഫോര്‍ഡ് പരിഷ്‌കാരത്തോടെ പ്രാദേശിക ഭരണകൂടങ്ങളുടെ നിയന്ത്രണം പ്രവിശ്യകള്‍ക്ക് കൈമാറുകയും 1925ല്‍ എട്ട് പ്രവിശ്യകള്‍ പഞ്ചായത്ത് രാജ് നിയമം ഉണ്ടാക്കുകയും ചെയ്തതോടെ പഞ്ചായത്ത് രാജ് സംവിധാനം രാജ്യത്ത് സാര്‍വത്രികമായി. ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായിരുന്ന ചാള്‍സ് മെറ്റ് കാള്‍ഫ് ഇന്ത്യന്‍ വില്ലേജുകളെ “ലിറ്റില്‍ റിപബ്ലിക്ക്’ എന്ന് വിശേഷിപ്പിച്ചത് അന്നുണ്ടായിരുന്ന പ്രാദേശിക ഭരണകൂടങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്നു.
സ്വതന്ത്ര ഇന്ത്യയിൽ
സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരുന്ന വ്യത്യസ്ത സാമൂഹിക വികസന പദ്ധതികളെക്കുറിച്ച് പഠിക്കുന്നതിന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1957 ജനുവരിയില്‍ ബല്‍വന്ത് റായ് മേത്തയെ ചുമതലപ്പെടുത്തി. ഇത് ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനങ്ങളുടെ ആരംഭത്തിന് കാരണമായി. കേന്ദ്രം നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ ഉണ്ടാകണമെന്ന് മേത്ത കമ്മിറ്റി റിപോര്‍ട്ട് ചെയ്തു. 1959ല്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്ത് രാജസ്ഥാനിലെ നൗഗരില്‍ പിറന്നു. ഇന്ന് രാജ്യത്ത് 2,55,536 ഗ്രാമപഞ്ചായത്തുകളും 6,742 ബ്ലോക്ക് പഞ്ചായത്തുകളും 665 ജില്ലാ പഞ്ചായത്തുകളുമുണ്ട്.
അടിയന്തരാവസ്ഥക്ക് ശേഷം അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാര്‍ 1977ല്‍ പഞ്ചായത്ത് രാജ് സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ അശോക മേത്ത കമ്മിറ്റിയെ ചുമതല പ്പെടുത്തുകയും ദ്വിതല (ടു ടയര്‍) പഞ്ചായത്ത് രാജ് സംവിധാനം വേണമെന്ന് അദ്ദേഹം ശിപാര്‍ശ ചെയ്യുകയും കേരളവും കര്‍ണാടകവും ഇത് ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു. 1985ല്‍ രാജീവ് ഗാന്ധി നിയമിച്ച എല്‍ എം സാംഗ്‌വി കമ്മിറ്റിയാണ് രാജ്യത്തുള്ള പഞ്ചായത്ത് രാജ് സംവിധാനത്തിന് ഭരണഘടനാ പിന്തുണയില്ല എന്ന കാര്യം ചൂണ്ടിക്കാണിച്ചത്. ഭരണഘടനാ നിര്‍മാണ സമയത്ത് പഞ്ചായത്തുകളെ കുറിച്ച് നിയമങ്ങളില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഡോ. അംബേദ്കര്‍ മേല്‍ജാതിക്കാരുടെ വിളനിലമായ പഞ്ചായത്ത് സംവിധാനത്തെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിന് തയ്യാറായില്ല. തുടര്‍ന്നാണ് നടപ്പാക്കാന്‍ നിര്‍ബന്ധമില്ലാത്ത നിര്‍ദേശക തത്ത്വത്തില്‍ അനുഛേദം 40 ആയി വില്ലേജ് പഞ്ചായത്തുകളെ കുറിച്ച് പ്രതിപാദിച്ചത്.
2025ന്റെ പ്രതീക്ഷ
2025ല്‍ കേരളമടക്കം രാജ്യത്തെ എട്ട് പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. 2030ല്‍ ലോകം നേടാന്‍ ഉദ്ദേശിക്കുന്ന 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒമ്പത് എണ്ണവും പഞ്ചായത്ത് രാജ് സംവിധാനങ്ങളുടെ ചുമതലയില്‍ വരുന്നതാണ്. സുസ്ഥിര വികസന ലക്ഷ്യം നേടല്‍, ഡിജിറ്റല്‍ സാക്ഷരത, ഗ്രാമസഭാ പങ്കാളിത്തം വര്‍ധിപ്പിക്കല്‍, ശുചിത്വപൂര്‍ണമായ ചുറ്റുപാട്, ഗ്രാമീണാരോഗ്യം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നീ മേഖലകളില്‍ ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട് എന്ന് 2025ലെ ദേശീയ പഞ്ചായത്ത് ദിനം രാജ്യത്തെ ത്രിതല പഞ്ചായത്തുകളെ ഓര്‍മപ്പെടുത്തുന്നു.
മുമ്പേ നടന്ന് കേരളം
രാജ്യത്തെ പഞ്ചായത്ത് രാജ് സംവിധാനങ്ങള്‍ക്ക് ദിശാബോധം ലഭിക്കുന്ന രീതിയിലുള്ള ഇടപെടലാണ് കേരളം നടത്തിപ്പോന്നിട്ടുള്ളത്. 1960ല്‍ കേരളത്തില്‍ പഞ്ചായത്ത് രാജ് സംവിധാനങ്ങള്‍ക്ക് തുടക്കമിടുകയും 1963 ഡിസംബറില്‍ കേരളത്തില്‍ ആദ്യമായി പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ഭരണഘടനാ ഭേദഗതിയെ തുടര്‍ന്ന് 1995 മുതല്‍ അഞ്ച് വര്‍ഷ ഇടവേളകളില്‍ കേരളത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നുവരുന്നു.
1996 ആഗസ്റ്റ് 15ന് ജനകീയാസൂത്രണ പദ്ധതി ആരംഭിച്ചതോടെ ജനപങ്കാളിത്ത ഭരണത്തിന് ആവേശോജ്വലമായ സ്വീകാര്യത കേരളത്തില്‍ ലഭിച്ചു. കേരളത്തിലെ പഞ്ചായത്ത് രാജ് നിയമത്തില്‍ മൂന്നാം പട്ടികയില്‍ 27 അനിവാര്യ ചുമതലകളും 14 പൊതുചുമതലകളും 76 വിഷയ മേഖലാ ചുമതലകളും അടക്കം 117 ഉത്തരവാദിത്വങ്ങള്‍ പഞ്ചായത്തുകള്‍ക്ക് നല്‍കുകയും അതിനാവശ്യമായ ഫണ്ട് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിലൂടെ കേരളം പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ചാമ്പ്യനായി മാറി.
അതിദാരിദ്ര്യം പൂര്‍ണമായും തുടച്ചുനീക്കാന്‍ പോകുന്നതും ദാരിദ്ര്യം ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിച്ചതും ആയുര്‍ദൈര്‍ഘ്യം കൂടിയതും ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തിയതും പ്രാഥമിക വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കിയതും കുടുംബശ്രീയുടെ പ്രവര്‍ത്തനത്തെ പരിപോഷിപ്പിച്ചതും തൊഴിലുറപ്പ് പദ്ധതിയെ മാതൃകാ പദ്ധതിയാക്കി മാറ്റിയതും കേരളത്തിലെ പഞ്ചായത്തുകളുടെ അഭിമാനകരമായ പ്രവര്‍ത്തനത്തിന്റെ തെളിവുകളാണ്. കേരളത്തില്‍ പഞ്ചായത്ത് രാജ് സംവിധാനം ആരംഭിച്ചപ്പോള്‍ 922 ഗ്രാമപഞ്ചായത്തുകളാണ് ഉണ്ടായിരുന്നത്. ഭരണഘടനാ ഭേദഗതിക്ക് ശേഷം 1994ല്‍ 991ഉം നിലവില്‍ 941ഉം ഗ്രാമപഞ്ചായത്തുകളാണ് കേരളത്തിലുള്ളത്. പഞ്ചായത്ത് രാജ് സംവിധാനത്തില്‍ ജനപങ്കാളിത്തത്തിന് വലിയ പ്രാധാന്യമുള്ളതിനാല്‍ കേവലം ഹാജറിനപ്പുറമുള്ള പങ്കാളിത്തവും ഇടപെടലുകളും ഉണ്ടായാല്‍ മാത്രമേ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള പ്രാദേശിക ഭരണകൂട സംവിധാനം സാര്‍ഥകമാകുകയുള്ളൂ.
മാലിന്യം ഒരു വലിയ സാമൂഹിക പ്രശ്‌നമായിത്തീര്‍ന്ന ഘട്ടത്തിലാണ് 2025ലെ ദേശീയ പഞ്ചായത്ത് ദിനം ആഘോഷിക്കുന്നത്. ന്യൂജെന്‍ പ്രശ്‌നങ്ങള്‍ വലിയ രീതിയില്‍ ഉടലെടുക്കുകയും യുവസമൂഹം ചെറിയ രീതിയില്‍ അബദ്ധസഞ്ചാരം നടത്തുകയും ചെയ്യുന്ന ഘട്ടത്തില്‍ കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പഞ്ചായത്തുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. സാമ്പ്രദായിക പ്രശ്‌നങ്ങള്‍ക്കും ചിന്തകള്‍ക്കും ഇടപെടലുകള്‍ക്കും അപ്പുറം വലിയ രീതിയില്‍ വളര്‍ന്നുവന്ന പുതിയ സാമൂഹിക പ്രശ്‌നങ്ങളെ കാണാതെ പോകുന്നത് പുതുതലമുറയോട് ചെയ്യുന്ന വലിയ പാതകമായിരിക്കും. യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാനും അവര്‍ക്കൊപ്പം ഇടകലര്‍ന്ന് പ്രവര്‍ത്തിക്കാനും പഞ്ചായത്തുകള്‍ സമയം കണ്ടെത്തേണ്ടതുണ്ട്. സംസ്ഥാനത്ത് കെ സ്മാര്‍ട്ട് അടക്കമുള്ള സംവിധാനങ്ങള്‍ പരിപൂര്‍ണമാകുന്ന ഘട്ടത്തിലാണ് 2025ലെ ദേശീയ പഞ്ചായത്ത് ദിനം ആഘോഷിക്കുന്നത്.
പ്രകൃതിദുരന്തങ്ങള്‍ കൊണ്ട് വിറങ്ങലിച്ച് നില്‍ക്കുന്ന ഘട്ടത്തില്‍ ചുറ്റുപാടുകളെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതുപോലുള്ള നൂതന പദ്ധതികള്‍ ഏറ്റെടുത്ത് നിലവിലുള്ള മനുഷ്യരുടെ ജീവിതാവസ്ഥയില്‍ മാറ്റം ഉണ്ടാക്കാന്‍ പഞ്ചായത്തുകള്‍ മുന്നോട്ട് വന്നാലേ 2025ലെ ദേശീയ പഞ്ചായത്ത് ദിനാഘോഷം അര്‍ഥപൂര്‍ണമാകുകയുള്ളൂ.