Connect with us

From the print

ഹസൻ നസ്‌റുല്ല; ഹിസ്ബുല്ലയെ രാഷ്ട്രേതര ശക്തിയാക്കിയ നേതാവ്

32ാം വയസ്സിൽ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലായി • ഇറാൻ താത്പര്യങ്ങൾക്കായി നില കൊണ്ട നേതാവെന്ന് വിമർശം

Published

|

Last Updated

ബെയ്‌റൂത്ത് | ഇസ്‌റാഈലിനെതിരെ ചെറുത്തുനിൽപ്പ് നടത്തി മരണം വരിച്ച ലബനാനിലെ ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റുല്ലയുടെ ജനപ്രീതി കേവലം ലബനാനിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. 2006ലെ ഇസ്‌റാഈലുമായുള്ള യുദ്ധത്തിന് ശേഷമാണ് നസ്‌റുല്ലയുടെ ഖ്യാതി ലബനാന് പുറത്തേക്കും പടർന്നത്. ഇറാന്റെ പിന്തുണയോടെ ഇസ്‌റാഈലിനെതിരെ വലിയ ചെറുത്തുനിൽപ്പാണ് നസ്‌റുല്ലയുടെ നേതൃത്വത്തിൽ ഹിസ്ബുല്ല നടത്തിയത്. പ്രാദേശിക സ്വാധീനമുള്ള സൈനിക ശക്തിയായി ഹിസ്ബുല്ലയെ മാറ്റിയതിൽ നസ്‌റുല്ലയുടെ പങ്ക് നിർണായകമായിരുന്നു.

1982ൽ ലബനാനിലെ ഇസ്‌റാഈൽ അധിനിവേശത്തെത്തുടർന്നാണ് ഹിസ്ബുല്ല പിറവിയെടുക്കുന്നത്. അന്ന് മുതൽ സംഘടനയുമായി നസ്‌റുല്ല ബന്ധപ്പെട്ടിരുന്നു. 1992ൽ, സംഘടനയെ ഒരു രാഷ്ട്രീയ- സൈനിക ശക്തിയാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം നേതാവായി ചുമതലയേറ്റു. 32ാം വയസ്സിലാണ് ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലാകുന്നത്.
പിന്നീട് ഹിസ്ബുല്ലയുടെ പരമോന്നത തീരുമാനങ്ങളെല്ലാം നസ്‌റുല്ലയുടേതായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ ഹിസ്ബുല്ല ലബനാനിൽ രാഷ്ട്രീയ നിയമസാധുത നേടി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രേതര ശക്തിയായി ഹിസ്ബുല്ലയെ കെട്ടിപ്പടുത്തത് നസ്റുല്ലയുടെ നേതൃത്വത്തിലായിരുന്നു. എന്നാൽ, സിറിയയിൽ ബശർ അൽ അസദിന്റെ ഭരണത്തിന് ഭീഷണിയായ പ്രക്ഷോഭകരെ ഒതുക്കാൻ ദമസ്കസിലേക്ക് പോരാളികളെ അയച്ചതോടെ നസ്‌റുല്ലയെ പല അറബ് രാജ്യങ്ങളടക്കം മാറ്റിനിർത്തിത്തുടങ്ങി. ചെറുത്തുനിൽപ്പ് പ്രസ്ഥാനത്തിന്റെ നേതാവ് എന്നതിനപ്പുറം ഇറാനിയൻ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ശിയാ പാർട്ടിയുടെ നേതാവായി നസ്‌റുല്ല മാറി. നിരവധി അറബ് രാഷ്ട്രങ്ങൾ നസ്‌റുല്ലക്കെതിരെ വിമർശമുന്നയിച്ചിരുന്നു. എന്നാൽ അറബ് രാഷ്ട്രങ്ങളുടെയടക്കം വിമർശങ്ങൾക്കിടയിലും ഇറാഖ്, സിറിയ, യമൻ എന്നിവിടങ്ങളിലെ സായുധ പോരാളികൾക്ക് സൈനികമായും അല്ലാതെയും ഹസൻ നസ്‌റുല്ല പിന്തുണ നൽകി.

കുട്ടിക്കാലം
1960 ആഗസ്റ്റ് 31ന് ലബനാനിലെ ബുർജ് ഹമ്മൂദിലാണ് ഹസൻ നസ്‌റുല്ലയുടെ ജനനം. എട്ട് സഹോദരങ്ങളായിരുന്നു അദ്ദേഹത്തിന്. നസ്‌റുല്ലയുടെ ചെറുപ്പത്തിലേ കുടുംബം ബെയ്റൂത്തിലേക്ക് കുടിയേറിപ്പാർത്തിരുന്നു. പലചരക്ക് വ്യാപാരമായിരുന്നു പിതാവിന്. കിഴക്കൻ ബെയ്‌റൂത്തിലെ രാഷ്ട്രീയത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. ബെയ്‌റൂത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അന്നേ വായനയിൽ വലിയ താത്പര്യമായിരുന്നു അദ്ദേഹത്തിന്. ബെയ്‌റൂത്ത് നഗരത്തിലെ തെരുവുകളിൽ സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ വിൽക്കുന്ന കടകളിലേക്ക് അദ്ദേഹം നടന്നുപോയി നിരവധി പുസ്തകങ്ങൾ വായിക്കുമായിരുന്നു. ശിയാ പണ്ഡിതനായ മൂസ അൽ സദ്‌റിന്റെ പുസ്തകങ്ങൾ അദ്ദേഹത്തെ ആകർഷിച്ചിരുന്നു. ലബനാനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ബാസൂരിയ്യയിലേക്ക് താമസം മാറ്റി.

ജനകീയ പിന്തുണ
ലബനാനിലെ ശിയാ മേഖലകളിൽ സ്‌കൂളുകളും ആശുപത്രികളും കെട്ടിപ്പടുക്കുന്നതിന് മുന്നിട്ടിറങ്ങിയതോടെ ലബനാനിലുടനീളം നസ്‌റുല്ലക്ക് വലിയ പിന്തുണ ലഭിച്ചു. 1992ൽ ഹിസ്ബുല്ല പ്രതിനിധികൾ പാർലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കന്നി പോരാട്ടത്തിൽ തന്നെ ഹിസ്ബുല്ലക്ക് 12 സീറ്റുകൾ ലഭിച്ചു. 2005 ആയപ്പോഴേക്കും മന്ത്രിസ്ഥാനങ്ങളും ലഭിച്ചു. 2018ലെ പാർലിമെന്ററി തിരഞ്ഞെടുപ്പിൽ 3.40 ലക്ഷം മുൻഗണനാ വോട്ടുകളാണ് ഹിസ്ബുല്ല നേടിയത്. ലബനാന്റെ സ്വാതന്ത്ര്യത്തിന് ശേഷം ഒരു പാർട്ടി നേടുന്ന ഏറ്റവും വലിയ വോട്ടായിരുന്നു ഇത്.

സൈനിക ശക്തി
ഒരു ഇടത്തരം രാജ്യത്തിന്റെ സൈന്യത്തിന് സമാനമായിരുന്നു ഹിസ്ബുല്ലയുടെ ആയുധശേഷി. ഇറാനിയൻ നിർമിത ഫജർ-5, സെൽസാൽ-2 റോക്കറ്റുകൾ ഉൾപ്പെടെ 150,000ത്തിലധികം റോക്കറ്റുകളും മിസൈലുകളും ഹിസ്ബുല്ലക്കുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ആന്റിഷിപ്പ്, ടാങ്ക് വിരുദ്ധ മിസൈലുകൾ, റോക്കറ്റുകൾ, ആളില്ലാ വിമാന സംവിധാനങ്ങൾ എന്നിവയുൾപ്പെടെ വലിയ സൈനിക ശക്തിയാണ് നസ്‌റുല്ലക്ക് കീഴിൽ ഹിസ്ബുല്ല കൈവരിച്ചത്.
18 വർഷം നീണ്ട അധിനിവേശത്തിനൊടുവിൽ 2000ത്തിൽ തെക്കൻ ലബനാനിൽ നിന്ന് ഇസ്‌റാഈൽ സൈന്യത്തെ ഹിസ്ബുല്ല പോരാളികൾ തുരത്തുമ്പോൾ നായകൻ ഹസൻ നസ്‌റുല്ലയായിരുന്നു.
അമേരിക്ക, ബ്രിട്ടൻ, കാനഡ, അർജന്റീന, കൊളംബിയ, ജർമനി, ഹോണ്ടുറാസ്, ഇസ്‌റാഈൽ, നെതർലാൻഡ്‌സ്, പരാഗ്വെ തുടങ്ങിയ രാജ്യങ്ങൾ ഹിസ്ബുല്ലയെ ആഗോള തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

ശക്തരായ ശത്രുക്കൾ
അമേരിക്കയും ഇസ്‌റാഈലുമടക്കമുള്ള ശക്തരായ ശത്രുക്കൾക്കെതിരെ ഭീഷണിയുടെ സ്വരത്തിൽ തന്നെയായിരുന്നു എന്നും നസ്‌റുല്ലയുടെ സമീപനം. ഗസ്സയിലെ ഇസ്‌റാഈൽ അധിനിവേശത്തെ തുടർന്ന് മെഡിറ്ററേനിയൻ സമുദ്രത്തിൽ യു എസ് പടക്കപ്പലുകൾ നിലയുറപ്പിച്ചപ്പോൾ, നിങ്ങളെ നേരിടാൻ ഞങ്ങളും തയ്യാറെന്ന് നസ്‌റുല്ല പ്രഖ്യാപിച്ചു.
2020ൽ ഇറാഖിൽ ഡ്രോൺ ആക്രമണത്തിൽ ഇറാൻ സൈനിക ജനറൽ കൊല്ലപ്പെട്ടപ്പോൾ, ശവപ്പെട്ടികളിലല്ലാതെ യു എസ് സൈനികർ പ്രദേശം വിട്ടുപോകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യമനിൽ ഹൂതികൾക്കെതിരായ സായുധ ഇടപെടലിൽ സഊദി അറേബ്യക്കെതിരെ നസ്‌റുല്ല കടുത്ത നിലപാട് പ്രഖ്യാപിച്ചു. 2019ൽ സഊദിയിലെ എണ്ണ ശേഖരങ്ങൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തിയപ്പോൾ, യമൻ യുദ്ധത്തിൽ നിന്ന് സഊദിയും യു എ ഇയും പിന്മാറണമെന്ന് നസ്‌റുല്ല ആവശ്യപ്പെട്ടു.

കുടുംബം
ഭാര്യയും മൂന്ന് ആൺമക്കളും ഒരു മകളും അടങ്ങുന്നതായിരുന്നു നസ്‌റുല്ലയുടെ കുടുംബം. മൂത്ത മകൻ മുഹമ്മദ് ഹാദി 1997ൽ ഇസ്‌റാഈൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ബെയ്‌റൂത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് മകൾ സൈനബ് കൊല്ലപ്പെട്ടത്.

---- facebook comment plugin here -----

Latest