Editors Pick
ഹസ്സൻ നസ്റുല്ല: ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം; ഒടുവിൽ സയണിസ്റ്റ് ഭീകരതയുടെ ഇര
1985ൽ ഹിസ്‌ബുല്ല രൂപീകൃതമായി. ഇസ്റാഈലിനും അവർക്കു പിന്തുണ നൽകുന്ന പാശ്‌ചാത്യൻ ശക്തികൾക്കുമെതിരെ സമരം നയിക്കുക എന്നതായിരുന്നു പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. ശൈഖ് സുബ്‌ഹിക്കും അബ്ബാസ് മൂസവിക്കും ശേഷം ഹിസ്ബുല്ലയുടെ മുഖ്യകാര്യദർശി –ജനറൽ സെക്രട്ടറി- പദവി ഏറ്റെടുത്ത ഹസൻ നസ്‌റുല്ല മിലിട്ടറി കമാന്റർ എന്ന നിലയിൽ ശക്തമായ മുന്നേറ്റമാണ് നടത്തിയത്.
ബെയ്റൂത്ത് | ലബനാനിലെ പോരാളി ഗ്രൂപ്പായ ഹിസ്ബുല്ലയുടെ അനിഷേധ്യനായ അമരക്കാരനായിരുന്നു കൊല്ലപ്പെട്ട ഹസൻ നസ്റുല്ല. മൂന്ന് പതിറ്റാണ്ടിലേറെയായി നസ്റുല്ലയാണ് ഹിസ്ബുല്ലയെ നയിക്കുന്നത്. മേഖലയിൽ ഒരു രാഷ്ട്രീയ-സമര ഗ്രൂപ്പായി സംഘടനയെ സ്ഥാപിക്കുന്നതിൽ നിർണായക പങ്കാണ് അദ്ദേഹം വഹിച്ചത്.
1960ൽ ലെബനനിലെ സൂർ പട്ടണത്തിന് 10 കിലോമീറ്റർ കിഴക്ക് ബാസൂരിയ്യയിലാണ് നസ്റുല്ലയുടെ ജനനം. നസ്‌റുല്ലയുടെ ചെറുപ്പത്തിലേ കുടുംബം ദാരിദ്ര്യം കാരണം തൊഴിലന്വേഷിച്ച് തലസ്ഥാന നഗരിയായ ബെയ്‌റൂത്തിലേക്ക് കുടിയേറിപ്പാർത്തിരുന്നു. ബെയ്‌റൂത്തിലെ കരന്തീനാ പ്രവിശ്യയിലായിരുന്നു ബാല്യത്തിന്റെ ഏറിയ പങ്കും കഴിച്ചു കൂട്ടിയത്. പച്ചക്കറിയും പഴവും വിറ്റ് കുടുംബം പുലർത്തിയിരുന്ന പിതാവിനെ കൊച്ചു കുട്ടിയായിരുന്ന ഹസൻ നസ്‌റുല്ല സഹായിക്കുമായിരുന്നു.
കരന്തീനയിലെ അന്നജാഹ് സ്കൂളിലും സിന്നുൽഫീൽ സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ലെബനനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കുടുംബത്തോടൊപ്പം ബാസൂരിയ്യയിലെ തറവാട്ടു വീട്ടിലേക്ക് താമസം മാറ്റി. ബാസൂരിയ്യയിൽ വിദ്യാർത്ഥിയായിരിക്കെ മൂസാ സദ്‌ർ സ്ഥാപിച്ച അമൽ പ്രസ്ഥാനത്തിൽ ചേർന്ന് രാഷ്ട്രീയജീവിതത്തിനു തുടക്കം കുറിച്ചു. ലബനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ബാസൂരിയ്യയിൽ നസ്‌റുല്ല അമലിന്റേയും അതിന്റെ തന്നെ വിംഗായ ഹറക്കത്തുൽ മർഹൂമീനിന്റേയും പ്രാദേശികതല നേതൃത്വത്തിലെത്തി.
ഇതിനിടെ മതപഠനത്തിനായി സൂർ പള്ളിയിലെ ഇമാം മുഹമ്മദ് അൽ ഗറാവിയുടെ ശുപാർശക്കത്തുമായി ഇറാഖിലെ നജഫിലേക്ക് തിരിച്ചു. ശിയാ മുസ്ലീംകളുടെ പുണ്യകേന്ദ്രമായ നജഫിൽ വെച്ച് മുഹമ്മദ് ബാഖിർ സദ്‌റുമായും ലബനാനിലെ അബ്ബാസ് മൂസവിയുമായും പരിചയപ്പെട്ടു. പിന്നീട് അബ്ബാസ് മൂസവിയോടൊത്തു ചേർന്നാണ് ഹസൻ നസ്‌റുല്ല ഹിസ്‌ബുല്ല കെട്ടിപ്പടുക്കുന്നത്.
ഇറാഖിലെ ബാത്തിസ്റ്റ് ഭരണകൂടം മതവിദ്യാർത്ഥികളെ തുടർച്ചയായി വേട്ടയാടാനരംഭിച്ചതോടെ നസ്‌റുല്ല നജഫിൽ നിന്നും സ്വദേശത്തേക്ക് മടങ്ങി. അബ്ബാസ് മൂസവി തന്നെ ലെബനനിലെ ബഅൽബക്കിൽ ശിയാ പഠനകേന്ദ്രം സ്ഥാപിച്ചതോടെ തുടർപഠനം അവിടെയായി.
പഠനം പൂർത്തിയാക്കിയ ശേഷം അമലിന്റെ മുഴുസമയ പ്രവർത്തകനായെങ്കിലും പുതിയ നേതൃത്വത്തിന്റെ നിലപാട് മാറ്റങ്ങളോട് പൊരുത്തപ്പെടാനാകാതെ പാർട്ടിയോടകന്നു തുടങ്ങി. ഇതിനിടെ നജഫിൽ ആയത്തുല്ല മുഹമ്മദ് ബാഖിർ സദ്‌റിന്റെ മേൽനോട്ടത്തിൽ രൂപവത്കരിക്കപ്പെട്ട ദഅവാ പാർട്ടിയുടെ സമാന്തര സംഘടന ലബനാനിൽ രൂപം കൊണ്ടു. ഇതോടെ നസ്‌റുല്ലയും അബ്ബാസ് മൂസവിയും അമലുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിച്ചു.
1982 ജൂണിൽ ലെബനനിൽ ഇസ്റാഈലി അധിനിവേശമുണ്ടായപ്പോൾ അധിനിവേശത്തിനെതിരെ പൊരുതാനും ലെബനനിൽ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിക്കാനും വിപ്ലവപ്രസ്ഥാനം രൂപവൽക്കരിക്കാൻ കിഴക്കൻ ലെബനനിലെ ബിഖാ താഴ്‌വരയിലേക്ക് ഇറാൻ ഒട്ടേറെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡുകളെ അയച്ചു. റവല്യൂഷനറി ജസ്റ്റിസ് ഓർഗനൈസേഷൻ, ഇസ്ലാമിക് ജിഹാദ്, ഓർഗനൈസേഷൻ ഒഫ് ദ ഒപ്പ്രസ്സ്ഡ് ഓൺ ദ എർത്ത് തുടങ്ങിയ സംഘടനകൾ ഇതിന്റെ ഭാഗമായി രൂപം കൊണ്ടു. 1982 മുതൽ 1984 വരേ ചാവേർ ആക്രമണങ്ങൾ നടത്തിയിരുന്നത് ഈ പേരുകളിലായിരുന്നു.
1985ൽ ഹിസ്‌ബുല്ല രൂപീകൃതമായി. ഇസ്റാഈലിനും അവർക്കു പിന്തുണ നൽകുന്ന പാശ്‌ചാത്യൻ ശക്തികൾക്കുമെതിരെ സമരം നയിക്കുക എന്നതായിരുന്നു പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. ശൈഖ് സുബ്‌ഹിക്കും അബ്ബാസ് മൂസവിക്കും ശേഷം ഹിസ്ബുല്ലയുടെ മുഖ്യകാര്യദർശി –ജനറൽ സെക്രട്ടറി- പദവി ഏറ്റെടുത്ത ഹസൻ നസ്‌റുല്ല മിലിട്ടറി കമാന്റർ എന്ന നിലയിൽ ശക്തമായ മുന്നേറ്റമാണ് നടത്തിയത്.