Kerala
'മാധ്യമ'ത്തിൻ്റെ തിടുക്കം സംശയം ബലപ്പെടുത്തുന്നു: മജീദ് കക്കാട്
സിറാജ് ദിനപത്രം ഖത്വര്‍ എഡിഷന്‍ പൂട്ടിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മാധ്യമം പത്രം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്ന് സിറാജ് ഡയറക്ടര്‍ മജീദ് കക്കാട്. ജമാഅത്തെ ഇസ്‌ലാമിയെയും മാധ്യമത്തെയും ഈ വിഷയത്തില്‍ താന്‍ കുറ്റമുക്തനാക്കിയെന്ന തരത്തില്‍ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത അസംബന്ധമാണെന്നും അദ്ദേഹം
കോഴിക്കോട് | സിറാജ് ദിനപത്രം ഖത്വര്‍ എഡിഷന്‍ പൂട്ടിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മാധ്യമം പത്രം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്ന് സിറാജ് ഡയറക്ടര്‍ മജീദ് കക്കാട്. ജമാഅത്തെ ഇസ്‌ലാമിയെയും മാധ്യമത്തെയും ഈ വിഷയത്തില്‍ താന്‍ കുറ്റമുക്തനാക്കിയെന്ന തരത്തില്‍ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത അസംബന്ധമാണെന്ന് അദ്ദേഹം അറിയിച്ചു.
ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞ കാര്യങ്ങള്‍ അവസരത്തില്‍ നിന്ന് അടര്‍ത്തിയെടുത്തും വളച്ചൊടിച്ചും പ്രസിദ്ധീകരിച്ചത് അപഹാസ്യമാണ്. സിറാജ് ദിനപത്രത്തിന്റെ ഖത്തറിലെ പ്രവര്‍ത്തനം നിര്‍ത്തിക്കാന്‍ ജമാഅത്തെ ഇസ്ലാമിയും മാധ്യമം പത്രത്തിന്റെ ആളുകളും ഇടപെട്ടു എന്ന ഒ. അബ്ദുല്ല, കെ.ടി ജലീല്‍ അടക്കമുള്ളവരുടെ പ്രസ്താവന അവിശ്വസിക്കേണ്ട കാര്യമില്ല എന്നാണ് ഞാന്‍ പ്രധാനമായും പറഞ്ഞത്.
ഖത്തറിലറങ്ങുന്ന മറ്റു മലയാള പത്രങ്ങളെക്കാള്‍ വായനക്കാരും വരിക്കാരിലുമുണ്ടായ സിറാജിന്റെ വളര്‍ച്ച ചിലരെ അലോസരപ്പെടുത്തിയിരുന്നുവെന്നും അവിടുത്തെ സര്‍ക്കാറിനെതിരെ യാതൊരു ലേഖനവും പ്രസിദ്ധീകരിക്കാത്ത പത്രത്തിന്റെ പ്രസിദ്ധീകരണം ഒരു ദിവസം അര്‍ധരാത്രിയില്‍ തടഞ്ഞതിന് പിന്നില്‍ ചില കറുത്ത കരങ്ങളുണ്ടെന്നും വ്യക്തമാക്കിയതാണ്. തേജസ് ദിനപത്രത്തിന്റെ ലേഖകനായിരുന്ന സലിം ജമാഅത്തെ ഇസ്‌ലാമിയുടെയും മാധ്യമത്തിന്റെയും ഭാഗത്ത് നിന്ന് നിന്നുണ്ടായ അപക്വമായ നിലപാടുകളെ കുറിച്ച് എഴുതിയതും ഞാന്‍ പരാമര്‍ശിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്കില്ലെന്നാണ് ഞാന്‍ ചര്‍ച്ചയില്‍ പറഞ്ഞത്.
ജമാഅത്തെ ഇസ്‌ലാമിയും അവരുടെ പത്രവും ഗള്‍ഫിലെ പല പത്രങ്ങളെയും മുടക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച് പറയുന്നത് ജലീല്‍ മാത്രമല്ലെന്നും വ്യക്തമാക്കുകയുണ്ടായി.അതാണ് മാധ്യമത്തെയും ജമാഅത്തെ ഇസ്‌ലാമിയെയും വെള്ളപൂശുന്ന വിധത്തില്‍ പത്രം വാര്‍ത്ത കൊടുത്തത്. ഈ വിഷയത്തില്‍ പത്രവും ജമാഅത്തെ ഇസ്‌ലാമിയും കാണിക്കുന്ന വെപ്രാളവും തിടുക്കവും അവര്‍ക്കെതിരെ ഉയരുന്ന സംശയത്തെ ബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.