halal
ഹോട്ടലുകളുടെ ലിസ്റ്റുമായി വിദ്വേഷ പ്രചാരണം
കോഴിക്കോട്ടെ പാരഗണ്‍ ഹോട്ടലും സഹോദരസ്ഥാപനമായ സല്‍ക്കാരയും നോണ്‍ ഹലാല്‍ സ്ഥാപനമാണെന്നും ഈ ഹോട്ടലുകളില്‍ നിന്നും ധൈര്യമായി ഭക്ഷണം കഴിക്കാമെന്നുമായിരുന്നു പ്രചാരണം
കോഴിക്കോട് | കോഴിക്കോട് നഗരത്തില്‍ ‘വിശ്വസിച്ച് ഭക്ഷണം കഴിക്കാവുന്ന’ ഹോട്ടലുകളുടെ ലിസ്റ്റ് പുറത്ത് വിട്ട് ക്രിസംഘി ഗ്രൂപ്പുകള്‍. പിന്നാലെ ഇതിനെ തള്ളി ഹോട്ടല്‍ മാനേജ്‌മെന്റ്. ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നുമായിരുന്നു സാമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം.
കോഴിക്കോട്ടെ പാരഗണ്‍ ഹോട്ടലും സഹോദരസ്ഥാപനമായ സല്‍ക്കാരയും നോണ്‍ ഹലാല്‍ സ്ഥാപനമാണെന്നും ഈ ഹോട്ടലുകളില്‍ നിന്നും ധൈര്യമായി ഭക്ഷണം കഴിക്കാമെന്നുമായിരുന്നു പ്രചാരണം. ഇതിന് പിന്നാലെ പാരഗണ്‍ ഹോട്ടലുടമക്കെതിരെയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി. സംഘപരിവാര്‍ അനുകൂലിയാണെന്നും ഈ അവസരത്തില്‍ മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു ആരോപണം.
ഇതോടെ വിശദീകരണവുമായി പാരഗണ്‍ മാനേജ്‌മെന്റ് രംഗത്ത് വന്നു. ജാതിമതഭേദമന്യേ എല്ലാ ഉപഭോക്താക്കള്‍ക്കും നല്ല ഭക്ഷണം വിശ്വസ്തതയോടെ നല്‍കുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നും ഭിന്നിപ്പുണ്ടാക്കാനുമുള്ള കിംവദന്തികള്‍ പാരഗണിന്റെ താത്പര്യമുള്‍ക്കൊള്ളുന്നതോ അറിവോടെയുള്ളതോ അല്ലെന്നും വിശദീകരണത്തില്‍ പറയുന്നു. ബിസിനസുകളെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദേശിച്ചുള്ള കിംവദന്തികള്‍ക്ക് പിന്നില്‍. ഗൂഢശക്തികളാണെന്നും തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു