Connect with us

juma

വിദ്വേഷം പടിക്ക് പുറത്ത്; ഗുരുദ്വാരകളിൽ ഇന്ന് ജുമുഅ നിസ്കാരം

ഗുരുഗ്രാമിലെ സദർ ബസാർ, സെക്ടർ 39, സെക്ടർ 46, ജേക്കബ്പുര, മോഡൽ ടൗൺ എന്നിവിടങ്ങളിലെ ഗുരുദ്വാരകളാണ് പ്രാദേശിക ഗുരു സിംഗ് സഭ പ്രാർഥനക്ക് വേണ്ടി തുറന്നുനൽകിയത്

Published

|

Last Updated

ഗുരുഗ്രാം | മുസ്​ലിംകൾക്ക് ജുമുഅ നിസ്കാരത്തിന് ഗുരുദ്വാര തുറന്നു നൽകി സിഖ് മതവിശ്വാസികൾ. ഗുരുഗ്രാമിലെ സദർ ബസാർ, സെക്ടർ 39, സെക്ടർ 46, ജേക്കബ്പുര, മോഡൽ ടൗൺ എന്നിവിടങ്ങളിലെ ഗുരുദ്വാരകളാണ് പ്രാദേശിക ഗുരു സിംഗ് സഭ പ്രാർഥനക്ക് വേണ്ടി തുറന്നുനൽകിയത്.

“തുറസ്സായ സ്ഥലങ്ങളിലെ നിസ്കാരത്തോടുള്ള എതിർപ്പിനെ കുറിച്ച് അറിയാൻ കഴിഞ്ഞത് അസ്വസ്ഥതയുണ്ടാക്കി. ഗുരുദ്വാരകളുടെ വാതിലുകൾ എല്ലാവർക്കുമായി എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച പ്രാർഥനക്ക് സ്ഥലം കണ്ടെത്താൻ മുസ്്ലിംകൾ പ്രശ്നം നേരിടുന്നുണ്ടെങ്കിൽ, ഗുരുദ്വാരകളിലേക്ക് അവരെ സ്വാഗതം ചെയ്യുന്നു’- ഗുരു സിംഗ് സഭാ പ്രതിനിധി ഹരി സിന്ധു പറഞ്ഞു.

പ്രദേശത്ത് കഴിഞ്ഞ രണ്ട് മാസത്തോളമായി ജുമുഅ നിസ്കാരം അലങ്കോലപ്പെടുത്താൻ ഹിന്ദുത്വ സംഘടനകളുടെ ശ്രമമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പോലീസ് കാവലിൽ വരെ പ്രാർഥന നടത്തേണ്ടിവന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രാദേശിക സിഖ് സംഘടനയുടെ കീഴിലെ അഞ്ച് ഗുരുദ്വാരകളാണ് നിസ്കാരത്തിനായി മുസ്്ലിംകൾക്ക് തുറന്നുകൊടുത്തത്. 2,500 പേരെ വരെ ഒരു സമയം ഉൾക്കൊള്ളാൻ കഴിയുന്ന ഗുരുദ്വാരകൾ ഇതിലുണ്ട്.

ഗുരുദ്വാര അസ്സോസിയേഷന്റെ ഉദ്യമത്തെ മുസ്‌ലിം രാഷ്ട്രീയ മഞ്ച് ചെയർമാൻ ഖുർശിദ് രജക സ്വാഗതം ചെയ്തു. ഇത് പ്രദേശത്ത് സമാധാനവും ഐക്യവും സ്ഥാപിക്കാൻ സഹായിക്കും. എല്ലാവരും സിഖ് സമൂഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇതര മതസ്ഥരോടുള്ള ശത്രുത വെടിഞ്ഞ് പരസ്പരം സഹകരിക്കണം. മുസ്്ലിംകൾ മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളിൽ വെച്ച് നിസ്കാരം അർപ്പിച്ച സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്- ഖുർശിദ് പറഞ്ഞു.

Latest