Articles
തല്ലിക്കെടുത്തിയത് വിദ്വേഷ രാഷ്ട്രീയത്തെ
ഇന്ത്യയിലെ വോട്ടര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്തവും വ്യക്തവുമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ജനങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത് എന്ന സന്ദേശം. ബി ജെ പിക്ക് കേവല ഭൂരിപക്ഷം പോലും ജനങ്ങള്‍ നല്‍കിയില്ല. ബി ജെ പിക്ക് ലഭിച്ചത് 240 സീറ്റുകളാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകളാണ്. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ഫലം ധാര്‍മികമായും രാഷ്ട്രീയമായും ബി ജെ പിക്കെതിരാണ്.

മോദിക്ക് വോട്ട് ചെയ്യണോ, അല്ലെങ്കില്‍ മോദിക്കെതിരെ വോട്ട് ചെയ്യണോ എന്ന ചോദ്യമായിരുന്നു ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മുമ്പിലുണ്ടായിരുന്നത്. നരേന്ദ്ര മോദിയെ വേണ്ട എന്ന് ഇന്ത്യയിലെ വോട്ടര്‍മാര്‍ തീരുമാനിച്ചു കഴിഞ്ഞു. കൂടുതല്‍ ശക്തിയോടെ അധികാരത്തില്‍ ഒരു വട്ടം കൂടി എന്ന് നരേന്ദ്ര മോദിയും ബി ജെ പിയും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ വോട്ടര്‍മാരുടെ വിധിയെഴുത്ത് അവരുടെ ആഗ്രഹത്തെ തല്ലിക്കെടുത്തുന്നതാണ്.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്, “സ്പീക്കര്‍ സാര്‍, ഞാന്‍ സ്ഥിതിവിവരക്കണക്കുകളിലേക്ക് കടക്കുന്നില്ല. രാജ്യത്തിന്റെ മാനസികാവസ്ഥയെ കുറിച്ചാണ് സംസാരിക്കുന്നത്. എന്‍ ഡി എ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ രാജ്യത്തെ പൊതുസമൂഹം തൃപ്തരാണ്. ഈ വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ എന്‍ ഡി എ 400ലധികം സീറ്റുകളില്‍ വിജയിക്കും. ബി ജെ പിക്ക് മാത്രം 370 സീറ്റുകള്‍ ലഭിക്കും’ എന്നായിരുന്നു. 400 സീറ്റെന്ന ആഗ്രഹം മോദി ആദ്യമായി പ്രകടിപ്പിച്ചത് പ്രസ്തുത പാര്‍ലിമെന്റ് സമ്മേളനത്തിലായിരുന്നു. മോദിയുടെ ആഗ്രഹത്തിന് ജനങ്ങളുടെ നിലപാടുമായി ബന്ധം ഇല്ല എന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിക്കഴിഞ്ഞു.
ഇന്ത്യയിലെ വോട്ടര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്തവും വ്യക്തവുമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ജനങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത് എന്ന സന്ദേശം. ബി ജെ പിക്ക് കേവല ഭൂരിപക്ഷം പോലും ജനങ്ങള്‍ നല്‍കിയില്ല. ബി ജെ പിക്ക് ലഭിച്ചത് 240 സീറ്റുകളാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകളാണ്. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ഫലം ധാര്‍മികമായും രാഷ്ട്രീയമായും ബി ജെ പിക്കെതിരാണ്.
പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍ ബി ജെ പി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. കോണ്‍ഗ്രസ്സ്മുക്ത, പ്രതിപക്ഷ രഹിത ഇന്ത്യ എന്നായിരുന്നു ബി ജെ പിയുടെ മുദ്രാവാക്യം. കോണ്‍ഗ്രസ്സിനെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും പരാജയപ്പെടുത്താനായി പ്രധാനമന്ത്രിയും കൂട്ടരും പല മാര്‍ഗങ്ങള്‍ അവലംബിക്കുകയുണ്ടായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി ബി ഐ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ കൊണ്ട് പീഡിപ്പിച്ചും ചില നേതാക്കളെ ജയിലില്‍ അടച്ചും അവരെ നിശബ്ദരാക്കാന്‍ പല കുതന്ത്രങ്ങളും പുറത്തെടുത്തു.
കോണ്‍ഗ്രസ്സിന്റെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും ലോക്‌സഭയിലേക്കുള്ള വിജയം ചരിത്രപരമാണ്. ദുര്‍ബലമായി കൊണ്ടിരിക്കുന്നു എന്ന പരാതി പരിഹരിക്കുന്നതാണ് കോണ്‍ഗ്രസ്സിന്റെ ഈ വിജയം. പാര്‍ട്ടിയുടെ പുനരുജ്ജീവനം കൂടിയാണ് ഈ വിജയം. കോണ്‍ഗ്രസ്സ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി. മന്ത്രിസഭ രൂപവത്കരിക്കാന്‍ സാധിച്ചില്ല എങ്കില്‍ പോലും പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം കോണ്‍ഗ്രസ്സിന് തിരിച്ചു ലഭിക്കുകയാണ്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്ന പത്ത് വര്‍ഷവും കോണ്‍ഗ്രസ്സിന് ലഭിക്കാതെ പോയ പദവിയാണിത്.”ഇന്ത്യ’ മുന്നണി എന്ന ആശയം ഒരു വര്‍ഷം മുമ്പ് രൂപപ്പെട്ടതാണെങ്കിലും ഏതാനും നേതാക്കള്‍ കൂടിയിരുന്നു എന്നതിനപ്പുറം ഘടക കക്ഷികള്‍ക്കിടയില്‍ ശക്തമായ കെട്ടുറപ്പുണ്ടാക്കാന്‍ തിരഞ്ഞെടുപ്പിനു മുമ്പ് ആ മുന്നണിക്ക് സാധിച്ചിരുന്നില്ല. മുന്നണി രൂപവത്കരിക്കാന്‍ നേതൃത്വം നല്‍കിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മറുകണ്ടം ചാടുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും “ഇന്ത്യ’ മുന്നണിയിലെ പാര്‍ട്ടികള്‍ എല്ലായിടത്തും മത്സരിച്ചത് ഒരുമിച്ചു നിന്നായിരുന്നില്ല.
പഞ്ചാബിലും പശ്ചിമ ബംഗാളിലും മുന്നണിയിലെ ഘടക കക്ഷികള്‍ പരസ്പരം മത്സരിക്കുന്ന അവസ്ഥയായിരുന്നു. എന്നിട്ടും “ഇന്ത്യ’ മുന്നണിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചു. 13 കേന്ദ്ര മന്ത്രിമാരുടേതുള്‍പ്പെടെ പല സീറ്റുകളും ബി ജെ പിക്ക് നഷ്ടപ്പെട്ടു. 303 സീറ്റുകളില്‍ നിന്ന് 240 സീറ്റിലേക്ക് ബി ജെ പി മൂക്കുകുത്തിവീണു. രാജ്യത്തെയും സമൂഹത്തെയും ഒന്നിപ്പിക്കേണ്ട പ്രധാനമന്ത്രിയും കൂടെയുള്ളവരും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടത്തി. മുസ്‌ലിംകള്‍ക്കെതിരെ നിരവധി വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. പ്രതിപക്ഷ നേതാക്കളെ വില്ലന്മാരായി ചിത്രീകരിച്ചു. ഹിന്ദുക്കളെ കബളിപ്പിച്ച് മുസ്‌ലിം താത്പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് എന്നാരോപിച്ചു. എന്നാല്‍ ബി ജെ പിയുടെ ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയം വോട്ടര്‍മാര്‍ തിരസ്‌കരിച്ചു.
വലിയ സംസ്ഥാനങ്ങളായ ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ തോല്‍വി ബി ജെ പി ക്ക് ആഘാതമായി. ഹിന്ദുത്വത്തിന്റെ പരീക്ഷണ ശാലയായി യോഗി ആഥിത്യനാഥ് കണ്ടിരുന്ന ഉത്തര്‍ പ്രദേശിലെ പരാജയം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി മോദിയുടെ രണ്ടാം ടേമിലെ ഏറ്റവും വലിയ നേട്ടമായാണ് ബി ജെ പി അവതരിപ്പിച്ചത്. എന്നാല്‍ കാവിപ്പാര്‍ട്ടിയെ രാമക്ഷേത്രം സഹായിച്ചില്ല. അയോധ്യയില്‍ 10,000 കോടി രൂപ മുടക്കി നഗരത്തെ നവീകരിച്ച് ഗ്ലോബല്‍ സിറ്റി ആക്കുമെന്ന ബി ജെ പിയുടെ അവകാശവാദം ആ പ്രദേശത്തെ വോട്ടര്‍മാര്‍ അംഗീകരിച്ചില്ല.
അയോധ്യ ഡിവിഷനിലെ അഞ്ച് സീറ്റുകള്‍- ഫൈസാബാദ്, ബരാബങ്കി, അമേഠി, അംബേദ്കര്‍ നഗര്‍, സുല്‍ത്താന്‍പൂര്‍ എന്നിവ ബി ജെ പിക്ക് നഷ്ടപ്പെട്ടു. സമാജ്്വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് മോദിയുടെയും യോഗി ആഥിത്യനാഥിന്റെയും കണക്കുകൂട്ടലുകള്‍ ഇല്ലാതാക്കി.
കോണ്‍ഗ്രസ്സിന്റെയും മറ്റു ഘടക കക്ഷികളുടെയും തിരിച്ചുവരവ് ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. രാജ്യത്ത് ശക്തമായ പ്രതിപക്ഷമുണ്ടാകുമെന്നെങ്കിലും പ്രതീക്ഷ നല്‍കുന്ന വിജയം.
ഇന്ത്യയുടെ പൊതുതിരഞ്ഞെടുപ്പ് ചരിത്രത്തില്‍ രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രധാനമന്ത്രിയുടെ പേരില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നത് ഇത് ആദ്യമാണ്. ഏപ്രില്‍ 14ന് “സങ്കല്‍പ്’ എന്ന പേരില്‍ ബി ജെ പി പുറത്തിറക്കിയ പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങളിലും “മോദിയുടെ ഉറപ്പ്’ എന്ന വാക്കുണ്ടായിരുന്നു. ബി ജെ പി വോട്ട് തേടിയത് പാര്‍ട്ടിയുടെ മേല്‍വിലാസം മാറ്റിവെച്ച് മോദിയുടെ പേരിലായിരുന്നു. അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസ്സുകാര്‍ ഉന്നയിച്ച “ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ’ എന്ന മുദ്രാവാക്യത്തിന് സമാനമായ മുദ്രാവാക്യമാണ് തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്വീകരിച്ചത്.
എന്നാല്‍ “മോദിയുടെ ഉറപ്പില്‍’ ബി ജെ പിക്കാര്‍ക്ക് പോലും വിശ്വാസമില്ലാത്തത് കൊണ്ടാകാം തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ എത്തുമ്പോഴേക്കും മോദിയുടെ ഉറപ്പ് എന്ന വാക്ക് സാധാരണക്കാരായ ബി ജെ പിക്കാര്‍ പോലും ഉപയോഗിക്കാതെയായത്. 2014ലെ തിരഞ്ഞെടുപ്പില്‍ 282 സീറ്റും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 303 സീറ്റും നേടിയ ബി ജെ പിക്ക് 2024ലെ തിരഞ്ഞെടുപ്പില്‍ മോദിയുടെ ഉറപ്പ് പ്രതികൂലമായി.
ഒരിക്കല്‍ കൂടി പ്രധാനമന്ത്രി പദമേറാന്‍ നരേന്ദ്ര മോദി ശ്രമം തുടങ്ങിക്കഴിഞ്ഞു. നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും പിന്തുണ പ്രതീക്ഷിച്ചാണ് മോദി മൂന്നാമതും പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ മോദിക്ക് തന്റെ അജന്‍ഡകള്‍ മാറ്റിവെക്കേണ്ടിവരും. നിതീഷ് കുമാറും എന്‍ ചന്ദ്രബാബു നായിഡുവും വരക്കുന്ന കളത്തില്‍ നിന്ന് അപ്പുറം ചാടി നരേന്ദ്ര മോദിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരും. പ്രധാനമന്ത്രിയുടെ ഏകാധിപത്യ പ്രവര്‍ത്തന രീതിക്കും മാറ്റം വരുത്തേണ്ടിവരും.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടി ജനതാദള്‍ (യുനൈറ്റഡ്) എന്‍ ഡി എയില്‍ തിരിച്ചെത്തിയത് കഴിഞ്ഞ ജനുവരിയിലാണ്. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുഗുദേശം പാര്‍ട്ടി ബി ജെ പിക്കൊപ്പം ചേര്‍ന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കഴിഞ്ഞ മാര്‍ച്ചിലാണ്. 16 സീറ്റ് നേടിയ തെലുഗുദേശം പാര്‍ട്ടിയും 12 സീറ്റ് നേടിയ ജനതാദള്‍ (യു)വും മോദിയുടെ രക്ഷകരാകുമ്പോള്‍ മോദിയെ കൈവിട്ട സംഭവങ്ങളും ഓര്‍ക്കാനുണ്ട്. അധികാരത്തിനായി മുന്നണികള്‍ പലതവണ മാറിയ നിതീഷും നായിഡുവും എല്ലാ കാലത്തും മോദിയോടൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷ വേണ്ട.
ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്വം മോദിക്കാണെന്നും മുഖ്യമന്ത്രിസ്ഥാനം നരേന്ദ്ര മോദി രാജിവെക്കണമെന്നും ആദ്യമായി ആവശ്യപ്പെട്ടത് അന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവായിരുന്നു. ചന്ദ്രബാബു നായിഡു പിന്നീട് കേന്ദ്രത്തില്‍ പ്രധാനമന്ത്രി മോദിയെ പിന്തുണക്കുകയുണ്ടായി.
ഒരുപക്ഷേ അടുത്ത ദിവസം നായിഡുവും നിതീഷും “ഇന്ത്യ’ മുന്നണിയുടെ ഭാഗമായാലും അത്ഭുതപ്പെടാനില്ല. രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ആഗ്രഹിക്കുന്നത് അതാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ഭരണഘടനക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന ഭീഷണി പൂര്‍ണമായി തടയാന്‍ ബി ജെ പി രഹിത ഭരണമാണ് രാജ്യം ആഗ്രഹിക്കുന്നത്.