Kerala
വിദ്വേഷ പ്രചാരണം; അനില്‍ ആന്റണിക്കെതിരെ കേസ്
വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞത് ചോദ്യം ചെയ്ത ഒരു സ്ത്രീയുമായുള്ള വാക്കു തര്‍ക്കം വര്‍ഗീയച്ചുവയോടെ കേരളത്തിനെതിരെ പ്രചരിപ്പിച്ചെന്നാണ് അനിലിനെതിരായ ആരോപണം.
കാസര്‍കോട് | വിദ്വേഷ പ്രചാരണം നടത്തിയതിന് ബി ജെ പി ദേശീയ വക്താവ് അനില്‍ ആന്റണിക്കെതിരെ കേസ്. കാസര്‍കോട് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനില്‍ ആന്റണിയെ പ്രതി ചേര്‍ത്തത്.
കുമ്പളയിലെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്നാണ് കേസ്. ബസ്, സ്റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യം ചെയ്ത കോളജ് വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു വ്യാജ പ്രചാരണം. അനില്‍ ആന്റണിയുടെ പോസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.
ഇന്ത്യ സഖ്യത്തിനെതിരായ വിമര്‍ശനത്തോടെയായിരുന്നു പോസ്റ്റിന്റെ തുടക്കം. കാസര്‍കോട് ജില്ലയിലെ കുമ്പള-മുള്ളേരിയ കെ എസ് ടി പി റോഡിലെ ഭാസ്‌കര നഗറില്‍ വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞത് ചോദ്യം ചെയ്ത ഒരു സ്ത്രീയുമായുള്ള വാക്കു തര്‍ക്കം വര്‍ഗീയച്ചുവയോടെ കേരളത്തിനെതിരെ പ്രചരിപ്പിച്ചെന്നാണ് അനിലിനെതിരായ ആരോപണം.
വിദ്യാര്‍ഥിനികള്‍ ഭൂരിഭാഗം പേരും പര്‍ദ ധരിച്ചവരായതു കൊണ്ടാണ് വര്‍ഗീയച്ചുവയോടെ പ്രചാരണം അഴിച്ചുവിട്ടത്. സംസ്ഥാനത്തെ കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ല, കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്, വോട്ട് ബേങ്ക് രാഷ്ട്രീയത്തിനായി ചില ജനവിഭാഗങ്ങളെ പ്രീണിപ്പിക്കുന്നു…ഇങ്ങനെ പോയി അനിലിന്റെ പരാമര്‍ശങ്ങള്‍.