YOUTH LEAGUE
വിദ്വേഷ പ്രചാരണം; ജനം ടി വിയെ മാതൃഭൂമി തോല്‍പ്പിക്കാന്‍ ശ്രമിക്കരുത്- പി കെ ഫിറോസ്
ലീഗിനെതിരെ ഇപ്പോള്‍ നടക്കുന്നത് കടന്നല്‍കൂട്ട ആക്രമണം
കോഴിക്കോട് | വിദ്വേഷത്തിന്റെ കാര്യത്തില്‍ ജനം ടി വിയെ തോല്‍പ്പിക്കാന്‍ മാതൃഭൂമി മത്സരിക്കരുതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ്. ഇപ്പോഴത്തെ സമീപനം വെറുപ്പിന്റേതാണ്. വിദ്വേഷം പ്രചരിപ്പിക്കുന്നതാണ്. മാതൃഭൂമി സ്വീകരിക്കാന്‍ പാടില്ലാത്തതാണെന്നും പി കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ‘ലീഗിലും താലിബാനോ’ എന്ന പേരില്‍ മാതൃഭൂമി ചാനല്‍ നടത്തിയ ചര്‍ച്ചയെ വിമര്‍ശിച്ചാണ് ഫിറോസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച, ജനാധിപത്യ വിരുദ്ധവും മനുഷ്യ വിരുദ്ധവുമായി സംഘടിച്ച, സായുധ വിപ്ലവം നടത്തുന്ന താലിബാനുമായാണ് ഒരു ലോജിക്കുമില്ലാതെ ലീഗിനെ മാതൃഭൂമി കൂട്ടിക്കെട്ടിയത്. മാതൃഭൂമിയെ പോലെ മനോരമയും തെറ്റായ രീതിയില്‍ വിഷയം ചര്‍ച്ച ചെയ്‌തെന്നും എന്നാല്‍ അവര്‍ തിരുത്താന്‍ തയ്യാറായെന്നും പോസ്റ്റിലുണ്ട്. ലീഗിനെതിരെ ഇപ്പോള്‍ നടക്കുന്നത് കടന്നല്‍കൂട്ട ആക്രമണമാണ്. പാര്‍ട്ടി ഇതിനെ അതിജീവിക്കും. സ്ത്രീ വിരുദ്ധതയുടെ കാര്യത്തില്‍ സി പി എമ്മിനോളം മറ്റൊരു പാര്‍ട്ടിയും വരില്ലെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തെറ്റായാല്‍ തിരുത്തുക എന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. ലീഗ് വിഷയം ചര്‍ച്ച ചെയ്തപ്പോള്‍, തലക്കെട്ടുമായി ബന്ധമില്ലാതിരുന്നിട്ട് പോലും ‘താലിബാന്‍’, ‘അഫ്ഗാനിസ്ഥാന്‍’ എന്നീ രണ്ടേരണ്ടു ഹാഷ് ടാഗുകള്‍ മാത്രമാണ് മനോരമ ഉപയോഗിച്ചിരുന്നത്. അതില്‍ അവരിപ്പോള്‍ ഖേദം പ്രകടിപ്പിച്ചിരിക്കുന്നു. വളരെ നന്ദി.
ഇനി തിരുത്തേണ്ടത് മാതൃഭൂമിയാണ്. ‘ലീഗിലും താലിബാനോ’ എന്നായിരുന്നു മാതൃഭൂമിയുടെ ചര്‍ച്ചാ വിഷയം. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച, ജനാധിപത്യ വിരുദ്ധവും മനുഷ്യ വിരുദ്ധവുമായി സംഘടിച്ച, സായുധ വിപ്ലവം നടത്തുന്ന താലിബാനുമായാണ് ഒരു ലോജിക്കുമില്ലാതെ ലീഗിനെ കൂട്ടിക്കെട്ടിയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ച, ജനാധിപത്യമാര്‍ഗത്തില്‍ ന്യൂനപക്ഷങ്ങളെ സംഘടിപ്പിച്ച, ജീവകാരുണ്യ പ്രവര്‍ത്തനം മുഖമുദ്രയാക്കിയ, താലിബാനെതിരെ പരസ്യമായി നിലപാടു സ്വീകരിച്ച മുസ്ലിംലീഗുമായി ഈ കൂട്ടിച്ചേര്‍ക്കല്‍ നടത്തുമ്പോള്‍ മാതൃഭൂമിയുടെ താല്‍പര്യം വ്യക്തമാണ്.
സ്ത്രീ വിരുദ്ധതയുടെ കാര്യത്തില്‍ സി.പി.എമ്മിന് പഠിക്കാന്‍ പോലും കേരളത്തില്‍ മറ്റേതെങ്കിലും പാര്‍ട്ടിക്കാവുമോ എന്ന് സംശയമാണ്. എന്നിട്ടല്ലേ താലിബാന്‍!
എടപ്പാളിലെ തീയേറ്റര്‍ സംഭവം, പാലക്കാട് ഡി.വൈ.എഫ്.ഐ വനിത അംഗത്തെ എം.എല്‍.എ പീഡിപ്പിച്ച വിഷയം, എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് വനിതാ സഹപ്രവര്‍ത്തകയെ ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിച്ചത്, വാളയാര്‍, പാലത്തായി തുടങ്ങിയ പരാതികളിലെല്ലാം ഇരകള്‍ക്കെതിരായ നിലപാട് സ്വീകരിച്ച, പരാതിക്കാരെ അവഗണിച്ച് പീഡകര്‍ക്കൊപ്പം നിലകൊണ്ട സി.പി.എമ്മുമായി താരതമ്യപ്പെടുത്താന്‍ കേരളത്തില്‍ മറ്റേതു പാര്‍ട്ടിയുണ്ട്?
ഇപ്പോഴത്തെ സമീപനം വെറുപ്പിന്റേതാണ്. വിദ്വേഷം പ്രചരിപ്പിക്കുന്നതാണ്. മാതൃഭൂമിയും സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. ജനം ടി.വിയാണ് ഇത് ചെയ്യുന്നതെങ്കില്‍ പരാതിയില്ല. കാരണം, അതവരുടെ പരസ്യ നിലപാടാണ്. മാതൃഭൂമി ജനം ടി.വിയല്ല. പക്ഷേ വിദ്വേഷത്തിന്റെ കാര്യത്തില്‍ ജനം ടി.വിയെ തോല്‍പ്പിക്കാന്‍ മല്‍സരിക്കരുത്. അത്യാവശ്യം ബോധമുള്ളവര്‍ എഡിറ്റോറിയല്‍ ബോര്‍ഡിലുണ്ടെങ്കില്‍ മനോരമയുടെ ചുവടു പിടിച്ച് മാതൃഭൂമിയും ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാവണം.
ഒരാള്‍ കൂടി തിരുത്താനുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി റഹീം. ചാനല്‍ ചര്‍ച്ചക്കിടയില്‍ രണ്ട് പച്ചനുണകള്‍ ആളില്ലാത്ത പോസ്റ്റിലേക്ക് അടിച്ചുകൂട്ടുകയുണ്ടായി അദ്ദേഹം. ഒന്ന് യൂത്ത് ലീഗ് വനിതകള്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുക്കുന്നില്ലെന്നും മറ്റൊന്ന് ചന്ദ്രികയില്‍ വനിതകളില്ലെന്നും. അസംബന്ധം ഒരു റഫറന്‍സുമില്ലാതെ തറപ്പിച്ചു പറയാന്‍ റഹീമിനെ പോലെ മറ്റാര്‍ക്കും പറ്റുമെന്ന് തോന്നുന്നില്ല. ഞാന്‍ റഹീമിനെ വെല്ലു വിളിക്കുന്നു. വനിതകള്‍ക്ക് യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കൊടുക്കാറില്ല എന്ന് തെളിയിച്ചാല്‍ അന്ന് അവസാനിപ്പിക്കും യൂത്ത് ലീഗിന്റെ പ്രവര്‍ത്തനം. വെല്ലുവിളി ഏറ്റെടുക്കാന്‍ റഹീം തയ്യാറുണ്ടോ? സബ് എഡിറ്റര്‍മാരായും റിപ്പോര്‍ട്ടര്‍മാരായും ഓഫീസ് സ്റ്റാഫായും ചന്ദ്രികയില്‍ വനിതകളുണ്ട് എന്ന കാര്യം റഹീമിനെ ബോധ്യപ്പെടുത്തേണ്ടതില്ല. എന്നാല്‍ ആ തറപ്പിച്ചു പറയല്‍ കേട്ട് വിശ്വസിച്ച പലരുമുണ്ടാകും. അവരെ ബോധ്യപ്പെടുത്താനായി പറഞ്ഞെന്ന് മാത്രം.
കാറ്റും വെളിച്ചവും കടക്കാത്ത പാര്‍ട്ടിയിലാണ് റഹീം പ്രവര്‍ത്തിക്കുന്നത് എന്നറിയാം. എന്നാലും മറ്റു പാര്‍ട്ടികളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സാമാന്യ ധാരണ പോലുമില്ലാതെ ചര്‍ച്ചയില്‍ വന്ന് വിഡ്ഢിത്തം വിളമ്പുന്നത് ഇനിയെങ്കിലും നിര്‍ത്തണം. തെറ്റ് തിരുത്താന്‍ മാത്രം ഉദാരത അങ്ങയില്‍ ഇല്ലെന്ന് അറിഞ്ഞുകൊണ്ടാണ് ഈ അപേക്ഷ.
ലീഗിനെതിരെ നടക്കുന്ന ഈ കടന്നല്‍കൂട്ട അക്രമണങ്ങളെ പാര്‍ട്ടി അതിജയിക്കും.
കാരണം, മഹത്തായ ഒരു ആശയത്തിന് വേണ്ടിയുള്ള പോര്‍മുഖമാണിത്.
തോറ്റ് പിന്മാറാന്‍ വേണ്ടിയല്ല, പൊരുതി ജയിക്കാനാണ് ഞങ്ങളീ കൊടി പിടിച്ചത്.