Connect with us

National

മുസ്ലിംപള്ളികള്‍ക്കും ഗുരുദ്വാരകള്‍ക്കുമെതിരെ വിദ്വേഷപരാമര്‍ശം; നേതാവിനെ പുറത്താക്കി ബിജെപി

രാജസ്ഥാനിലെ അല്‍വാറിലെ നേതാവ് സന്ദീപ് ദയ്മയെയാണ് പുറത്താക്കിയത്.

Published

|

Last Updated

ജയ്പൂര്‍| മുസ്ലിം പള്ളികളും ഗുരുദ്വാരകളും ഇല്ലാതാക്കണമെന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ച ബി. ജെ.പി നേതാവിനെ പാര്‍ട്ടി പുറത്താക്കി. രാജസ്ഥാനിലെ അല്‍വാറിലെ നേതാവ് സന്ദീപ് ദയ്മയെയാണ് പുറത്താക്കിയത്. മുതിര്‍ന്ന ബിജെപി നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംഗ് ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ പ്രസ്താവന നടത്തിയതിന് സന്ദീപ് ദയ്മയെ സംസ്ഥാന അധ്യക്ഷന്റെ നിര്‍ദേശപ്രകാരം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി രാജസ്ഥാന്‍ ബി.ജെ.പിയുടെ അച്ചടക്ക സമിതി അധ്യക്ഷന്‍ ഓങ്കാര്‍ സിംഗ് ലഖാവത്ത് പറഞ്ഞു. രാജസ്ഥാനിലെ തിജാര നിയമസഭാ മണ്ഡലത്തിലെ റാലിയിലാണ് സന്ദീപ് ദയ്മ വിവാദ പ്രസ്താവന നടത്തിയത്. നവംബര്‍ 25ന് നടക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി സ്ഥാനാര്‍ഥി ബാബ ബാലക്‌നാഥ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെ തിജാരയില്‍ നടന്ന റാലിയിലാണ് ദയ്മ പരാമര്‍ശം നടത്തിയത്. വിമര്‍ശനം ശക്തമായതോടെയാണ് ബി. ജെ.പിക്ക് ഇയാളെ പുറത്താക്കേണ്ടി വന്നത്.

ഇവിടെ എത്ര പള്ളികളും ഗുരുദ്വാരകളും പണിതിട്ടുണ്ടെന്ന് നോക്കൂ. ഇത് ഭാവിയില്‍ നമുക്ക് ഒരു വ്രണമായി മാറും. അതുകൊണ്ടാണ് ഈ അള്‍സര്‍ പിഴുതെറിയുകയും ഇല്ലാതാക്കുകയും ചെയ്യേണ്ടതെന്നും ബാബാ ബാലക് നാഥ്ജി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ദയ്മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദയ്മയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നത്. തന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ദയ്മ രംഗത്തെത്തിയിരുന്നു. ഗുരുദ്വാരകളെ കുറിച്ചുള്ള പരാമര്‍ശം അബദ്ധത്തില്‍ സംഭവിച്ചതാണെന്നും വരും ദിവസങ്ങളില്‍ ഗുരുദ്വാരകളില്‍ നേരിട്ടെത്തി മാപ്പറിയിക്കാന്‍ തയ്യാറാണെന്നും ദയ്മ വ്യക്തമാക്കിയിരുന്നു.

ദയ്മയെ പുറത്താക്കിക്കൊണ്ടുള്ള പാര്‍ട്ടി നടപടി സ്വാഗതാര്‍ഹമാണെന്നായിരുന്നു പഞ്ചാബ് ബി.ജെ.പിയുടെ പ്രതികരണം. ദയ്മയുടെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്നും സമൂഹത്തില്‍ അരക്ഷിതാവസ്ഥയുടെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി പഞ്ചാബ് ബി.ജെ.പി ഘടകം പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

 

 

Latest