Connect with us

National

മുസ്‍ലിംകൾക്ക് എതിരായ വിദ്വേഷ പ്രസംഗം; ശക്തമായ ഭാഷയിൽ പ്രതികരിച്ച് സുപ്രീം കോടതി; നടപടി എടുക്കാൻ നിർദേശം

'ഇത് 21-ാം നൂറ്റാണ്ടാണ്. മതത്തിന്റെ പേരിൽ നമ്മൾ എവിടെ എത്തി?' - കോടതി ചോദിച്ചു.

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്തെ മുസ്‍ലിംകളെ ലക്ഷ്യമിട്ട് നടക്കുന്ന വിദ്വേഷ പ്രസംഗങ്ങൾക്ക് എതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് സുപ്രീം കോടതി. ഇത്തരം പ്രസംഗകർക്ക് എതിരെ മതം നോക്കാതെ നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം കോടതിയലക്ഷ്യനടപടികൾ നേരിടാൻ തയ്യാറാകണമെന്നും ജസ്റ്റിസുമാരായ കെഎം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു.

‘ഇത് 21-ാം നൂറ്റാണ്ടാണ്. മതത്തിന്റെ പേരിൽ നമ്മൾ എവിടെ എത്തി?’ – കോടതി ചോദിച്ചു. രാജ്യത്തെ മുസ്‍ലിം സമുദായത്തെ ലക്ഷ്യമിട്ട് നടക്കുന്ന വിദ്വേഷ പ്രസംഗങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഈ ഹരജികളിൽ കോടതി ഇന്നലെ കേന്ദ്ര, സംസ്ഥാന സർക്കാറുകളിൽ നിന്ന് വിശദീകരണം തേടിയിരുന്നു

രാജ്യത്തുടനീളമുള്ള വിദ്വേഷ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും സംബന്ധിച്ച് വിശ്വസനീയമായ അന്വേഷണം ആരംഭിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്ന് ഹരജിക്കാരനായ ഷഹീൻ അബ്ദുള്ള സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അടുത്തിടെ നടന്ന ഒരു ഹിന്ദു സഭയുടെ ദൃശ്യങ്ങൾ കോടതിയിൽ കാണിച്ചു. പശ്ചിമ ഡൽഹിയിൽ നിന്നുള്ള ബിജെപി എംപി പർവേഷ് വർമ മുസ്‍ലിംകളെ സമ്പൂർണമായി ബഹിഷ്കരണം എന്ന് ഈ സഭയിൽ ആവശ്യപ്പെടുന്നത് അദ്ദേഹം എടുത്തുകാട്ടി. ചടങ്ങിൽ പങ്കെടുത്ത മറ്റൊരു പ്രസംഗകനായ ജഗത് ഗുരു യോഗേശ്വർ ആചാര്യയുടെ അഭിപ്രായങ്ങളും ജഡ്ജിമാർ വായിച്ചു. നമ്മുടെ ക്ഷേത്രങ്ങൾക്ക് നേരെ വിരൽ ഉയർത്തുന്ന ആരുടെയും കഴുത്തറുക്കാൻ അയാൾ സഭയോട് ആവശ്യപ്പെടുന്നുണ്ട്.

പോലീസിനും സർക്കാറുകൾക്കും സ്വന്തം നിലക്ക് കേസ് ഫയൽ ചെയ്യാൻ കർശന നിർദേശം നൽകിയതിന് കോടതിയോട് നന്ദി പറഞ്ഞ കപിൽ സിബലിനോട് ജഡ്ജി പ്രതികരിച്ചത് “ഇത് ഞങ്ങളുടെ കടമയാണ്, നമ്മളത് ചെയ്തില്ലെങ്കില് അത് നമ്മുടെ ഭാഗത്തുനിന്നുള്ള സ്ഥാനത്യാഗമാകും” എന്നായിരുന്നു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ ഇന്ത്യയുടെ മനുഷ്യാവകാശ രേഖയും വർധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങളും ചൂണ്ടിക്കാട്ടി യുഎന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇന്ത്യയെ വിമർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

Latest