hate speech
മുന്നറിയിപ്പുകള്‍ കാറ്റില്‍ പറത്തി ഹരിയാനയില്‍ വിദ്വേഷ പ്രസംഗവും ഭീഷണിയും
പോലീസ് സംരക്ഷണയില്‍ നടന്ന മഹാപഞ്ചായത്തിലാണ് മുസ്ലിംകളെ ലക്ഷ്യമിട്ട് പ്രസംഗകര്‍ ഒന്നടങ്കം വിദ്വേഷം ചൊരിഞ്ഞത്.
ഗുരുഗ്രാം | ഹരിയാനയില്‍ അധികൃതരുടെ മുന്നറിയിപ്പുകള്‍ കാറ്റില്‍ പറത്തി സര്‍വ ഹിന്ദു സമാജ് എന്ന ഹിന്ദുത്വ സംഘടന നടത്തിയ മഹാപഞ്ചായത്തില്‍ മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗവും ഭീഷണിയും. വിദ്വേഷ പ്രസംഗം ഉണ്ടാകരുതെന്ന വ്യവസ്ഥയോടെയാണ് പോലീസ് മഹാപഞ്ചായത്തിന് അനുമതി നല്‍കിയത്. പല്‍വാല്‍ ജില്ലയില്‍ പോലീസ് സംരക്ഷണയില്‍ നടന്ന മഹാപഞ്ചായത്തിലാണ് മുസ്ലിംകളെ ലക്ഷ്യമിട്ട് പ്രസംഗകര്‍ ഒന്നടങ്കം വിദ്വേഷം ചൊരിഞ്ഞത്.
വിദ്വേഷ പ്രസംഗം നടത്തരുതെന്ന് പ്രസംഗകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് മഹാപഞ്ചായത്തിന്റെ സംഘാടകര്‍ അവകാശപ്പെടുന്നെങ്കിലും അതൊന്നും മുഖവിലക്ക് എടുത്തിട്ടില്ല. നിങ്ങളൊരു വിരല്‍ പൊക്കിയാല്‍ നിങ്ങളുടെ രണ്ട കൈകളും വെട്ടുമെന്നാണ് ഒരാള്‍ പ്രസംഗിച്ചത്. മറ്റൊരാള്‍ തോക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.
നൂഹ് ജില്ലയില്‍ രണ്ടാഴ്ച മുമ്പ് കലാപത്തിന് കാരണമായ വിശ്വ ഹിന്ദു പരിഷതിന്റെ മാര്‍ച്ച് പൂര്‍ത്തിയാക്കാനുള്ള ചര്‍ച്ച എന്ന പേരിലാണ് ഹിന്ദു സമാജ് മഹാപഞ്ചായത്ത് നടന്നത്. നൂഹില്‍ മഹാപഞ്ചായത്ത് നടത്താനാണ് ആസൂത്രണം ചെയ്തതെങ്കിലും പോലീസ് അനുമതി ലഭിക്കാത്തതിനാല്‍ 35 കി മീ അകലെയുള്ള പല്‍വാലിലേക്ക് മാറ്റുകയായിരുന്നു.