Kerala
വിദ്വേഷപരാമര്‍ശ കേസ്; പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപപ്രയോഗങ്ങള്‍ നടത്തിയതെന്ന വാദം ഹൈക്കോടതിയും മജിസ്ട്രേറ്റ് കോടതികളും നല്‍കിയ ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിന് ന്യായീകരണമല്ലെന്നും കോടതി

കൊച്ചി | വിദ്വേഷപരാമര്‍ശ കേസില്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.ഈരാറ്റുപേട്ട പോലീസാണ് പി സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പി സി ജോര്‍ജ് നിരന്തരം ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്നാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ച നിലപാട്.
സമാനമായ കേസില്‍ മുമ്പ് ജാമ്യം അനുവദിച്ചപ്പോള്‍, പ്രസ്താവനകളില്‍ ജാഗ്രത വേണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, അതടക്കം ഉത്തരവുകള്‍ നിരന്തരം ലംഘിക്കുകയാണെന്ന് ജസ്റ്റീസ് പി വി കുഞ്ഞിക്കൃഷ്ണന്‍ വാക്കാല്‍ പറഞ്ഞു.പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപപ്രയോഗങ്ങള്‍ നടത്തിയതെന്ന വാദം ഹൈക്കോടതിയും മജിസ്ട്രേറ്റ് കോടതികളും നല്‍കിയ ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിന് ന്യായീകരണമല്ലെന്നും കോടതി പറഞ്ഞു.
ജനുവരി അഞ്ചിന് ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്. കോട്ടയം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിതിന് തുടര്‍ന്നാണ് പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.