Connect with us

Kerala

വിദ്വേഷ പരാമര്‍ശം: ക്ഷമാപണവുമായി സി പി എം നേതാവ്

മുസ്ലിം വിരുദ്ധ കമന്റ് ഡിലീറ്റ് ചെയ്തു

Published

|

Last Updated

കൊച്ചി | ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിംകള്‍ക്കാണെന്ന വിദ്വേഷ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി സി പി എം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗം എം ജെ ഫ്രാന്‍സിസ്. കമന്റ് വേണ്ടത്ര ശ്രദ്ധയില്ലാതെ വന്നതാണെന്നും പാര്‍ട്ടി നിലപാടിന് വിപരീതമായ കമന്റ് വന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ജീവിതത്തില്‍ ഇന്നുവരെ ഞാന്‍ ഉയര്‍ത്തിപ്പിടിച്ച പുരോഗമന രാഷ്ട്രീയ കാഴ്ചപ്പാടിന് എതിരായ രീതിയില്‍ എന്നില്‍ നിന്നും ഉയര്‍ന്നുവന്ന ഈ കമന്റ് വേണ്ടത്ര ശ്രദ്ധയില്ലാതെ വന്നതുമൂലമാണ്. ഞാന്‍ ഏതെങ്കിലും മതവിശ്വാസം പിന്തുടരുന്ന ആളല്ല. ഒരു മതത്തോടും എനിക്ക് പ്രത്യേക സ്‌നേഹമോ വിദ്വേഷമോ ഇല്ല. കുറ്റവാളികള്‍ ഏതെങ്കിലും മതത്തിന്റെ സൃഷ്ടിയാണെന്ന വിചാരവും എനിക്കില്ല. മതത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നവരാണ് അപരമത വിദ്വേഷം പ്രചരിപ്പിക്കുന്നത്’ ഫേസ്ബുക്ക് കുറിപ്പില്‍
പറയുന്നു.

കെ ടി ജലീലിന്റെ പ്രസംഗത്തിന്റെ വീഡിയോക്ക് കീഴിലായിരുന്നു എം ജെ ഫ്രാന്‍സിസ് വിവാദകമന്റിട്ടിരുന്നത്. നോമ്പെടുത്താല്‍ ഒരു വര്‍ഷം പ്ലാന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പരിഹാരമായെന്നാണ് ചിലര്‍ കരുതുന്നതെന്ന് കമന്റില്‍ ആരോപിച്ചത്. ‘ഈ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവം ഉള്ളത് മുസ്‌ലിംകള്‍ക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍പോയി അഞ്ചുനേരം പ്രാര്‍ഥിച്ചാല്‍ മതി. അതുപോലെ എല്ലാവര്‍ഷവും നോമ്പ് നോറ്റ് പകല്‍ മുഴുവന്‍ ഉമിനീര് രാത്രി നല്ല ഭക്ഷണം കഴിച്ച് ഉറങ്ങിയാല്‍ ഒരു വര്‍ഷക്കാലം പ്ലാന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പോരായ്മകളും പരിഹാരങ്ങളും ഉണ്ടാകും എന്നാണ് മതപുരോഹിതന്മാര്‍ പഠിപ്പിക്കുന്നത്’ എന്നും കമന്റില്‍ പറഞ്ഞിരുന്നു. വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തു.