hate speech
വിദ്വേഷ പ്രസംഗം: ക്ഷമ ചോദിക്കില്ല, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു- പി സി ജോര്‍ജ്
തീവ്രവാദികള്‍ക്കുള്ള പിണറായി സര്‍ക്കാറിന്റെ റമസാന്‍ സമ്മാനമാണ് തന്റെ അറസ്റ്റെന്നും പി സി ജോര്‍ജ് പറഞ്ഞു.
തിരുവനന്തപുരം | പറഞ്ഞകാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ക്ഷമ ചോദിക്കില്ലെന്നും വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോര്‍ജ്. കർശന ഉപാധികളോടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ജോർജ്, പ്രകോപന പരാമർശം നടത്തുകയും ചെയ്തു. അതേസമയം, വ്യവസായി യൂസഫലിക്കെതിരെയുള്ള പരാമര്‍ശം മാത്രം പിന്‍വലിക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു. മനസ്സിലുള്ളത് പറഞ്ഞപ്പോള്‍ മറ്റൊന്നായി. ചെറുകിട വ്യാപാരികളുടെ ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു താനെന്നും ജോര്‍ജ് പറഞ്ഞു.
തീവ്രവാദികള്‍ക്കുള്ള പിണറായി സര്‍ക്കാറിന്റെ റമസാന്‍ സമ്മാനമാണ് തന്റെ അറസ്റ്റെന്നും ജോര്‍ജ് പറഞ്ഞു. തീവ്രവാദികളെ യു ഡി എഫും എല്‍ ഡി എഫും സംരക്ഷിക്കുന്നു. തീവ്രവാദം കൊണ്ടുനടക്കുന്നവര്‍ക്ക് നൊന്തു. ഒരു ഹാളില്‍ നടന്ന പരിപാടിയില്‍ അറിഞ്ഞ കാര്യങ്ങള്‍ പറയുക മാത്രമാണ് ചെയ്തത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് പൂഞ്ഞാറിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇതിന് ശേഷം, മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യവും ലഭിച്ചു.