Connect with us

National

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് സുപ്രീം കോടതി കൊളീജിയം മുമ്പാകെ ഹാജരാകണം

ഈമാസം 17 ന് സുപ്രീം കോടതി കൊളീജിയം മുമ്പാകെ നേരിട്ട് ഹാജരാകാന്‍ ശേഖര്‍ കുമാര്‍ യാദവിന് നിര്‍ദേശം നല്‍കി.

Published

|

Last Updated

ന്യൂഡല്‍ഹി | വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ സുപ്രീം കോടതി കൊളീജിയം വിളിച്ചു വരുത്തും. ഈമാസം 17 ന് സുപ്രീം കോടതി കൊളീജിയം മുമ്പാകെ നേരിട്ട് ഹാജരാകാന്‍ ശേഖര്‍ കുമാര്‍ യാദവിന് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നിലാണ് ഹാജരാകേണ്ടത്. നിര്‍ദേശം ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന് കൈമാറിയിട്ടുണ്ട്.

വിശ്വഹിന്ദുപരിഷത്തിന്റെ ചടങ്ങിലാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ വിവാദ പ്രസംഗം നടത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ സെക്രട്ടറി ജനറലിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

ഏകീകൃത സിവില്‍ കോഡിന് അനൂകൂലമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ജഡ്ജി പങ്കെടുത്തതു തന്നെ വലിയ വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. പരിപാടിയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളും കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.

ഏകീതൃത സിവില്‍ കോഡ്, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളിലാണ് ശേഖര്‍ കുമാര്‍ യാദവ് വിവാദ പ്രസ്താവന നടത്തിയത്. ഒരു സമുദായം കുട്ടികളെ അഹിംസയും കാരുണ്യവും സഹിഷ്ണുതയും പഠിപ്പിക്കുമ്പോള്‍ മറ്റൊരു സമുദായം കുട്ടികളുടെ മുന്നിലിട്ട് മൃഗങ്ങളെ കശാപ്പ് ചെയ്യുകയാണെന്ന പരാമര്‍ശമാണ് കൂടുതല്‍ പ്രതിഷേധത്തിന് കാരണമായത്.

അതിനിടെ, ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ അനുകൂലിച്ച് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. സത്യം പറയുന്നവരെ ഇംപീച്ച് ചെയ്യുമെന്ന് പ്രതിപക്ഷം ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

 

 

 

Latest