Connect with us

danish ali mp

വിദ്വേഷ പരാമര്‍ശങ്ങള്‍ പാര്‍ലമെന്റിനുള്ളിലും എത്തി: ഡാനിഷ് അലി എം പി

ഇത് ഒരാള്‍ക്ക് നേരെയുള്ള അക്രമമല്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും എതിരെയാണ് ഇത്തരം നീക്കമെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി: | പാര്‍ലമെന്റിനു പുറത്തു നടത്തിയിരുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ പാര്‍ലമെന്റിനുള്ളിലും എത്തിയിരിക്കുകയാണെന്ന് ബി എസ് പി എം പി ഡാനിഷ് അലി. പാര്‍ലിമെന്റില്‍ ബി ജെ പി എം പി രമേശ് ബിദൂഡിയുടെ അധിക്ഷേപകരമായ പരാമര്‍ശത്തിനിരയായ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.

ഇത് ഒരാള്‍ക്ക് നേരെയുള്ള അക്രമമല്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും എതിരെയാണ് ഇത്തരം നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ ഏറെ വേദനിപ്പിച്ചു. പാര്‍ലമെന്റിനു പുറത്തു വിദ്വേഷ പരാമര്‍ശം നടത്തിയവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചു. പാര്‍ലമെന്റില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ വ്യക്തിക്ക് സ്ഥാനക്കയറ്റം നല്‍കണോ എന്നത് പ്രധാനമന്ത്രി തീരുമാനിക്കട്ടെ എന്നും ഡാനിഷ് അലി പറഞ്ഞു. നിയമാനുസൃതമായി നടപടിയെടുക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവിനെതിരെ നടപടിയെടുത്തത് പെട്ടെന്നായിരുന്നു. പിന്നെ ഇപ്പോള്‍ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.

ബിദൂഡിയുടെ പരാമര്‍ശങ്ങള്‍ കേട്ട് പൊട്ടിച്ചിരിക്കുന്ന മുന്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ഷവര്‍ധനന്റെയും രവിശങ്കര്‍ പ്രസാദിന്റെയും വീഡിയോ വൈറലായിരുന്നു. ചാന്ദ്രയാന്‍-3 ചര്‍ച്ചക്കിടെയായിരുന്നു ബിദൂഡി ഡാനിഷ് അലിക്കെതിരെ പിമ്പ്, തീവ്രവാദി, ഉഗ്രവാദി, മുല്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തിയത്.