Connect with us

Editorial

വിദ്വേഷ പ്രസ്താവന: നീതിപീഠം നിലപാടെടുക്കുന്പോൾ

കോടതി ഉത്തരവ് അനുസരിച്ച് ഇനി മുതല്‍ ഇരു വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുകയും രാജ്യത്തെ ഐക്യം തകര്‍ക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നുണ്ടായാലും പരാതി വരാന്‍ കാത്തുനില്‍ക്കാതെ ഐ പി സി 153 എ, 153 ബി, 295, 506 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പോലീസ് ബാധ്യസ്ഥമാണ്.

Published

|

Last Updated

വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സുപ്രീം കോടതി. വിദ്വേഷ പ്രസംഗങ്ങളോ പ്രസ്താവനകളോ ശ്രദ്ധയില്‍ പെട്ടാല്‍ പരാതി വരാന്‍ കാത്തുനില്‍ക്കാതെ ഉടനെ തന്നെ സ്വമേധയാ കേസെടുക്കണമെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയും ഉള്‍പ്പെട്ട ബഞ്ച് നിര്‍ദേശിച്ചത്. തീവ്ര ഹിന്ദുത്വ വാദികള്‍ സംഘടിപ്പിച്ച “ധരം സന്‍സദി’ല്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ 2022 ഒക്ടോബര്‍ 22ന് സുപ്രീം കോടതി വിദ്വേഷ പ്രസംഗങ്ങളില്‍ സ്വമേധയാ നടപടിയെടുക്കാന്‍ ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കുകയായിരുന്നു പരമോന്നത കോടതി.

ഈ കോടതി ഉത്തരവ് അനുസരിച്ച് ഇനി മുതല്‍ ഇരു വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുകയും രാജ്യത്തെ ഐക്യം തകര്‍ക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നുണ്ടായാലും പരാതി വരാന്‍ കാത്തുനില്‍ക്കാതെ ഐ പി സി 153 എ, 153 ബി, 295, 506 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പോലീസ് ബാധ്യസ്ഥമാണ്. തുടര്‍ന്ന് കുറ്റവാളികള്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുകയും വേണം. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉടന്‍ പുറപ്പെടുവിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വമേധയാ കേസെടുക്കാതിരുന്നാല്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും അതേസമയം ഒരു മതത്തെ മാത്രം ലക്ഷ്യമാക്കി കേസെടുക്കുന്ന പ്രവണത അനുവദിക്കില്ലെന്നും കോടതി ഉണര്‍ത്തി. കോടതി ഉത്തരവ് വന്നിട്ടും നടപടി എടുക്കാത്ത മഹാരാഷ്ട്ര സര്‍ക്കാറിനെ ജസ്റ്റിസ് ജോസഫ് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും തങ്ങളുടെ വിധി ലാഘവത്തോടെ എടുക്കരുതെന്ന് മഹാരാഷ്ട്രക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനെ ഓര്‍മിപ്പിക്കുകയും ചെയ്തു.

രാജ്യത്ത് വിദ്വേഷ പരാമര്‍ശങ്ങളും പ്രസംഗങ്ങളും പൂര്‍വോപരി വര്‍ധിച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷത്തിനിടെ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഇരട്ടിയായെന്നാണ് ആഭ്യന്തര വകുപ്പിന്റെ റിപോര്‍ട്ട്. ഇത് കേസുകളുടെ കാര്യമാണ്. എന്നാല്‍ വിദ്വേഷ പ്രസംഗങ്ങളില്‍ കേസെടുക്കുന്നത് വളരെ ചുരുക്കമാണ്. പ്രത്യേകിച്ചും പ്രസംഗകര്‍ തീവ്ര ഹിന്ദുത്വരാകുമ്പോള്‍. ഹിന്ദുത്വരുടെ പരിപാടികളുടെ മുഖ്യ അജന്‍ഡ തന്നെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളാണ്. അത് പലപ്പോഴും വംശീയ ഹത്യക്കുള്ള ആഹ്വാനത്തില്‍ വരെ എത്തുന്നു. ഫേസ്ബുക്കിന്റെ ഡാറ്റാ സയന്റിസ്റ്റുകള്‍ നടത്തിയ പഠനമനുസരിച്ച് സി എ എ പ്രതിഷേധ ഘട്ടത്തിലും ലോക്ക്ഡൗണ്‍ കാലത്തുമാണ് ഇന്ത്യയില്‍ വിദ്വേഷ പ്രചാരണങ്ങള്‍ വര്‍ധിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അരങ്ങേറിയ 2019 ഡിസംബറിലും 2020 ജനുവരിയിലും കൊവിഡിനെ തുടര്‍ന്ന് ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ചിലും വിദ്വേഷ പ്രചാരണത്തില്‍ വലിയ വര്‍ധനയുണ്ടായതായി പഠനം പറയുന്നു. പാക്കിസ്ഥാനേക്കാള്‍ ഇന്ത്യയിലാണ് വിദ്വേഷ പ്രചാരണം കൂടുതലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും ജനാധിപത്യത്തിന്റെ അന്തസ്സത്തക്കും കടകവിരുദ്ധമാണ് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത്. മതപരമായ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഈ അവകാശത്തെ തടയാനും ചോദ്യം ചെയ്യാനുമുള്ള അവകാശം മറ്റുള്ളവര്‍ക്കില്ല. ഇക്കാര്യം കോടതികള്‍ പലപ്പോഴും ഓര്‍മിപ്പിച്ചതാണ്. എന്നാലും പലരും വിദ്വേഷ പ്രസംഗങ്ങളും കുറ്റപ്പെടുത്തലും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഇതൊരു ആസൂത്രിതമായ നീക്കമാണ്. മതന്യൂനപക്ഷങ്ങളില്‍ അരക്ഷിത ബോധം സൃഷ്ടിക്കുകയാണ് ഭൂരിപക്ഷ വര്‍ഗീയവാദികള്‍ ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

അക്രമം, കൊള്ള, കൊല, കലാപങ്ങള്‍, മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കല്‍, കച്ചവടം തുടങ്ങിയ ജീവനോപാധികള്‍ നശിപ്പിക്കല്‍ തുടങ്ങി അതീവ ഗുരുതരമാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍. രാജ്യത്ത് നടന്ന പല വര്‍ഗീയ കലാപങ്ങള്‍ക്കും വിത്തിട്ടത് വിദ്വേഷ പ്രചാരണങ്ങളാണെന്ന് അന്വേഷണ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എത്രയെത്ര മുസ്‌ലിം ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കും കടകള്‍ക്കും മീതെയാണ് സമീപ കാലത്ത് ബുള്‍ഡോസറുകള്‍ കയറിയിറങ്ങിയത്. അക്രമങ്ങള്‍ തടയാന്‍ ബാധ്യസ്ഥരായ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇതുകണ്ട് ആഹ്ലാദിക്കുകയാണ്. മറ്റുള്ളവര്‍ വേദനിക്കുമ്പോള്‍ അതില്‍ സന്തോഷിക്കുന്ന കാലമാണിതെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി ടി രവികുമാര്‍ പറഞ്ഞതെത്ര വാസ്തവം. അസഹിഷ്ണുത വളരുമ്പോള്‍ മനുഷ്യത്വം അകന്നു പോകുകയാണെന്നും ഡല്‍ഹിയില്‍ മലയാളികള്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രീയ ആയുധം കൂടിയാണ് വെറുപ്പിന്റെ പ്രചാരണവും വിദ്വേഷ പ്രസംഗവും. ഉത്തരേന്ത്യയില്‍ സംഘ്പരിവാറിനു മേല്‍കൈയുള്ള സംസ്ഥാനങ്ങളില്‍ പ്രധാന അജന്‍ഡ തന്നെ വര്‍ഗീയ, വിദ്വേഷ പ്രചാരണമാണ്. ഇതുവഴി വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചാണ് അവര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറുന്നത്. ദിവസങ്ങള്‍ക്കകം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിച്ചതായി സംസ്ഥാന ആഭ്യന്തര വകുപ്പ് പറയുന്നു. ബി ജെ പി നേതാക്കന്‍മാരടക്കമുള്ള ഉത്തരവാദിത്വപ്പെട്ടവരാണ് ഈ വിഷയത്തില്‍ മുമ്പന്തിയില്‍. “ടിപ്പു-സവര്‍ക്കര്‍ ആശയധാരകള്‍ തമ്മിലാണ് തിരഞ്ഞെടുപ്പ്. ടിപ്പു ആരാധകരെ കൈകാര്യം ചെയ്യണ’മെന്നാണ് ബി ജ പി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിച്ചത്. നളിന്‍കുമാറിന് പുറമെ ഉന്നത വിദ്യാഭ്യാസ മന്ത്രി സി അശ്വന്ത് നാരായണന്‍, ശ്രീരാമസേനാ നേതാവ് പ്രമോദ് മുത്തലിക് തുടങ്ങിയവര്‍ ഒരു മാസത്തിനിടെ ഭീഷണി പ്രസംഗങ്ങളുമായി രംഗത്തുവന്നവരാണ്. വിദ്വേഷ പ്രചാരണം ഈവിധം വര്‍ധിച്ച സാഹചര്യത്തിലാണ് കോടതി ഇപ്പോള്‍ ശക്തമായി രംഗത്തു വന്നത്.

Latest