National
രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ വീഡിയോ അപ്ലോഡ് ചെയ്തു; യൂട്യൂബര്‍ക്ക് നോട്ടീസ് അയച്ച് കര്‍ണാടക പോലീസ്
ഉത്തര്‍പ്രദേശിലെ നോയ്ഡ സ്വദേശിയായ യൂട്യൂബര്‍ അജീത് ഭാരതിക്കാണ് നോട്ടീസ് അയച്ചത്.
ബെംഗളുരു|കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ വീഡിയോ അപ്ലോഡ് ചെയ്‌തെന്ന് കാണിച്ച് യൂട്യൂബര്‍ക്ക് നോട്ടീസ് അയച്ച് കര്‍ണാടക പോലീസ്. ഉത്തര്‍പ്രദേശിലെ നോയ്ഡ സ്വദേശിയായ യൂട്യൂബര്‍ അജീത് ഭാരതിക്കാണ് നോട്ടീസ് അയച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഏഴ് ദിവസത്തിനകം ഹാജരാവണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ബെംഗളുരുവിലെ ഹൈഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനില്‍ ജൂണ്‍ 15ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അഭിഭാഷകനും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസിന്റെ വിവരാവകാശ സെല്‍ സംസ്ഥാന സെക്രട്ടറിയുമായ ബി.കെ ബൊപ്പണ്ണയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
രാഹുല്‍ എരിതീയില്‍ എണ്ണയൊഴിക്കാന്‍ കഠിനമായി ശ്രമിക്കുന്നു, നസീര്‍ മോദിയെ മുസ്‌ലിം തൊപ്പിയില്‍ കാണാന്‍ ആഗ്രഹിക്കുന്നു’ എന്ന തലക്കെട്ടിലായിരുന്നു അജീത് ഭാരതി അപ്ലോഡ് ചെയ്ത വിഡിയോ. ഇത് വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ കാരണമാകുന്നതായി നോട്ടീസില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി എന്നെങ്കിലും ഒരു മുസ്‌ലിം തൊപ്പി ധരിച്ച് കാണാന്‍ ആഗ്രഹിക്കുന്നതായി നടനും സംവിധായകനും സാമൂഹിക വിമര്‍ശകനുമായ നസീറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നസീറുദ്ദീന്‍ ഷായുടെ പരാമര്‍ശം.