Connect with us

Articles

വിദ്വേഷമുത്പാദിപ്പിക്കുന്ന ക്യാമറക്കാഴ്ചകള്‍

'ദി കശ്മീര്‍ ഫയല്‍സ്' എന്ന സിനിമ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുകയാണ്. വെറുപ്പിന്റെയും അപരത്വ നിര്‍മിതിയുടെയും പ്രചാരണ തന്ത്രങ്ങള്‍ക്കായി കശ്മീര്‍ ഫയല്‍സ് ഉപയോഗിക്കപ്പെടുകയാണ് ഇപ്പോള്‍. കശ്മീരി പ്രശ്‌നത്തിനും പണ്ഡിറ്റുകളുടെ യാതനകള്‍ക്കും ഇടവരുത്തിയ രാഷ്ട്രീയവും ചരിത്രപരവുമായ കാരണങ്ങളെ സംബന്ധിച്ച് അജ്ഞത നിലനിര്‍ത്തിക്കൊണ്ട് തങ്ങളുടെ ഹിന്ദുത്വ അജന്‍ഡക്കാവശ്യമായ വ്യാഖ്യാനമായിട്ടാണ് സിനിമ എടുത്തിട്ടുള്ളത്.

Published

|

Last Updated

സംഘ്പരിവാര്‍ സഹയാത്രികരായ സിനിമാ പ്രവര്‍ത്തകര്‍ നിര്‍മിച്ച ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുകയാണ്. വെറുപ്പിന്റെയും അപരത്വ നിര്‍മിതിയുടെയും പ്രചാരണ തന്ത്രങ്ങള്‍ക്കായി കശ്മീര്‍ ഫയല്‍സ് ഉപയോഗിക്കപ്പെടുകയാണ് ഇപ്പോള്‍. അത്യന്തം ദുഃഖകരമായ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെയാണ് സിനിമ പ്രമേയമാക്കിയിരിക്കുന്നത്. പക്ഷേ കശ്മീരി പ്രശ്‌നത്തിനും പണ്ഡിറ്റുകളുടെ യാതനകള്‍ക്കും ഇടവരുത്തിയ രാഷ്ട്രീയവും ചരിത്രപരവുമായ കാരണങ്ങളെ സംബന്ധിച്ച് അജ്ഞത നിലനിര്‍ത്തിക്കൊണ്ട് തങ്ങളുടെ ഹിന്ദുത്വ അജന്‍ഡക്കാവശ്യമായ വ്യാഖ്യാനമായിട്ടാണ് സിനിമ എടുത്തിട്ടുള്ളത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കശ്മീരി പണ്ഡിറ്റുകളുടെ ദുരിതങ്ങള്‍ക്ക് കാരണമായ സംഭവഗതികളെ സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും വര്‍ഗീയവിദ്വേഷം പടര്‍ത്തുന്നതുമാണ് സിനിമയെന്നാണ് പൊതുവെയുയരുന്ന വിമര്‍ശം.

ഇസ്ലാമോഫോബിയ രാഷ്ട്രതന്ത്രമായി സ്വീകരിച്ചിരിക്കുന്ന ഇന്ത്യയിലെ ഹിന്ദുത്വവാദികളുടെ സര്‍ക്കാര്‍ കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വിഭജനബോധവും സൃഷ്ടിക്കാന്‍ നിരന്തരമായ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതാണ് ഹിജാബ് വിവാദമുള്‍പ്പെടെയുള്ള സമകാലീന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് കശ്മീരി ഫയല്‍സ് കാണാന്‍ സംസ്ഥാന ജീവനക്കാര്‍ക്ക് പ്രത്യേകം അവധി അനുവദിച്ചിരിക്കുകയാണ്! എന്തായാലും കശ്മീരി പണ്ഡിറ്റുകളുടെ ജീവിത ദുരിതങ്ങളെ സംബന്ധിച്ച സിനിമയുടെ പ്രതിപാദനം നമ്മുടെ ചരിത്രവും സമകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ട് പരിശോധിക്കപ്പെടേണ്ടതാണ്.

കശ്മീരിലെ ഭൂരിപക്ഷ മതസമൂഹമായിരുന്ന മുസ്ലിംകള്‍ക്ക് കശ്മീര്‍ പണ്ഡിറ്റുകളുടെ ദുരിതങ്ങള്‍ക്കും കൂട്ടപ്പലായനങ്ങള്‍ക്കും യാതൊരു പങ്കുമില്ലായിരുന്നുവെന്ന യാഥാര്‍ഥ്യത്തെയാണ് സംഘ്പരിവാര്‍ നിരന്തരമായി നിഷേധിച്ചുകൊണ്ടിരിക്കുന്നത്. ഭീകരവാദത്തെ മുസ്ലിം ജനതയുമായി സമീകരിച്ചുകാണുന്ന കടുത്ത വര്‍ഗീയ സമീപനമാണ് ഹിന്ദുത്വവാദികള്‍ എക്കാലത്തും സ്വീകരിച്ചുപോന്നത്. എന്നാല്‍ കശ്മീര്‍, ഭൂമിയിലെ പ്രകൃതി മനോഹരവും ബഹുസ്വരതയിലധിഷ്ഠിതവുമായ മനുഷ്യജീവിതം നിലനിന്നിരുന്നതുമായ പ്രദേശമായിരുന്നു. ആ ബഹുസ്വര സമൂഹത്തില്‍ വര്‍ഗീയ വിഭജനവും സംഘര്‍ഷങ്ങളും വളര്‍ത്തുന്നതില്‍ ബ്രിട്ടീഷുകാരുടെയും ദോഗ്ര മഹാരാജാവിന്റെയും കൈയില്‍ കളിച്ച ആര്‍ എസ് എസും ഹിന്ദു മഹാസഭയുമാണ് പ്രധാന പങ്കുവഹിച്ചത്. കശ്മീരിലെ അശാന്തിക്ക് ആര്‍ എസ് എസും കശ്മീര്‍ താഴ്്വരയില്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്ന പാക് പിന്തുണയുള്ള ഭീകരവാദ സംഘങ്ങളും ഒരേപോലെ ഉത്തരവാദികളാണ്.

ഇന്ത്യന്‍ യൂനിയനിലേക്ക് കശ്മീരിന്റെ സംയോജനത്തെ എതിര്‍ത്ത ദോഗ്ര രാജാവിനോടൊപ്പം ചേര്‍ന്ന് ഇന്ത്യക്കെതിരായി യുദ്ധം ചെയ്തവരാണ് ആര്‍ എസ് എസും അവരുടെ കശ്മീരിലെ രാഷ്ട്രീയ മുഖമായ പ്രജാപരിഷത്തുമെന്ന യാഥാര്‍ഥ്യത്തെക്കുറിച്ച് അജ്ഞത സൃഷ്ടിച്ചുകൊണ്ടാണ് കശ്മീര്‍ സംഭവങ്ങള്‍ക്കും പണ്ഡിറ്റുകളുടെ ദുരിതങ്ങള്‍ക്കും കാരണം മുസ്ലിംകളാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഹിന്ദുത്വവാദികള്‍ സിനിമ നിര്‍മിക്കുന്നത്. ആര്‍ എസ് എസിന്റെ കശ്മീര്‍ അജന്‍ഡയുടെ ഭാഗമായിരിക്കാം ഈ സിനിമയും. 370ാം വകുപ്പ് എടുത്തുകളഞ്ഞ് കശ്മീരിനെ തടവറയാക്കി നിര്‍ത്തിയ മോദി സര്‍ക്കാറിന്റെ കുറ്റകരവും ഭരണഘടനാവിരുദ്ധവുമായ നടപടികള്‍ക്ക് സിനിമ എന്ന മാധ്യമത്തെക്കൂടി ഉപേയാഗിച്ച് ന്യായം ചമക്കുകയാകാം.

കശ്മീരിന്റെ ചരിത്രം പഠിക്കുമ്പോള്‍ ഏകദേശം 2,000 വര്‍ഷങ്ങള്‍ക്കു മുമ്പ് അതൊരു ബുദ്ധമത കേന്ദ്രമായിരുന്നു. ബുദ്ധമതത്തെ നിഷ്‌കാസനം ചെയ്തുകൊണ്ട് ബ്രാഹ്‌മണ്യം നേടിയ വിജയത്തെ തുടര്‍ന്നാണ് കശ്മീര്‍ ഒരു ബ്രാഹ്‌മണാധിപത്യമുള്ള കേന്ദ്രമായി വളര്‍ന്നത്. പേര്‍ഷ്യക്കാരും അറബികളും വന്നതോടെ കശ്മീര്‍ പേര്‍ഷ്യന്‍ സംസ്‌കൃതിയുടെ പ്രധാന കേന്ദ്രമായി. ഷാമീര്‍ രാജവംശം ഭരിച്ച നാളുകളില്‍ കശ്മീര്‍ വ്യത്യസ്ത സംസ്‌കാരങ്ങളുടെ സമന്വയ ഭൂമിയായിരുന്നു. അക്ബര്‍ ചക്രവര്‍ത്തിയാണ് ബ്രാഹ്‌മണ പണ്ഡിറ്റുകളുടെ സഹായത്തോടെ കശ്മീരിനെ സമൃദ്ധിയും സമ്പന്നതയുമുള്ള നാടാക്കി മാറ്റിയത്. മുഗള്‍ ഭരണകാലമാണ് കശ്മീരിനെ ഗരിമയുള്ള കെട്ടിടങ്ങളുടെയും ഉദ്യാനങ്ങളുടെയും നഗരമാക്കി വളര്‍ത്തിയത്. മധ്യേഷ്യയില്‍ നിന്ന് കടന്നുവന്ന സൂഫീ ദര്‍ശനങ്ങളാണ് കശ്മീരിനെ ഉച്ചനീചത്വങ്ങളില്ലാത്ത സമൂഹമാക്കി മാറ്റാന്‍ സഹായിച്ചത്.

നാദിര്‍ഷായുടെ ആക്രമണങ്ങളും മുഗള്‍ ഭരണത്തിന്റെ തകര്‍ച്ചയും കശ്മീരിനെ അനാഥമാക്കിയെന്നുപറയാം. ഈയൊരു അവസരത്തിലാണ് 1819ല്‍ പഞ്ചാബിലെ സിഖ് രാജാവായ രണ്‍ജിത്ത് സിംഗ് കശ്മീര്‍ പിടിച്ചെടുക്കുന്നത്. രണ്‍ജിത്ത് സിംഗ് മുസ്ലിംകളുടെ ആചാരങ്ങളെ നിരോധിക്കുകയും വാങ്ക് വിളികളും നിസ്‌കാരവുമെല്ലാം തടയുകയും ചെയ്തു. ഇതേ തുടര്‍ന്ന് കശ്മീരി മുസ്ലിംകളുടെ കൂട്ടപ്പലായനമുണ്ടായി. 1846ല്‍ ആംഗ്ലോ-സിഖ് യുദ്ധത്തെ തുടര്‍ന്നാണ് ബ്രിട്ടീഷ് സഹായത്തോടെ ദോഗ്ര രജപുത്രന്മാര്‍ കശ്മീരില്‍ ഭരണമാരംഭിച്ചത്.

ദോഗ്ര ഭരണത്തിനു കീഴില്‍ മുസ്ലിംകള്‍ക്കെതിരായ ആക്രമണവും കശ്മീരിന്റെ സമാധാനജീവിതം തകര്‍ക്കുന്ന നടപടികളും പതിവായി തീര്‍ന്നു. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഹരിസിംഗ് എന്ന ദോഗ്ര രാജാവായിരുന്നു കശ്മീര്‍ ഭരിച്ചിരുന്നത്. അദ്ദേഹം ഇന്ത്യന്‍ യൂനിയനില്‍ ചേരാന്‍ തയ്യാറായില്ല. അമേരിക്കയും ബ്രിട്ടനുമൊക്കെയായി ആലോചിച്ച് കശ്മീരിനെ ഒരു സ്വതന്ത്ര രാജ്യമാക്കാനാണ് ശ്രമിച്ചത്. ജനസംഖ്യയില്‍ ഭൂരിപക്ഷം മുസ്ലിംകള്‍ താമസിക്കുന്ന കശ്മീരിനെ ഹിന്ദുരാജ്യമാക്കി നിലനിര്‍ത്താന്‍ ദോഗ്ര രാജാവിന് എല്ലാവിധ പിന്തുണയും നല്‍കുകയാണ് ആര്‍ എസ് എസ് ചെയ്തത്. ഇന്നത്തെ കശ്മീരിലെ കാലുഷ്യങ്ങളുടെയെല്ലാം അടിസ്ഥാനമായിരിക്കുന്നത് ഇന്ത്യാ വിരുദ്ധമായ ദോഗ്ര രാജാവിന്റെയും ഹിന്ദുത്വവാദികളുടെയും നിലപാടുകളായിരുന്നു.

1932ല്‍ ശൈഖ് അബ്ദുല്ല സ്ഥാപിച്ച മുസ്ലിം കോണ്‍ഫറന്‍സ് കൂടുതല്‍ ദേശീയ അടിത്തറ ഉണ്ടാക്കിക്കൊണ്ട് 1939ല്‍ നാഷനല്‍ കോണ്‍ഫറന്‍സ് ആയി മാറി. അത് മുസ്ലിംകളും കശ്മീരി പണ്ഡിറ്റുകളുമെല്ലാം ഉള്‍ക്കൊള്ളുന്ന കശ്മീരി ജനതയുടെ സാംസ്‌കാരികവും സാമ്പത്തികവുമായ സുരക്ഷിതത്വത്തെ ലക്ഷ്യംവെച്ചാണ് പ്രവര്‍ത്തിച്ചത്. 1937 മുതല്‍ തന്നെ അബ്ദുല്ല കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് നാട്ടുരാജ്യങ്ങളില്‍ ജനാധിപത്യ ഭരണം കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. നാഷനല്‍ കോണ്‍ഫറന്‍സാണ് കശ്മീരിലെ ഹിന്ദു-സിഖ്-മുസ്ലിം ജനവിഭാഗങ്ങളെ യോജിപ്പിച്ച് ദോഗ്ര രാജാവിനെതിരായ ഒരു ‘നയാ കശ്മീരിനു’വേണ്ടിയുള്ള പ്രസ്ഥാനമാരംഭിച്ചത്. ഈ പ്രസ്ഥാനം അറസ്റ്റും മര്‍ദനങ്ങളും ജയില്‍വാസവും നേരിട്ടുകൊണ്ടാണ് സമരം മുന്നോട്ടുകൊണ്ടുപോയത്. ശൈഖ് അബ്ദുല്ല ദീര്‍ഘകാലം ജയിലില്‍ കിടന്നു.

മുഹമ്മദലി ജിന്ന കശ്മീര്‍ ജനതയെ മുസ്ലിം ലീഗിനൊപ്പം നിര്‍ത്താനും പാക്കിസ്ഥാന്‍ ആവശ്യമുന്നയിക്കാനും ശൈഖ് അബ്ദുല്ലയോട് ചര്‍ച്ച നടത്തിയിരുന്നു. തികഞ്ഞ ദേശീയവാദിയായ ശൈഖ് അബ്ദുല്ല ജിന്നയുടെ നിലപാടുകളെ തള്ളിക്കളയുകയാണ് ചെയ്തത്. ആ സമയത്ത് ഒരു വിഭാഗം പണ്ഡിറ്റുകള്‍ കശ്മീരിനെ പാക്കിസ്ഥാനുമായി ചേര്‍ക്കണമെന്ന വാദമുയര്‍ത്തിയിരുന്നുവെന്ന കാര്യം വിസ്മരിച്ചുകളയരുത്. ഇക്കാര്യങ്ങളെല്ലാം പണ്ഡിറ്റ് വിഭാഗത്തില്‍ നിന്നുള്ള എഴുത്തുകാരനായ പ്രേംനാഥ് ബാസാസ് തന്റെ കശ്മീരിലെ സ്വാതന്ത്ര്യ സമരം എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കശ്മീരിനെ പാക്കിസ്ഥാനോട് ചേര്‍ക്കണമെന്ന വാദമാണ് അന്ന് പണ്ഡിറ്റുകളില്‍ ഒരുവിഭാഗം ഉയര്‍ത്തിയിരുന്നത്. ഇതിന്റെ പേരില്‍ ശൈഖ് അബ്ദുല്ല പ്രേംനാഥ് ബാസാസിനെയും പണ്ഡിറ്റ് കുഞ്ഞയലാല്‍ കൗളിനെയും കശ്മീരില്‍ നിന്ന് പുറത്താക്കുന്ന നടപടി വരെ സ്വീകരിച്ചു. ഈ ഘട്ടത്തിലെല്ലാം ആര്‍ എസ് എസും ഹിന്ദു മഹാസഭയും അവരുടെ സാമൂഹിക അടിസ്ഥാനമായി വര്‍ത്തിച്ച കശ്മീരി പണ്ഡിറ്റുകളില്‍ ഭൂരിഭാഗവും കശ്മീരിനെ പാക്കിസ്ഥാനോട് ചേര്‍ക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് കരുതിയവരായിരുന്നു. ഇന്ത്യയോട് ചേരാതെ ഒരു സ്വതന്ത്ര കശ്മീര്‍ ഹിന്ദു രാജ്യമായിരുന്നു ദോഗ്ര രാജാവിന്റെയും ആര്‍ എസ് എസിന്റെയും ആവശ്യം. ഇന്ത്യയോട് കശ്മീരിനെ ചേര്‍ത്തുകൊണ്ടുള്ള ധാരണകളും വ്യവസ്ഥകളും ഭരണഘടനയുടെ 370ാം വകുപ്പും എല്ലാ കാലത്തും ആര്‍ എസ് എസ് വ്യത്യസ്ത കാരണങ്ങളാല്‍ എതിര്‍ത്തുപോന്ന കാര്യങ്ങളായിരുന്നു.

ശീതയുദ്ധ കാലത്തുള്ള ഈ മേഖലയിലെ അമേരിക്കന്‍ താത്പര്യങ്ങളും ഇടപെടലുകളുമാണ് കശ്മീര്‍ പ്രശ്‌നത്തെ സങ്കീര്‍ണമാക്കിയത്. 1980കളോടെയാണ് കശ്മീര്‍ താഴ്്വരയില്‍ പാക് സ്പോണ്‍സേഡ് രാഷ്ട്രീയ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ സജീവമാകുന്നത്. അത്തരം ഭീകര സംഘങ്ങളാണ് പണ്ഡിറ്റുകള്‍ക്ക് നേരേ തിരിഞ്ഞത്. കശ്മീരിന്റെ സൂഫി സംസ്‌കാരം നിലനിര്‍ത്തണമെന്ന് വാദിച്ച മുസ്ലിം പണ്ഡിതന്മാരെ ഈ ഭീകരവാദ സംഘങ്ങള്‍ വേട്ടയാടി. ഈ ഭീകരവാദ സംഘങ്ങള്‍ക്ക് കശ്മീരി മുസ്ലിം ജനതയും സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ല.

കശ്മീരിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് സ്വാതന്ത്ര്യദിനം ആചരിക്കാന്‍ ചില സംഘടനകള്‍ മുന്നോട്ടുവന്നു. സംസ്ഥാന സര്‍ക്കാര്‍ തന്നെ അപ്രസക്തമാകുന്ന സാഹചര്യം ഉടലെടുത്തു. ഈയൊരു സാഹചര്യത്തിലാണ് കശ്മീരില്‍ നിന്ന് കൂട്ടത്തോടെ പണ്ഡിറ്റുകള്‍ പലായനം ചെയ്യുന്ന അവസ്ഥയുണ്ടായത്. ഭീകരവാദത്തെ നേരിടാനെന്ന പേരില്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ മുന്‍ ആലോചനയില്ലാത്ത നടപടികള്‍ ജനങ്ങളില്‍ ഒരു വിഭാഗത്തെ ഭീകരവാദികള്‍ക്ക് അനുകൂലമായി ചിന്തിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു. അതെല്ലാം സൃഷ്ടിച്ച സങ്കീര്‍ണമായ സാഹചര്യത്തില്‍ നിന്ന് വേണം കശ്മീര്‍ പ്രശ്‌നങ്ങളെ മനസ്സിലാക്കേണ്ടത്.