National
ഹത്രാസ് ദുരന്തം: ആറുപേർ അറസ്റ്റിൽ
കേസിലെ പ്രധാനപ്രതിയായി എഫ്‌ഐആറില്‍ പേരുള്ള ദേവ് പ്രകാശ് മധുകറിനേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു.
ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേര്‍ മരിച്ച സംഭവത്തില്‍ ആര്‍ പേര്‍ അറസ്റ്റില്‍. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പ്രാര്‍ഥനാച്ചടങ്ങിന്റെ സംഘാടകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു.
കേസിലെ പ്രധാനപ്രതിയായി എഫ്‌ഐആറില്‍ പേരുള്ള ദേവ് പ്രകാശ് മധുകറിനേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് പ്രഖ്യാപിച്ചു. പ്രകാശ് മധുകറിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭോലെ ബാബയുടെ മുഖ്യ അനുയായിയാണ് മധുകര്‍. ഇയാളാണ് സത്സംഗിന്റെ മുഖ്യസംഘാടകന്‍.
അറസ്റ്റിലായ ആറുപേര്‍ ക്രൗഡ് മാനേജ്‌മെന്റ് ചുമതലയുള്ള സന്നദ്ധപ്രവര്‍ത്തകരാണെന്നും ഇവരാണ് പരിപാടിയില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.പോലീസോ മറ്റ് ഉദ്യോഗസ്ഥരോ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇവര്‍ അനുവദിച്ചില്ലെന്നും അലിഗഢ് ഐജി വ്യക്തമാക്കി.
സത്സംഗിന് നേതൃത്വം നല്‍കിയ ഭോലെ ബാബയ്‌ക്കെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.ഇയാളെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.