National
ഹാത്റസ്: ഇരയുടെ കുടുംബാംഗത്തിന് ജോലി നൽകണമെന്ന ഉത്തരവിന് എതിരായ യുപി സർക്കാറിന്റെ ഹർജി സുപ്രീം കോടതി തള്ളി
ഇത് ഇരയുടെ കുടുംബത്തിന് നൽകുന്ന സൗകര്യങ്ങളാണെന്നും അതിൽ ഇടപെടാൻ പാടില്ലെന്നും കോടതി
ന്യൂഡൽഹി | ഹാത്റസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ കുടുംബാംഗത്തിന് ജോലി നൽകാനും കുടുംബത്തെ ഹാത്റസിൽ നിന്ന് മാറ്റിപ്പാർപ്പിക്കണമെന്നുമുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹൈക്കോടതി ഉത്തരവിനെതിരെ ഉത്തർപ്രദേശ് സർക്കാർ അപ്പീൽ നൽകിയതിൽ സുപ്രിം കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.
ഇത് ഇരയുടെ കുടുംബത്തിന് നൽകുന്ന സൗകര്യങ്ങളാണെന്നും അതിൽ ഇടപെടാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ സംസ്ഥാനം ഹരജിയുമായി വരരുതെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനോട് പറഞ്ഞു.
മൂത്ത വിവാഹിതനായ സഹോദരനെ ഇരയുടെ ആശ്രിതനായി കണക്കാക്കാൻ കഴിയുമോ എന്നത് നിയമപരമായി പരിശോധിക്കേണ്ട കാര്യമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കുടുംബത്തെ മാറ്റിപ്പാർപ്പിക്കാൻ തയ്യാറാണെന്നും എന്നാൽ കുടുംബം നോയിഡയിലേക്കോ ഗാസിയാബാദിലേക്കോ ഡൽഹിയിലേക്കോ മാറാനാണ് ആഗ്രഹിക്കുന്നുവെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു.
ഹാത്റസ് കേസിലെ ഇരയുടെ കുടുംബാംഗത്തിന് ജോലി നൽകാനും കുടുംബത്തെ മാറ്റിപ്പാർപ്പിക്കാനും 2022 ജൂലൈ 26നാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കുടുംബത്തിന്റെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയും പട്ടികജാതി/ പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം നൽകുന്ന അവകാശങ്ങളും കണക്കിലെടുത്തായിരുന്നു ഉത്തർപ്രദേശ് ഹൈക്കോടതിയുടെ നടപടി.
2020 സെപ്റ്റംബര് 19 നാണ് ഉത്തര്പ്രദേശിലെ ഹത്രാസിൽ ബാലിക കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടർന്ന് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി സെപ്തംബർ 29ന് ഡല്ഹിയിലെ സഫ്ദര്ജംഗ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.
മാര്ച്ച് ആദ്യവാരം ഉത്തര്പ്രദേശിലെ വിചാരണക്കോടതി ഹര്ത്രാസ് ബലാത്സംഗ കൊലപാതക കേസിലെ നാല് പ്രതികളില് മൂന്ന് പേരെ കുറ്റവിമുക്തരാക്കിയിരുന്നു. ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 304 പ്രകാരം പ്രധാന പ്രതി സന്ദീപ് സിംഗിനെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് എസ്സി / എസ്ടി കോടതി ശിക്ഷിക്കുകയും ബാക്കി മൂന്ന് പ്രതികളെ വെറുതെ വിടുകയുമാണ് ചെയ്തത്.