National
ഹത്രാസ് ദുരന്തം; ഭോലെ ബാബയുടെ പേര് പരാമര്‍ശിക്കാതെ അന്വേഷണ റിപ്പോര്‍ട്ട്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, അലിഗഡ് പൊലീസ് കമ്മീഷണര്‍ എന്നിവരുള്‍പ്പെട്ട അന്വേഷണ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
ലക്‌നോ | ഉത്തര്‍പ്രദേശിലെ ഹത്രസില്‍ മതചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതേസമയം പ്രാര്‍ഥന ചടങ്ങിന് നേതൃത്വം നല്‍കിയ ആള്‍ദൈവം ഭോലെ ബാബയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ല.
പരിപാടിയില്‍ അനുവദിച്ചതിലും അധികം പേരെ പങ്കെടുപ്പിച്ചുവെന്നും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്നമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. സ്ഥലത്ത് കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനാകുമോ എന്ന പരിശോധന നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അശ്രദ്ധ ദുരന്തത്തിന് കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, അലിഗഡ് പൊലീസ് കമ്മീഷണര്‍ എന്നിവരുള്‍പ്പെട്ട അന്വേഷണ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജൂലൈ ആറിന് ഭോലെ ബാബയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ബാബയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പോലീസിന്റെ നിലപാട്.
ആവശ്യമെങ്കില്‍ ഭോലെ ബാബയെ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പൊലീസ്.
80000 പേര്‍ക്കുള്ള അനുമതി വാങ്ങിയ പരിപാടിയില്‍ രണ്ടരലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചു എന്നാണ് പോലീസ് പറയുന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം വര്‍ധിച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാല്‍ എന്ന ആള്‍ദൈവത്തിന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് 121 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. പരിപാടിയുടെ വളണ്ടിയര്‍മാരായ ആറ് പേരെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.