Connect with us

National

ഹത്രാസ് ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്നും യോഗി ആദിത്യനാഥ്

Published

|

Last Updated

ലഖ്നൗ |  ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേര്‍ മരിച്ച സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍.  റിട്ട. ജഡ്ജിയായിരിക്കും അന്വേഷണം നടത്തുക. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കി. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം, ദുരന്തത്തിന് പിന്നാലെ മുങ്ങിയ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബയെ കണ്ടെത്താനായി പോലീസ് അന്വേഷണം തുടരുകയാണ്.

ദുരന്തത്തില്‍ 121 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ച 121 പേരില്‍ 89 പേര്‍ ഹഥ്റസ് സ്വദേശികളാണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചവരില്‍ ഏറെയും. മരണ സംഖ്യ ഉയരാന്‍ കാരണം ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണെന്നാണ് മരിച്ചവരുടെ ബന്ധുക്കളുടെ ആരോപണം.ഹത്രാസിലെ സിക്കന്ദര്‍ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തല്‍ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകര്‍ വിശ്വഹരിയുടെ നേതൃത്വത്തില്‍ ഇവിടെ പ്രാര്‍ത്ഥന പരിപാടി നടന്നത്. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയതായി വ്യക്തമായി.പരിപാടിയില്‍ അനുവദിച്ചതിലും അധികം പേര്‍ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Latest