Connect with us

International

ഹവാന സിന്‍ഡ്രോം; കമല ഹാരിസിന്റെ വിയറ്റ്‌നാം യാത്ര വൈകി

ഹാനോയിലെ യു.എസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോം ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് കമല ഹാരിസിന്റെ യാത്ര വൈകിയത്.

Published

|

Last Updated

വാഷിങ്ടണ്‍| യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വിയറ്റ്‌നാം യാത്ര ഹവാന സിന്‍ഡ്രോം രോഗ ഭീഷണിയെത്തുടര്‍ന്ന് മൂന്ന് മണിക്കൂറോളം വൈകിയതായി റിപ്പോര്‍ട്ടുകള്‍. ഹാനോയിലെ യു.എസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോം ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് കമല ഹാരിസിന്റെ യാത്ര വൈകിയതെന്ന് വിയറ്റ്‌നാമിലെ യു.എസ് എംബസി അധികൃതര്‍ വ്യക്തമാക്കി. ഹാനോയിലെ രണ്ട് യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോം ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് എംബസിയില്‍ നിന്ന് ലഭിച്ച അറിയിപ്പിനെത്തുടര്‍ന്നാണ് സിംഗപ്പുരില്‍ നിന്ന് വിയറ്റ്‌നാമിലേക്കുള്ള വൈസ് പ്രസിഡന്റിന്റെ യാത്ര വൈകിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യു.എസ് എംബസികളിലെയും കോണ്‍സുലെറ്റുകളിലെയും ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോം എന്ന അജ്ഞാതരോഗം പിടിപെട്ടിട്ടുണ്ട്. കാരണങ്ങള്‍ അജ്ഞാതമായ ഈ രോഗം യുഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള രഹസ്യാക്രമണമായാണ് കണക്കാക്കുന്നത്. 2016ല്‍ ക്യൂബന്‍ തലസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന യു.എസ് പ്രതിനിധി ഉദ്യോഗസ്ഥരിലാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. അങ്ങനെയാണ് ഹവാന സിന്‍ഡ്രോം എന്ന പേര് നല്‍കിയത്.

തലചുറ്റല്‍, തലവേദന, കേള്‍വിക്കുറവ്, ഓര്‍മശക്തിക്കുണ്ടാകുന്ന പിഴവ് തുടങ്ങി മാനസികനില തകരാറിലാക്കുന്ന വിവിധ ലക്ഷണങ്ങളാണ് ഹവാന സിന്‍ഡ്രോമിനുള്ളത്. ലക്ഷണങ്ങള്‍ തീവ്രമാകുന്നതോടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ മിക്ക ഉദ്യോഗസ്ഥരും സ്വമേധയാ വിരമിക്കുകയാണ് പതിവ്.

Latest