Connect with us

Editors Pick

ഈ അസുഖങ്ങൾ ഉണ്ടോ? എങ്കിൽ കാപ്പി കുടിക്കരുത്

ചില രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകളിൽ കാപ്പി കുടിക്കുന്നത് അല്പം ശ്രദ്ധിച്ചുവേണം. അവ നിങ്ങളുടെ രോഗത്തിന്റെ തീവ്രത കൂട്ടിയേക്കും.

Published

|

Last Updated

കാപ്പി നമ്മൾക്ക് എല്ലാവർക്കും ഇഷ്ടമുള്ള പാനീയമാണ്. കട്ടൻ കാപ്പിയായും ബ്രൂകോഫി ആയും പാൽ കാപ്പിയായുമൊക്കെ കാപ്പി അകത്തെത്തിക്കുന്നവരാണ് നമ്മൾ. വില കേട്ടാൽ കണ്ണു തള്ളുന്ന ക്യാപിച്ചീനോ കാപ്പികളിലെ രാജാവാണ്. എന്നാൽ ചില അസുഖമുള്ളവർക്ക് കാപ്പി കുടിക്കരുത് എന്ന കാര്യം അറിയാമോ?. ഏതൊക്കെയാണ് അസുഖക്കാർ എന്ന് നോക്കാം. ചില രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകളിൽ കാപ്പി കുടിക്കുന്നത് അല്പം ശ്രദ്ധിച്ചുവേണം. അവ നിങ്ങളുടെ രോഗത്തിന്റെ തീവ്രത കൂട്ടിയേക്കും.

ഓവർ ആക്ടിവ് ബ്ലാഡർ

ഈ അസുഖമുള്ളവർ പെട്ടെന്ന് മൂത്രം ഒഴിക്കാൻ തോന്നുന്നവരാണ്. നമ്മളിൽ പലരും വെള്ളം കുടിച്ച് ഉടനെ മൂത്രം ഒഴിക്കാൻ തോന്നുന്ന വരൊക്കെയായിരിക്കും. ഇത് ഒരു രോഗാവസ്ഥയായി അല്ല നമ്മൾ കണക്കാക്കുന്നത്. പലർക്കും ഇത്തരം അവസ്ഥ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരിക്കും. ദിവസത്തിന്റെ കൂടുതൽ സമയവും ഇവർ മൂത്രമൊഴിക്കാനായി വാഷ് റൂമിൽ ചിലവഴിക്കുന്നവർ ആയിരിക്കും. ഇത്തരക്കാരിൽ അറിയാതെ മൂത്രം പോകുന്ന ബുദ്ധിമുട്ടുള്ളവരും ഉണ്ട്. ഈ രോഗികൾ കാപ്പി കുടിക്കുന്നത് മൂത്രമൊഴിക്കുന്നതിനുള്ള ത്വര വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം രോഗികൾ കാപ്പി ഒഴിവാക്കുന്നതാണ് ഉത്തമം.

ഗർഭിണികൾ

ഗർഭിണികളും ഒരുപാട് അളവിൽ കാപ്പി കുടിക്കരുത്. അമിത അളവിൽ കാപ്പി കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ കഫീൻ വർദ്ധിപ്പിക്കുകയും ഇത് കുഞ്ഞിന്റെ ആരോഗ്യത്തെയും നമ്മുടെ ആരോഗ്യത്തെയും ബാധിക്കുകയും ചെയ്യുന്നു. ഇത് അബോർഷൻ, കുറഞ്ഞ ജനനഭാരം എന്നിവയ്ക്കും കാരണമായേക്കാം. ഗർഭധാരണത്തിലും ഇത് സങ്കീർണതകൾ ഉണ്ടാക്കിയേക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. പലപ്പോഴും ഗർഭാശയത്തിലെ രക്തക്കുഴലുകൾ ചുരുങ്ങാൻ വരെ കാപ്പി കാരണം ആകുന്നു. കൂടാതെ കാപ്പിയുടെ അമിത ഉപയോഗം ഗർഭസ്ഥശിശുവിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും അത് കുഞ്ഞിനെ ബാധിക്കുകയും ചെയ്യുന്നു.

ഗ്ലൂക്കോമ

കാഴ്ച തകരാറുമായി ബന്ധപ്പെട്ട ഒരു അസുഖമാണ് ഗ്ലൂക്കോമ. ഈ അസുഖം ബാധിക്കുന്നത് നമ്മുടെ ഒപ്റ്റിക് നാഡിയെയാണ്. അതുകൊണ്ടുതന്നെ ഗ്ലൂക്കോമ ഉള്ളവർ കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്. ഈ നാഡിയാണ് നിങ്ങളുടെ കണ്ണിൽ നിന്ന് തലച്ചോറിലേക്ക് വിവരങ്ങൾ കൈമാറുന്നത്. ഒപ്ടിക് നാഡിയുടെ അനാരോഗ്യമാണ് കാഴ്ചയെ തകരാറിൽ ആക്കുന്നത്. അന്താരാഷ്ട്ര മൾട്ടി സെന്റർ പഠനം പറയുന്നത് ഗ്ലൂക്കോമ ഉള്ളവർ കാപ്പി കുടിക്കുമ്പോൾ അസുഖത്തിനുള്ള സാധ്യത കൂടുന്നു എന്നതാണ്. അതുകൊണ്ട് ഗ്ലൂക്കോമ ഉള്ളവർ കാപ്പയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

മൈഗ്രേൻ

മൈഗ്രേൻ ഉള്ളവർ കാപ്പി ഒഴിവാക്കണമെന്നാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്. കാപ്പിയിലുള്ള കഫീൻ മൈഗ്രേനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാം എന്നും ഡോക്ടർമാർ പറയുന്നു. അതുകൊണ്ട് മൈഗ്രേൻ ഉള്ളവർ കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്.

ഉറക്കക്കുറവ് ഉള്ളവർ

ഉറക്ക തകരാറുള്ളവരാണ് നിങ്ങളെങ്കിൽ കാപ്പി നിങ്ങളിൽ ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കും. കാപ്പി ശാരീരിക ഊർജ്ജം വർദ്ധിപ്പിക്കുകയും അതുകൊണ്ടുതന്നെ ഇത്തരം അവസ്ഥയിൽ നിങ്ങൾക്ക് ഉറക്കം വരാതിരിക്കുകയും ചെയ്യും. ഉറക്ക പ്രശ്നം ഉള്ളവർ കാപ്പി ഒഴിവാക്കുന്നതാണ് ഉത്തമം.

കാപ്പിയും ചായയും ഒക്കെ ഉന്മേഷത്തിന് നല്ലതാണെങ്കിലും മേൽപ്പറഞ്ഞ അസുഖമുള്ളവർ ഇവയെ അകറ്റി നിർത്തുന്നതാണ് നല്ലത്. ചുമ്മാ ബുദ്ധിമുട്ടുകൾ വിളിച്ചു വാങ്ങിക്കേണ്ടല്ലോ.

Latest