Connect with us

cover story

നിങ്ങൾ യുദ്ധഭൂമിയിലെ കുട്ടികളെ കണ്ടിട്ടുണ്ടോ?

ഒരു യുദ്ധവും ആരും ജയിക്കുന്നില്ലെന്നും ആത്യന്തികമായി മനുഷ്യനാണ് എല്ലാം നഷ്ടപ്പെടുന്നതെന്നും ഓര്‍മപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഫലസ്തീനില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. സ്‌ഫോടനങ്ങളുടെ ഭയാനകമായ ശബ്ദം കേട്ടുണരുന്ന ബാല്യങ്ങളാണ് ഫലസ്തീനിലുള്ളത്. സ്വന്തം ബന്ധുക്കളെല്ലാം കൊല്ലപ്പെട്ട ഒരു പിഞ്ചുകുഞ്ഞിന്റെ വേദന എത്രമേല്‍ ഹൃദയഭേദകമാണ്? മാരകമായി പരുക്കേറ്റ് നിത്യരോഗികളായി കഴിയേണ്ടി വരുന്ന കുട്ടികള്‍. പാഠപുസ്തകങ്ങളും ബെഞ്ചും ഡെസ്‌കും സ്‌കൂളും കത്തിച്ചാമ്പലാകുന്നത് നേരില്‍ കാണുന്ന കുട്ടികള്‍. ഭക്ഷണത്തിന് നീണ്ട വരി നിന്ന് ഒടുവില്‍ ഒന്നും കഴിക്കാന്‍ കിട്ടാതെ വിശന്ന് കരഞ്ഞ് ഉറങ്ങിപ്പോകുന്ന പിഞ്ചോമനകള്‍. രാത്രിയില്‍ ഒട്ടുമേ ഉറങ്ങാന്‍ കഴിയാതെ പേടിച്ചൊളിച്ച്, നേരം വെളുപ്പിക്കുന്ന കുട്ടികള്‍. കണ്‍മുന്നില്‍ ജീവന് വേണ്ടി പിടയുന്ന കൂട്ടുകാരുടെ ചോരയില്‍ കുതിര്‍ന്ന ശരീരങ്ങള്‍. ഒരുപക്ഷേ, ഫലസ്തീനിലെ ബാല്യങ്ങള്‍ക്ക് മാത്രം പരിചയമുള്ള ഈ കാഴ്ചകളെ എങ്ങനെയാണ് വിശദീകരിക്കുക?

Published

|

Last Updated

“ഏറ്റവും ചെറിയ ശവപേടകമാണ് ഏറ്റവും ഭാരമേറിയത്.’
ഏണസ്റ്റ് ഹെമിംഗ്‌വേ

ആദ്യമായാണ് എഴുതുന്നതിനിടയില്‍ നെഞ്ച് പിടഞ്ഞ് ഹൃദയതാളം തെറ്റി ഏറെ അസ്വസ്ഥതയോടെ നിര്‍ത്തേണ്ടി വന്നത്. ഇതെഴുതി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നുപോലും നിശ്ചയമില്ല. അത്രമേല്‍ വലിയ വേദന. ഉള്ള് പിടയുന്ന കണ്ണീര്‍ക്കാഴ്ചകളുടെ ദിവസങ്ങളോളമുള്ള വായനകള്‍ക്കൊടുവില്‍, 2023 ഒക്ടോബര്‍ 12 വ്യാഴാഴ്ച അര്‍ധരാത്രി ഫലസ്തീനിലെ രണഭൂമിയിലെ കുട്ടികളെക്കുറിച്ചെഴുതുമ്പോള്‍ ഇത്രമേല്‍ ഭാരമനുഭവപ്പെടുമെന്ന് നിനച്ചില്ല. ഒരു യുദ്ധത്തിന്റെ ഭീകരത നിഷ്‌കളങ്കരായ പിഞ്ചുകുട്ടികളെ എങ്ങനെയാണ് ബാധിക്കുന്നതെന്നും അവര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്താണെന്നുമുള്ള ഏതന്വേഷണവും ചെന്നെത്തുന്നത് ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന അപാരമായ വേദനയിലായിരിക്കും. ഒരുപക്ഷേ, ഈ വേദന നിങ്ങള്‍ക്ക് സമ്മാനിക്കുക ഉറക്കംപോലും കവര്‍ന്നെടുക്കുന്ന വിഷാദമായിരിക്കും. ധീരതയുടെയും പ്രതിരോധത്തിന്റെയും കാൽപ്പനികമായ വ്യാഖ്യാനങ്ങള്‍ക്കപ്പുറം, മനുഷ്യന്റെ ഉള്ളില്‍ നടക്കുന്ന യുദ്ധങ്ങള്‍ പോലും എത്ര ചെറുതാണെന്ന തിരിച്ചറിവിലേക്ക് ഫലസ്തീനിലെ കുട്ടികള്‍ നിങ്ങളെ കൈപിടിച്ചുയര്‍ത്തും. ഒരുപക്ഷേ, ഇപ്പോള്‍ നടക്കുന്ന ഇസ്റാഈല്‍-ഫലസ്തീന്‍ യുദ്ധത്തിന്റെ ഭീകരത ഏറ്റവും നന്നായി പറഞ്ഞുതരാന്‍ സാധിക്കുക, അവര്‍ക്ക് തന്നെയായിരിക്കും. അവരുടെ ചേതനയറ്റ ജീവിതങ്ങള്‍ അത്രമേല്‍ ഭാരമേറിയതാണ്.

ഇതെഴുതുമ്പോള്‍ ഫലസ്തീനിലെ ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ പിടഞ്ഞുമരിച്ച കുട്ടികളുടെ എണ്ണം 260 ആണ്. യുദ്ധം അഞ്ച് ദിവസം പിന്നിടുമ്പോഴാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം ഈ കണക്ക് പുറത്തുവിടുന്നത്. പരിക്കേറ്റ 5,600 പേരില്‍ പത്ത് ശതമാനം കുട്ടികളാണ്. ഈ യുദ്ധക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നവര്‍ കുട്ടികളാണെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷനല്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. രണ്ട് ലക്ഷം പേര്‍ക്ക് വീട് നഷ്ടപ്പെടുകയും 1200-ലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഫലസ്തീനിലേക്കുള്ള വെള്ളവും ഭക്ഷണവും പാചകവാതകവും വൈദ്യുതിയും ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വിച്ഛേദിച്ചാണ് ഇസ്‌റാഈല്‍ നരനായാട്ട് തുടരുന്നത്. വിവിധ രാഷ്ട്രനേതാക്കളും മനുഷ്യാവകാശ സംഘടനകളും ഈ സമ്പൂര്‍ണ ഉപരോധത്തെ നിശിതമായി വിമര്‍ശിച്ച് മുന്നോട്ടുവന്നിട്ടും ഇസ്‌റാഈല്‍ സൈന്യം ഫലസ്തീന്‍ പൗരന്മാരെ കൊന്നുതള്ളുകയാണ്. അഞ്ച് ദിവസത്തിനുള്ളില്‍ ആറായിരം ബോംബുകളാണ് ഫലസ്തീനില്‍ വര്‍ഷിച്ചത്. മണിക്കൂറില്‍ ഏറ്റവും ചുരുങ്ങിയത് 50 ലധികം സ്‌ഫോടനങ്ങള്‍. മിക്കതും കുട്ടികളും സ്ത്രീകളുമുള്ള ജനവാസ മേഖലകളില്‍. ഐക്യരാഷ്ട്ര സഭ ഗസ്സയില്‍ താത്കാലികമായി തയ്യാറാക്കിയ അഭയാർഥി ക്യാമ്പുകളില്‍ മാത്രം 2,70,000 പേരാണ് നിലവിലുള്ളത്. മരണനിരക്ക് ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഗസ്സയിലെ ഒരു ആശുപത്രിയില്‍ മൂന്ന് വയസ്സായ തന്റെ മകളുടെ ചേതനയറ്റ ശരീരവുമായി ഇരിക്കുന്ന ഒരു പിതാവിന്റെ ദൃശ്യങ്ങള്‍ അൽ‍ ജസീറ വ്യാഴാഴ്ച ബ്രോഡ്കാസ്റ്റ് ചെയ്തിരുന്നു. സ്വന്തം പിഞ്ചുകുഞ്ഞിന്റെ മൃതശരീരം നേക്കി വിങ്ങിപ്പൊട്ടുന്ന ആ പിതാവിന്റെ വേദന പടരുന്നത് പ്രസ്തുത ദൃശ്യങ്ങള്‍ കണ്ട ലക്ഷക്കണക്കിന് പേരിലേക്കാണ്. ഒരു യുദ്ധവും ആരും ജയിക്കുന്നില്ലെന്നും ആത്യന്തികമായി മനുഷ്യനാണ് എല്ലാം നഷ്ടപ്പെടുന്നതെന്നും ഓര്‍മപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഫലസ്തീനില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. സ്‌ഫോടനങ്ങളുടെ ഭയാനകമായ ശബ്ദം കേട്ടുണരുന്ന ബാല്യങ്ങളാണ് ഫലസ്തീനിലുള്ളത്. സ്വന്തം ബന്ധുക്കളെല്ലാം കൊല്ലപ്പെട്ട ഒരു പിഞ്ചുകുഞ്ഞിന്റെ വേദന എത്രമേല്‍ ഹൃദയഭേദകമാണ്? മാരകമായി പരുക്കേറ്റ് നിത്യരോഗികളായി കഴിയേണ്ടി വരുന്ന കുട്ടികള്‍. പാഠപുസ്തകങ്ങളും ബെഞ്ചും ഡെസ്‌കും സ്‌കൂളും കത്തിച്ചാമ്പലാകുന്നത് നേരില്‍ കാണുന്ന കുട്ടികള്‍. ഭക്ഷണത്തിന് നീണ്ടവരി നിന്ന് ഒടുവില്‍ ഒന്നും കഴിക്കാന്‍ കിട്ടാതെ വിശന്ന് കരഞ്ഞ് ഉറങ്ങിപ്പോകുന്ന പിഞ്ചോമനകള്‍. രാത്രിയില്‍ ഒട്ടുമേ ഉറങ്ങാന്‍ കഴിയാതെ പേടിച്ചൊളിച്ച്, നേരം വെളുപ്പിക്കുന്ന കുട്ടികള്‍. കണ്‍മുന്നില്‍ ജീവന് വേണ്ടി പിടയുന്ന കൂട്ടുകാരുടെ ചോരയില്‍ കുതിര്‍ന്ന ശരീരങ്ങള്‍. ഒരുപക്ഷേ, ഫലസ്തീനിലെ ബാല്യങ്ങള്‍ക്ക് മാത്രം പരിചയമുള്ള ഈ കാഴ്ചകളെ എങ്ങനെയാണ് വിശദീകരിക്കുക? ഗസ്സയിലെ 80 ശതമാനം കുട്ടികളും കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരാണെന്ന് സേവ് ദി ചില്‍ഡ്രന്‍ പുറത്തുവിട്ട പഠനത്തിന്റെ അടിസ്ഥാനത്തില്‍ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗസ്സയിലെ 20 ലക്ഷം ജനസംഖ്യയില്‍ 47 ശതമാനം കുട്ടികളാണ്. ഇതില്‍ അഞ്ചില്‍ നാല് പേരും കടുത്ത വിഷാദമനുഭവിക്കുന്നുണ്ട്. 79 ശതമാനം പേരും ഉറക്കില്‍ നിന്ന് ഞെട്ടിയുണരുന്നവരും 48 ശതമാനം പേര്‍ ഒരു വിഷയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തവരുമാണ്. 59 ശതമാനം കുട്ടികള്‍ക്കും തങ്ങളനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തെക്കുറിച്ചും വേദനയെക്കുറിച്ചും സംസാരിക്കാന്‍ പോലും കഴിയുന്നില്ല. 84 ശതമാനം കുട്ടികള്‍ എപ്പോഴും ഭീതിയില്‍ കഴിയുന്നവരാണ്. ഇതില്‍ 80 ശതമാനവും പേടിച്ച് വിറയലനുഭവിക്കുന്നു. 77 ശതമാനം കുട്ടികളും എപ്പോഴും ദുഃഖിതരാണെന്നും സേവ് ദി ചില്‍ഡ്രന്‍ അന്വേഷണത്തില്‍ വ്യക്തമാക്കുന്നു. ഫലസ്തീന്‍ കുട്ടികളുടെ ഏറ്റവും വലിയ വെല്ലുവിളി ഉപരോധവും യുദ്ധസമാനമായ സാഹചര്യവുമല്ലാത്ത ഒരു ജീവിതം അവര്‍ കണ്ടിട്ടേയില്ല എന്നതാണ്. ഗസ്സയിലെ എട്ട് ലക്ഷം കുട്ടികളും മറ്റൊരു ജീവിതം അനുഭവിച്ചിട്ടില്ല. താരതമ്യേന വലിയ മാനസികാഘാതങ്ങളാണ് ഗസ്സയിലെ കുട്ടികള്‍ ഇപ്പോള്‍ നേരിടുന്നത്. നിലവിലെ യുദ്ധസാഹചര്യത്തില്‍ വലിയ പരിക്കുകളേറ്റവരെ കൈകാര്യം ചെയ്യാനോ ജീവന്‍ നഷ്ടപ്പെട്ടവരെ കണ്ടെത്താനോ പോലും പരിമിതമായ സൗകര്യങ്ങളാണ് ഫലസ്തീനിലുള്ളത്. ഇതിനിടയില്‍ ജീവന്‍ ബാക്കിയായ കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ ഒട്ടുമേ സാധിക്കില്ല എന്നതാണ് യാഥാർഥ്യം.

2023ന് മുമ്പ് നാല് തവണയാണ് ഫലസ്തീനിന്റെ മണ്ണില്‍ ഇസ്്റാഈല്‍ വലിയ ആക്രമണങ്ങള്‍ നടത്തിയത്. ആഴ്ച തോറും, മാസം തോറും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വെടിവെപ്പിനും പുറമേയാണിത്. 2008-2009 ല്‍ 23 ദിവസം നീണ്ടുനിന്ന ആക്രമണം, 2012-ല്‍ എട്ട് ദിവസം തുടര്‍ച്ചയായി നടത്തിയ നരനായാട്ട്, 2014-ല്‍ 50 ദിവസം നീണ്ടുനിന്ന ഭീകരമായ യുദ്ധം, 2021-ല്‍ 11 ദിവസം നടന്ന ആക്രമണം എന്നിവയാണ് ഇസ്‌റാഈല്‍ എന്ന രാഷ്ട്രം എങ്ങനെയാണ് ഫലസ്തീനില്‍ അതിക്രൂരമായി അധിനിവേശം നടത്തിയതെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും വ്യക്തമാക്കിയ ആക്രമണങ്ങള്‍. ഈ യുദ്ധങ്ങളിലെല്ലാം ദാരുണമായി പരിക്കേറ്റതും മാനസിക സമ്മര്‍ദങ്ങള്‍ ഏറ്റുവാങ്ങിയതും ഫലസ്തീനിലെ കുട്ടികളാണ്. 2000 മുതല്‍ ഫലസ്തീനിലെ ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ 2,300 കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന അധിനിവേശത്തിനിടയില്‍ ഓരോ വര്‍ഷവും ഏറ്റവും ചുരുങ്ങിയത് 12നും 17നും ഇടയില്‍ പ്രായമുള്ള 700 കുട്ടികളെ ഇസ്‌റഈല്‍ സൈന്യം അറസ്റ്റ് ചെയ്തുകൊണ്ടുപോയി അന്യായമായി തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

2007 മുതല്‍ ഫലസ്തീന്‍ അതിര്‍ത്തികള്‍ ഇസ്‌റഈല്‍ നിയന്ത്രണത്തിലായതിന് ശേഷമുണ്ടായ ഉപരോധങ്ങളില്‍ ഏറെ ദുരിതമനുഭവിച്ചതും ഫലസ്തീനിലെ കുട്ടികളാണ്. അവരുടെ ആരോഗ്യവും വിദ്യാഭ്യാസവും തകിടം മറഞ്ഞു. നിരവധി സ്‌കൂളുകളാണ് ഇപ്പോഴത്തെ ആക്രമണങ്ങളില്‍ നിലംപതിച്ചത്. ശേഷിക്കുന്ന 64 സ്‌കൂളുകളിലായാണ് യു എന്‍ അഭയാർഥി ക്യാമ്പുകള്‍ നടക്കുന്നത്. ഏത് നിമിഷവും ഒരു ബോംബാക്രമണത്തില്‍ തകര്‍ന്നുതരിപ്പണമാകാന്‍ മാത്രം ദുര്‍ബലമായ അഭയാർഥി ക്യാമ്പുകള്‍. ഈ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് മതിയായ ഭക്ഷണവും വസ്ത്രവും വെള്ളവുമെത്തിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് ദുരുതാശ്വാസ പ്രവര്‍ത്തകര്‍. ഈ സ്‌കൂളുകളില്‍ ഒന്നുപോലും സുരക്ഷിത സ്ഥലമല്ലെന്ന് യു എന്‍ തന്നെ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുദ്ധക്കെടുതിയില്‍ നേരത്തേ എല്ലാം നഷ്ടപ്പെട്ട ഫലസ്തീന്‍ വിദ്യാർഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി പഠിപ്പിക്കുന്ന എജ്യുക്കേഷന്‍ എബോവ് ഓള്‍ ഫൗണ്ടേഷന്‍ സ്‌കൂള്‍ ചൊവ്വാഴ്ചയാണ് ഇസ്‌റാഈല്‍ ബോംബാക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നത്. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ താളംതെറ്റിയ വിദ്യാഭ്യാസ രംഗം സാധാരണ ഗതിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വര്‍ഷങ്ങളെടുക്കുകയും ചെയ്യും.

“അവർ കേവലം കുട്ടികളാണ്’ എന്ന തലക്കെട്ടിൽ 2021 മെയ് 26ന് ന്യൂയോർക്ക് ടൈംസ് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. യുദ്ധഭൂമിയിലെ ഫലസ്തീൻ കുട്ടികൾ അനുഭവിക്കുന്ന നരകയാതനകൾ കൃത്യമായി വിശദീകരിക്കുന്ന പ്രസ്തുത റിപ്പോർട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്: “ഇസ്്റാഈലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച് ആദ്യ മിനുട്ടുകൾക്കുള്ളിൽ, ഗസ്സയിലെ ജബാലിയയിൽ ബറാ അൽ ഗരാബി എന്ന അഞ്ച് വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെട്ടു. മെയ് 10 ന് വൈകുന്നേരം ഇതേ ദിവസം വൈകിട്ട് മുസ്തഫ ഒബൈദ് എന്ന പതിനാറുകാരൻ കൊല്ലപ്പെട്ടു. ഏതാണ്ട് അതേ സമയത്താണ് ഗസ്സയിലെ ബെയ്ത് ഹനൂനിൽ നാല് കസിൻസ് ഒരുമിച്ച് കൊല്ലപ്പെട്ടത്. രണ്ട് വയസ്സുള്ള യസാൻ അൽ-മസ്രി, ആറ് വയസ്സായ മർവാൻ അൽ-മസ്രി, പത്ത് വയസ്സായ റഹാഫ് അൽ-മസ്രി, പതിനൊന്നുകാരനായ ഇബ്രാഹിം അൽ-മസ്രി എന്നിവരാണ് കൊല്ലപ്പെട്ടത്.’
കൊല്ലപ്പെട്ട കുട്ടികളുടെ ഐഡന്റിറ്റി, അവരുടെ ഫോട്ടോഗ്രാഫുകൾ, മരണ സാഹചര്യങ്ങൾ എന്നിവ അവരുടെ മാതാപിതാക്കളിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നും ഗസ്സയിലെയും ഇസ്്റാഈലിലെയും അധ്യാപകരിൽ നിന്നും സ്‌കൂളുകളിൽ നിന്നും അന്താരാഷ്ട്ര അവകാശ സംഘടനകളിൽ നിന്നും ഫലസ്തീൻ ഉദ്യോഗസ്ഥരിൽ നിന്നും സോഷ്യൽ മീഡിയകളിൽ നിന്നും ഗസ്സയിലെയും ഇസ്്റാഈലിലെയും വാർത്താ സംഘടനകളിൽ നിന്നുമായിരുന്നു ന്യൂയോർക്ക് ടൈംസ് ശേഖരിച്ചിരുന്നത്. മിക്ക വിശദാംശങ്ങളും ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പടിഞ്ഞാറൻ മാധ്യമങ്ങളിൽ ആദ്യമായായിരുന്നു ഫലസ്തീൻ കുട്ടികളുടെ ദൈന്യത ഇത്രമേൽ വൈകാരികമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

“ഇത് ഞങ്ങൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. അത്രമേൽ വിനാശകരം.’ കൊല്ലപ്പെട്ട കുട്ടികളുടെ ബന്ധു മുഖ്്ലിസ് അൽ മസ്രി പറഞ്ഞു. “ഞങ്ങളുടെ കുടുംബത്തിന്റെ വേദന വിവരണാതീതമാണ്. നാല് മക്കളുടെ മയ്യിത്തുകൾ ഒരേ സമയം ഞങ്ങൾക്ക് ഖബറടക്കം ചെയ്യേണ്ടി വന്നു.’ തങ്ങൾക്കുണ്ടായ വികാരം വിവരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, പല മാതാപിതാക്കളും ലളിതമായി ഉത്തരം നൽകിയത് ഇങ്ങനെ: “ഇത് ദൈവഹിതമാണ്.’ അവരുടെ ശബ്ദം പലപ്പോഴും പുറത്തേക്ക് കേൾക്കാൻ കഴിയുമായിരുന്നില്ല. തൊണ്ടയിൽ കുടുങ്ങിയ വേദന മറികടന്ന് പുറത്തേക്ക് വരാൻ വാക്കുകൾ അശക്തമായിരുന്നു. തങ്ങളുടെ മക്കൾക്ക് ഡോക്ടർമാരും കലാകാരന്മാരും നേതാക്കളും ആകാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് അവർ പറഞ്ഞതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പത്ത് വയസ്സുള്ള മകളെ നഷ്ടപ്പെട്ട ജബലിയയിൽ നിന്നുള്ള ടാക്‌സി ഡ്രൈവറായ സാദ് അസലിയ പറഞ്ഞു. “അവൾ പോകണമെന്നത് ദൈവഹിതമാണെന്ന് ഞാൻ എന്നെത്തന്നെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുകയാണ്.’
ഇസ്്റാഈലും ഹമാസും തമ്മിൽ 2021 മെയ് മാസം 11 ദിവസമായി നടന്ന പോരാട്ടത്തിൽ ഗസ്സയിൽ 18 വയസ്സിന് താഴെയുള്ള 67 കുട്ടികളും ഇസ്്റാഈലിൽ രണ്ട് കുട്ടികളും കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന്റെ മറ്റൊരു ഭാഗം ഇങ്ങനെ ചുരുക്കി വായിക്കാം: “കൊല്ലപ്പെട്ട മിക്കവാറും എല്ലാ കുട്ടികളും ഫലസ്തീനികളായിരുന്നു. ഗസ്സയിൽ തിരക്ക് കൂടുതലാണ്. ജനസംഖ്യയിൽ പകുതിയോളം 18 വയസ്സിന് താഴെ പ്രായമുള്ളവരാണ്. അതിനാൽ തന്നെ ഇസ്്റാഈലി യുദ്ധവിമാനങ്ങൾ വീടുകളിലും പാർപ്പിട പരിസരങ്ങളിലും പതിക്കുമ്പോൾ, അപകടസാധ്യതയുള്ള കുട്ടികളുടെ എണ്ണം അസാധാരണമാം വിധം കൂടുതലാണ്. ചിലപ്പോൾ ഒരു സ്‌ഫോടനത്തിൽ ഏതാണ്ട് മുഴുവൻ വീടുകളും അപ്രത്യക്ഷമാകും. ഫലസ്തീനിൽ കുട്ടികളാണ് ഏറ്റവും ദുർബലർ. ഗസ്സയിൽ, വ്യാപകമായ ദാരിദ്ര്യത്തിനും ഉയർന്ന തൊഴിലില്ലായ്മക്കും ഇടയിൽ അവർ വളരുകയാണ്. ഇസ്‌റാഈൽ ഏർപ്പെടുത്തിയ ഉപരോധം കാരണം അവർക്ക് അടുത്ത പ്രദേശങ്ങളിലേക്കോ പുറത്തേക്കോ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയില്ല. അവർ നിരന്തരമായ യുദ്ധഭീഷണിയിലും പേടിയിലും കഴിയുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരു ശരാശരി പതിനഞ്ച് വയസ്സുകാരൻ നാല് പ്രധാന ഇസ്‌റാഈലി ആക്രമണങ്ങളിലൂടെയെങ്കിലും കടന്നുപോവുന്നുണ്ട്. അൽ ജസീറയുടെ റിപ്പോർട്ടിൽ ഇപ്പോൾ നടക്കുന്ന യുദ്ധക്കുരുതിയിൽ ഫലസ്തീൻ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ വിവരിക്കുന്നുണ്ട്. ഗസ്സയിലെ ചൈൽഡ് സൈക്കോളജിസ്റ്റായ ഒല അബു ഹസബല്ല പറയുന്നു: “മരിച്ച കുട്ടികളെക്കുറിച്ച് ചിന്തിക്കുമ്പോൾ, അതിജീവിക്കുന്നവരെക്കുറിച്ചോ, അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്ത് അവയവങ്ങൾ നഷ്ടപ്പെട്ടവരെക്കുറിച്ചോ ആലോചിക്കാൻ പോലും കഴിയുന്നില്ല. അവർക്ക് ഭാവിയില്ല. എല്ലാം കെട്ടടങ്ങി കുട്ടികൾ അവരുടെ സ്‌കൂളിൽ തിരിച്ചെത്തുമ്പോൾ, ഉറ്റ സുഹൃത്തുക്കൾ പോലും ജീവിച്ചിരിക്കുന്നില്ല എന്നവർ കേൾക്കുന്നു. ചിലർക്ക് സ്‌കൂൾ കെട്ടിടം പോലും കാണാൻ കഴിയില്ല.’

“നദീൻ ഒരു മികച്ച വിദ്യാർഥിയായിരുന്നു.’ അവളുടെ അക്കാദമിക ഉപദേഷ്ടാവ് സിറിൻ സ്ലാമെ പറയുന്നു. “അവൾ ഇംഗ്ലീഷ് പ്രാവീണ്യത്തോടെ സംസാരിക്കുകയും പിയാനോ വായിക്കുന്നത് എങ്ങനെയെന്ന് സ്വയം പഠിപ്പിക്കുകയും ജൂത-അറബ് സഹവർത്തിത്വക്കുറിച്ച് പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ആഴ്ച അവൾ ഒരു ഗണിത പരീക്ഷയിൽ 97 മാർക്ക് സ്‌കോർ ചെയ്തിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തിൽ അവൾ കൊല്ലപ്പെട്ടു.’

“എന്റെ മകൻ മഹ്മൂദ് തോൽബെക്ക് പന്ത്രണ്ട് വയസ്സാണ് പ്രായം. നന്നായി പഠിക്കുമായിരുന്നു.’ അവന്റെ പിതാവ് ഹമദ് തോൽബെ ഏറെ വേദനയോടെ പറയുന്നു. “അവൻ ശാസ്ത്ര വിഷയങ്ങൾ ഇഷ്ടപ്പെടുകയും ഒരു മെക്കാനിക്കൽ എൻജീനീയർ ആകാൻ സ്വപ്നം കാണുകയും ചെയ്തു. സഹോദരങ്ങൾക്ക് മുട്ടയും സാൻഡ്്വിച്ചും ഉണ്ടാക്കി, അതിഥികൾക്ക് ചായയും കാപ്പിയും ഉണ്ടാക്കി, വീട് വൃത്തിയാക്കി, പലചരക്ക് സാധനങ്ങൾ എടുക്കാൻ പുറത്ത് പോയതാണ്. ഇസ്‌റാഈൽ ആക്രമണത്തിൽ അവൻ പോയി. അവൻ ഞങ്ങളുടെ കുടുംബത്തിന്റെ നട്ടെല്ലായിരുന്നു.’
പഴക്കച്ചവടം ചെയ്യുന്ന മുഹമ്മദ് മഹ്മൂദ് തന്റെ ദുരനുഭവം വിവരിക്കുന്നത് ഇങ്ങനെ: “കഴിഞ്ഞ ദിവസം വൈകിട്ട് എന്റെ മകൻ മഹ്മൂദ് ബാർബർ ഷോപ്പിൽ ഒരു ബന്ധുവിനെ സഹായിക്കാൻ പോയി. കടയുടെ പ്രവേശന കവാടത്തിൽ നിന്നുള്ള പടിയിൽ നിന്നിരുന്ന അവൻ, ഇസ്്റാഈൽ വ്യോമാക്രമണത്തിൽ നിന്നുള്ള കഷ്ണങ്ങൾ തലയിലും കഴുത്തിലും തട്ടിയപ്പോൾ ബോധം കെട്ട് വീണു. അവൻ മരിച്ചു. അവന് നല്ല ഭാവിയുണ്ടായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളും അവനോടൊപ്പം ശവക്കുഴിയിൽ അടക്കം ചെയ്തു.’

പതിമൂന്നുകാരനായ യഹ്യ ഖലീഫ നന്നായി ബൈക്ക് ഒടിക്കുമായിരുന്നു. ഖുർആനിലെ നിരവധി അധ്യായങ്ങൾ മനഃപാഠമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജറൂസലമിലെ അഖ്സ മസ്ജിദ് സന്ദർശിക്കാൻ വേണ്ടി അവൻ പുറത്തുപോയി. അവൻ നിഷ്‌കളങ്കനും എല്ലാവർക്കും പ്രിയപ്പെട്ട കുട്ടിയുമായിരുന്നു. അവന്റെ പിതാവ് മസെൻ ഖലീഫ ഓർക്കുന്നു. മസ്ജിദിൽ നിന്ന് തിരിച്ചു വരുമ്പോൾ തൈരും ഐസ്‌ക്രീമും വാങ്ങി വരാമെന്ന് പറഞ്ഞാണ് അവൻ പോയത്. പിന്നീട് അവനെ കണ്ടില്ല. മൃതദേഹം ഇതുവരെ കിട്ടിയിട്ടില്ല.’

യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ല. പുറത്തു വരുന്ന ഓരോ വാർത്തയും നടുക്കുന്നതാണ്. നൂറുകണക്കിന് കുട്ടികളാണ് ഓരോ ദിവസവും മരിച്ചു വീഴുന്നത്. ഫലസ്തീൻ ചിരിക്കാതെ ലോകം അവസാനിക്കില്ല എന്ന് സ്റ്റാറ്റസ് ഇട്ട് സുഖമായി കിടന്നുറങ്ങാൻ നമുക്കെങ്ങനെ സാധിക്കും? ഗസ്സയിലെ തെരുവിൽ കുട്ടികൾ ഇപ്പോഴും കരയുകയാണ്.
.

Chief Creative Director at Epistemic Breaks