National
ഛത്തിസ്ഗഢിൽ കുടിവെള്ള സ്രോതസ്സുകളിൽ അപകടകരമാം വിധം അളവിൽ യുറേനിയം സാന്നിധ്യം
ലോകാരോഗ്യ സംഘടന കണക്കാക്കിയിലും മൂന്നോ നാലോ ഇരട്ടിയിൽ അധികമാണ് യുറേനിയം സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

ന്യൂഡൽഹി | ഛത്തിസ്ഗഢിലെ ആറ് ജില്ലകളിൽ കുടിവെള്ള സ്രോതസ്സുകളിൽ അപകടകരമാം വിധം അളവിൽ യുറേനിയം കണ്ടെത്തി. ലോകാരോഗ്യ സംഘടന കണക്കാക്കിയിലും മൂന്നോ നാലോ ഇരട്ടിയിൽ അധികമാണ് യുറേനിയം സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഒരു ലിറ്ററിന് 15 മൈക്രോ ഗ്രാം എന്നതാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച കണക്ക്. എന്നാൽ ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിൽ ഇത് 30 മൈക്രോഗ്രാം വരെ ഉയർത്തിയിട്ടുണ്ട്. ഇതിലും ഉയർന്ന പരിധിയിലാണ് ഇപ്പോൾ യുറേനിയം സാന്നിധ്യം കണ്ടെത്തിയത്.
ഛത്തീസ്ഗഡിലെ ദുർഗ്, രാജ്നന്ദ്ഗാവ്, കാങ്കർ, ബെമെതാര, ബലോഡ്, കവർധ എന്നിവിടങ്ങളിലെ കുടിവെള്ള സാമ്പിളുകളുടെ പരിശോധനയിലാണ് യുറേനിയം കണ്ടെത്തിയത്. ലിറ്ററിന് 100 മൈക്രോഗ്രാമിൽ കൂടുതലാണ് ഇവിടത്തെ യുറേനിയം സാന്നിധ്യം. ബാലോദിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ഒരു സാമ്പിളിൽ ലിറ്ററിന് 130 മൈക്രോഗ്രാമും കാങ്കറിൽ നിന്നുള്ള മറ്റൊരു സാമ്പിളിൽ 106 മൈക്രോഗ്രാമും കണ്ടെത്തി. ലിറ്ററിന് 86 മുതൽ 105 മൈക്രോഗ്രാം വരെ യുറേനിയമാണ് ആറ് ജില്ലകളിലെയും ശരാശരി.
ആണവ റിയാക്ടറുകളിൽ ഇന്ധനമായാണ് യുറേനിയം ഉപയോഗിക്കുന്നത്.