Connect with us

Kerala

എംഎം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; വ്യാഴാഴ്ച വീണ്ടും ഹരജി പരിഗണിക്കും

ഹരജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

Published

|

Last Updated

കൊച്ചി |  അന്തരിച്ച സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാന്‍ ഹൈകോടതി നിര്‍ദേശം. മകള്‍ ആശ ലോറന്‍സിന്‍രെ ഹരജിയിലാണ് കോടതി കളമശേരി മെഡിക്കല്‍ കോളജിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനത്തിനെതിരെയാണ് മകള്‍ ആശ കോടതിയെ സമീപിച്ചത്. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.

ഹരജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ അടക്കം സാന്നിധ്യത്തില്‍ നടത്തിയ ഹിയറിങ്ങിനു ശേഷമാണ് മെഡിക്കല്‍ കോളജില്‍ പഠനാവശ്യത്തിന് ലോറന്‍സിന്റെ മൃതദേഹം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സൂപ്രണ്ടിനേക്കാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീണ്ടും ഹിയറിങ്ങ് നടത്താനാകുമോയെന്നാണ് കോടതി പരിശോധിക്കുന്നത്.

രേഖാമൂലം സമ്മതപത്രമില്ലെങ്കിലും മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന ആഗ്രഹം പിതാവ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കാണിച്ച് മറ്റ് രണ്ട് മക്കള്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു. ഈ സത്യവാങ്മൂലം പരിഗണിച്ചായിരുന്നു മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാനും എംബാം ചെയ്ത് സൂക്ഷിക്കാനുമുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയുടെ തീരുമാനം. കേരള അനാട്ടമി ആക്ട് പ്രകാരമായിരുന്നു തീരുമാനം. ഇതിനെതിരെയാണ് ആശ വീണ്ടും കോടതിയെ സമീപിച്ചത. മൃതദേഹം വിട്ടുനല്‍കണമെന്നും മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും ആശ ലോറന്‍സ് ഹരജിയിലൂടെ ആവശ്യപ്പെട്ടു.

 

Latest