From the print
പിതാവിന്റെ വഴിയേ സംഘടനയില്‍ സജീവമായി; പ്രയാസങ്ങളില്‍ ആശ്വാസം പകര്‍ന്ന ആത്മീയ നേതൃത്വം
സംഘടനാ രംഗത്ത് മാത്രമല്ല, ഉള്ളാള്‍ തങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ക്ക് സംഘടനാഭേദമില്ലാതെ താങ്ങും തണലുമായി അദ്ദേഹം നിലകൊണ്ടു.
ഉള്ളാൾ ദർഗ മസ്ജിദിൽ നടന്ന മയ്യിത്ത് നിസ്്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു
കണ്ണൂര്‍ | സുന്നി കൈരളിയുടെ അജയ്യ നേതൃത്വം ഉള്ളാള്‍ തങ്ങളുടെ പിന്‍ഗാമിയായാണ് കുറാ തങ്ങളെന്ന സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ സുന്നി നേതൃ രംഗത്തെത്തുന്നത്. ആത്മീയ കാര്യങ്ങളിലും സംഘടനാ കാര്യങ്ങളിലും ഉള്ളാള്‍ തങ്ങളെ നിഴല്‍ പോലെ പിന്‍തുടര്‍ന്ന കുറാ തങ്ങള്‍ സംഘടനാ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.
കണ്ണൂര്‍, കാസര്‍കോട്, ദക്ഷിണ കന്നഡ, കുടക് ജില്ലകളില്‍ സുന്നി പരിപാടികളില്‍ നിറ സാന്നിധ്യമായി തങ്ങള്‍ മാറുകയും ചെയ്തു. ഉള്ളാള്‍ തങ്ങളുടെ വിയോഗ ശേഷമാണ് സമസ്തയുടെ നേതൃനിരയിലേക്ക് അദ്ദേഹമെത്തുന്നത്. കേന്ദ്ര മുശാവറ അംഗമായി തങ്ങള്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മാട്ടൂല്‍ തങ്ങളുടെ വിയോഗ ശേഷം സമസ്ത കണ്ണൂര്‍ ജില്ലാ മുശാവറയുടെ അധ്യക്ഷനായും അദ്ദേഹം നിയോഗിക്കപ്പെട്ടു. നിരവധി സുന്നി സ്ഥാപനങ്ങളുടെ നേതൃത്വത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പദ്ധതികള്‍ക്കും പരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശവും നേതൃത്വവും നല്‍കുകയും ചെയ്തു. സംഘടനാ രംഗത്ത് മാത്രമല്ല, ഉള്ളാള്‍ തങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ക്ക് സംഘടനാഭേദമില്ലാതെ താങ്ങും തണലുമായി അദ്ദേഹം നിലകൊണ്ടു.
പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആശ്വാസ തീരമായിരുന്നു അദ്ദേഹം. പാതിരാത്രി പോലും തന്നെ കാണാനെത്തുന്നവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനും അവര്‍ക്ക് ആശ്വാസം പകരാനും തങ്ങള്‍ക്ക് മടിയുണ്ടായില്ല. എട്ടിക്കുളത്തെ വസതിയില്‍ നൂറ് കണക്കിനാളുകളാണ് എന്നും കുറാ തങ്ങളെ കാണാനും അദ്ദേഹത്തിന്റെ പ്രാര്‍ഥനയില്‍ പങ്കെടുക്കാനുമായി എത്തിയത്.
പുഞ്ചിരിക്കുന്ന മുഖത്തോടെ ഓരോരുത്തരുടെയും പ്രശ്നങ്ങള്‍ കേട്ട് കണ്ണീരൊപ്പാന്‍ അദ്ദേഹം കൂടെയുണ്ടായിരുന്നു. അതുകൊണ്ട് തങ്ങളുടെ സാന്നിധ്യം തന്നെ വലിയൊരു ആശ്വാസമായിരുന്നു. പ്രയാസമനുഭവിക്കുന്നവര്‍ക്ക് എന്നും ആശ്വാസമായിരുന്നു തങ്ങളുടെ പ്രാര്‍ഥന. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പരിപാടികളില്‍ അദ്ദേഹത്തിന്റെ പ്രാര്‍ഥനക്കായി സംഘാടകരും വിശ്വാസികളും ആഗ്രഹിക്കുകയും തങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്.
സംഘടനാ കാര്യങ്ങളില്‍ അവസാനം വരെയും അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു. ഉള്ളാളില്‍ സയ്യിദ് മദനി ശരീഅത്ത് കോളജ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മത്തില്‍ ഇന്നലെ പങ്കെടുക്കാനിരിക്കെയായിരുന്നു അന്ത്യം. കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരായിരുന്നു തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കേണ്ടിയിരുന്നത്. നൂറോളം മഹല്ലുകളിലെ ഖാസിയായും അദ്ദേഹം സേവനം ചെയ്ത് വരികയായിരുന്നു. ഉള്ളാള്‍ തങ്ങളുടെ വിയോഗത്തിന് ശേഷമായിരുന്നു നിരവധി മഹല്ലുകളുടെ ഖാസി സ്ഥാനം അദ്ദേഹം ഏറ്റെടുക്കുന്നത്. കര്‍ണാടകയില്‍ മാത്രം 60 മഹല്ലുകള്‍ ഖാസിയായി അംഗീകരിച്ചിട്ടുണ്ടെന്നത് തന്നെ സംസ്ഥാനത്ത് അദ്ദേഹത്തിനുള്ള സ്വീകാര്യത ചൂണ്ടിക്കാട്ടുന്നു. ദക്ഷിണ കന്നഡ കുറത്തിലെ സയ്യിദ് ഫള്ല്‍ ഇസ്്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് ദീര്‍ഘകാലം ആത്മീയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന തങ്ങള്‍, കേരളത്തിലെയും കര്‍ണാടകയിലെയും സുന്നി പ്രവര്‍ത്തനങ്ങളില്‍ വലിയ താത്്പര്യവും ആവേശവും കാണിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്.
കുറാ തങ്ങളുടെ വിയോഗത്തോടെ കേരളത്തിലെയും കര്‍ണാടകയിലെയും വിശ്വാസികള്‍ക്ക് വലിയ ആത്മീയ നേതൃത്വത്തെയാണ് നഷ്ടമായത്.