Kerala
വയനാട്ടിലെത്തിയത് രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുക്കാനോ വേണ്ടിയല്ല; എ.കെ ശശീന്ദ്രന്‍
കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെയും പോളിന്റെയും വീട്ടില്‍ പോകുമെന്ന് മന്ത്രി അറിയിച്ചു.
വയനാട്| വയനാട്ടിലെത്തിയത് ജനങ്ങളെ കേള്‍ക്കാനാണെന്നും രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുക്കാനോ വേണ്ടിയല്ലെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍. നേരത്തെ വരേണ്ടതായിരുന്നു. പക്ഷേ പല സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം സാധിച്ചില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വരവിനേക്കാള്‍ ശാശ്വത പരിഹാരം കണ്ടെത്തുകയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെയും പോളിന്റെയും വീട്ടില്‍ പോകുമെന്ന് മന്ത്രി അറിയിച്ചു. വാകേരിയിലുള്ള പ്രജീഷിന്റെ വീട്ടില്‍ നേരത്തെ എത്തേണ്ടതായിരുന്നു. വയനാട്ടിലെ പ്രതിഷേധത്തില്‍ കേസെടുത്തതില്‍ അപാകതയില്ലെന്നും സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം വന്യജീവി ആക്രമണത്തില്‍, ഉദ്യോഗസ്ഥരുമായുള്ള മന്ത്രിമാരുടെ കൂടിക്കാഴ്ച ആരംഭിച്ചു. കെ രാജന്‍, എം.ബി രാജേഷ്, എ.കെ ശശീന്ദ്രന്‍, ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ബത്തേരി വനംവകുപ്പ് ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച. അതിനുശേഷം ബത്തേരി മുനിസിപ്പല്‍ ഹാളില്‍ സര്‍വ്വകക്ഷിയോഗം ചേരും.
വന്യജീവി ആക്രമണം തുടര്‍ച്ചയായ പശ്ചാത്തലത്തില്‍ യുഡിഎഫ് ഇന്ന് രാപ്പകല്‍ സമരം സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് കളക്ടറേറ്റിന് മുന്നില്‍ കെ മുരളീധരന്‍ എംപി സമരം ഉദ്ഘാടനം ചെയ്യും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടാനയാക്രമണത്തില്‍ മരിച്ചവരുടെ വീടുകളില്‍ എത്തും. അതേസമയം പുല്‍പ്പള്ളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാകും പൊലീസ് നടപടി. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.