Ongoing News
അന്ന് ഡ്രസ്സിംഗ് റൂമിലിരുന്ന് കരഞ്ഞു, ഇന്ന് ലോകത്തിന്റെ നെറുകയില്‍; വൈഭവിന് പ്രചോദനമായത് ആ മുന്‍ താരത്തിന്റെ വാക്കുകള്‍
'ഇവിടെ പിറക്കുന്ന റണ്‍സുകളെ മാത്രമല്ല, ദീര്‍ഘകാലം ക്രിക്കറ്റില്‍ നിലയുറപ്പിച്ചു നില്‍ക്കാന്‍ വൈദഗ്ധ്യം കാണിക്കുന്നവരെ കൂടിയാണ് നമ്മള്‍ കാണേണ്ടത്.'

മുംബൈ | ‘ഇവിടെ പിറക്കുന്ന റണ്‍സുകളെ മാത്രമല്ല, ദീര്‍ഘകാലം ക്രിക്കറ്റില്‍ നിലയുറപ്പിച്ചു നില്‍ക്കാന്‍ വൈദഗ്ധ്യം കാണിക്കുന്നവരെ കൂടിയാണ് നമ്മള്‍ കാണേണ്ടത്.’- വി വി എസ് ലക്ഷ്മണ്‍ എന്ന ഇന്ത്യയുടെ അതുല്യനായ ക്രിക്കറ്റ് താരത്തിന്റേതായിരുന്നു ഈ വാക്കുകള്‍. ഇത് കേള്‍ക്കാനുള്ള അവസരം ലഭിച്ചതോ വൈഭവ് സൂര്യവംശി എന്ന കുട്ടിക്രിക്കറ്റര്‍ക്ക്. കൊച്ചു വൈഭവിന്റെ മനസ്സില്‍ ആവേശത്തിന്റെയും അസാമാന്യ ഊര്‍ജത്തിന്റെയും അലകളുയര്‍ത്തിയ വചനങ്ങള്‍ തന്നെയായിരുന്നു അത്.
ബി സി സി ഐയുടെ അണ്ടര്‍-19 ഏകദിന ചാലഞ്ചര്‍ ടൂര്‍ണമെന്റില്‍ വച്ചാണ് വൈഭവ് ആദ്യമായി ലക്ഷ്മണിനെ കാണുന്നത്. ബിഹാറില്‍ നടന്ന ഒരു അന്തര്‍ ജില്ലാ സീനിയര്‍ ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരം ചാലഞ്ചര്‍ ടൂര്‍ണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈഭവിന്റെ മികവില്‍ മതിപ്പു തോന്നിയ ലക്ഷ്മണ്‍ ഇംഗ്ലണ്ടിനും ബംഗ്ലാദേശിനുമെതിരായ അണ്ടര്‍-19 ക്വാഡ്രന്‍ഗുലാര്‍ ടൂര്‍ണമെന്റിലേക്ക് താരത്തെ തിരഞ്ഞെടുത്തു. അതിലെ ഒരു മത്സരത്തില്‍ 36 റണ്‍സിലെത്തി നില്‍ക്കേ വൈഭവ് റണ്‍ഔട്ടായി. ഇതില്‍ നിരാശനായി ഡ്രസ്സിംഗ് റൂമിലിരുന്ന് കണ്ണീര്‍ വാര്‍ക്കുന്ന വൈഭവിനെ കണ്ടപ്പോഴാണ് ലക്ഷ്മണ്‍ മേല്‍പ്പറഞ്ഞ വാക്കുകളില്‍ വൈഭവിനെ ആശ്വസിപ്പിച്ചത്.
ചുരുങ്ങിയ സമയം കൊണ്ട് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ അനിഷേധ്യമായ ഇടം നേടിയ പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ശിയെ അത്യുജ്വലമായ ക്രിക്കറ്റ് കരിയറിലേക്ക് കൈപിടിച്ചാനയിക്കാനുള്ള ശക്തി ആ വാക്കുകള്‍ക്കുണ്ടായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐ പി എല്‍ അങ്കത്തില്‍ 35 പന്തില്‍ ശതകം നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പതിനാലുകാരന്‍ വൈഭവ് സൂര്യവംശി അതിന് നന്ദി പറയുന്നത് ലക്ഷ്മണിനോടാകുന്നതും അതുകൊണ്ടുതന്നെ. ‘വൈഭവിന്റെ സാധ്യതകള്‍ ശരിയായ രീതിയില്‍ കണ്ടെത്തിയത് ലക്ഷ്മണായിരുന്നു. ബി സി സി ഐയുടെ പിന്തുണയും അവന് ലഭിച്ചു.’- വൈഭവിന്റെ പരീശീലകന്‍ മനോജ് ഓഝ ഒരു ദേശീയ ദിനപത്രത്തോട് കഴിഞ്ഞ നവംബറില്‍ വെളിപ്പെടുത്തിയതാണ് ഈ സംഭവം. ബിഹാറുകാരനായ വൈഭവ് ഐ പി എല്‍ ലേലത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞതിനു പിന്നാലെയായിരുന്നു ഓഝയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍, അവിടെയും വൈഭവിന്റെ കരിയറില്‍ ലക്ഷ്മണിന്റെ പങ്ക് അവസാനിച്ചില്ല. വൈഭവിനെ രാജസ്ഥാന്‍ റോയല്‍സില്‍ എടുക്കാന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡിനോട് ശിപാര്‍ശ ചെയ്തതും ലക്ഷ്മണായിരുന്നു. വൈഭവിന്റെ പുരോഗതി രണ്ട് വര്‍ഷത്തോളം വ്യക്തിപരമായി തന്നെ നിരീക്ഷിച്ച ശേഷമാണ്, നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍ സി എ)യുടെ തലവനായി പ്രവര്‍ത്തിക്കുന്ന ലക്ഷ്മണ്‍ ഈ ശിപാര്‍ശ മുന്നോട്ട് വച്ചത് എന്നതും ശ്രദ്ധേയമാണ്.
ഏപ്രില്‍ 19ന് ജയ്പൂരിലെ സവായി മാന്‍സിങ് സ്റ്റേഡിയത്തില്‍ ലക്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടന്ന മത്സരത്തിലായിരുന്നു ഐ പി എലില്‍ വൈഭവിന്റെ രംഗപ്രവേശം. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറിനു തൂക്കി വൈഭവ് വരവറിയിച്ചു. കൂറ്റനടികള്‍ക്കുള്ള തന്റെ കഴിവിന്റെയും ഭയരഹിത മനോഭാവത്തിന്റെയും തന്റെ മിന്നലാട്ടങ്ങള്‍ ആ മത്സരത്തില്‍ തന്നെ വൈഭവ് പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന വെടിക്കെട്ട് ബാറ്റിംഗുമായി നിറഞ്ഞാടിയ വൈഭവ് 34 റണ്‍സുമായി മടങ്ങുമ്പോഴും തൃപ്തനാകാതെ കണ്ണീര്‍ വാര്‍ത്തതിന് സ്റ്റേഡിയം സാക്ഷിയായി.
എന്നാല്‍, അത് ഒരു തീക്കാറ്റിന്റെ തുടക്കമായിരുന്നു. മൂന്നാം മത്സരത്തില്‍ ഗുജറാത്തിനെതിരെ 11 സിക്‌സറുകളും ഏഴ് ബൗണ്ടറികളും ആ ബാറ്റില്‍ നിന്ന് പറന്നു. വെറും 35 പന്തിലാണ് വൈഭവ് നൂറില്‍ തൊട്ടത്. ഐ പി എലിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയ ശതകമായിരുന്നു അത്. ഇതില്‍ 94 റണ്‍സും വാരിക്കൂട്ടിയത് സിക്‌സറില്‍ നിന്നും ബൗണ്ടറിയില്‍ നിന്നും മാത്രമായിരുന്നു. 38 പന്തില്‍ 101 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. ഐ പി എല്‍ ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഈ പതിനാലുകാരന്‍ സ്വന്തമാക്കി. യശസ്വി ജയ്‌സ്വാളിനൊപ്പം 166 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും വൈഭവിന് സാധിച്ചു. ഗുജറാത്തിന്റെ 209 റണ്‍സിനെതിരെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 212 റണ്‍സ് നേടി രാജസ്ഥാന്‍ വിജയിക്കുമ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ചത് വൈഭവ് ആയിരുന്നു.