Kerala
പൂരപ്പറമ്പിലെത്തിയത് ആംബുലന്‍സിലല്ല; പൂരം കലക്കലില്‍ സിബിഐ അന്വേഷണം വേണം: സുരേഷ് ഗോപി
ബിജെപിക്ക് വളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കിയത് ഇടതും വലതും ചേര്‍ന്നാണെന്നും സുരേഷ് ഗോപി
തൃശൂര്‍ | ആംബുലന്‍സ് വിവാദത്തില്‍ പുതിയ വാദവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂര്‍ പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. താന്‍ ആംബുലന്‍സില്‍ ആണോ വേറെ ഏതെങ്കിലും വാഹനങ്ങളില്‍ ആണോ വന്നതെന്ന് പിണറായി വിജയന്റെ പോലീസ് അന്വേഷിച്ചാല്‍ തെളിയില്ലെന്നും തന്റെ സഹായിയുടെ വാഹനത്തിലാണ് എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
പൂരം കലക്കല്‍ കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. കരുവന്നൂരിന്റെ തസ്‌കരന്‍ ചേലക്കര മണ്ഡലത്തില്‍ ഇല്ലേയെന്നും ചെമ്പ് ഉരച്ചു നോക്കാന്‍ നടക്കുന്ന മഹാന്മാര്‍ ഇല്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു. ചേലക്കരയിലേത് അടിച്ചേല്‍പ്പിച്ച തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു
രണ്ടുദിവസം മുമ്പാണ് പൂരം കലക്കിയിട്ടില്ലെന്ന് ഒരു മഹാന്‍ വിളിച്ചുപറഞ്ഞത്. അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസ് ആണ് എഫ്‌ഐആര്‍ ഇട്ടത്. ഇതില്‍ ഏതാണ് നമ്മള്‍ വിശ്വസിക്കേണ്ടത്. ജനകീയ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള ശ്രമമാണിത്. ബിജെപിക്ക് വളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കിയത് ഇടതും വലതും ചേര്‍ന്നാണെന്നും സുരേഷ് ഗോപി പറഞ്ഞു.മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഒരുത്തനെങ്കിലും മണിപ്പൂരിനെ പറ്റി മിണ്ടുന്നുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.ചേലക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം