National
പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ അനുമതി ഭരണഘടനാ വിരുദ്ധം: സിദ്ധരാമയ്യ
സംസ്ഥാനത്ത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ഗൂഢാലോചനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരു | ഭൂമി ഇടപാടില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണറുടെ അനുമതി ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ടിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധം മാത്രമല്ല, നിയമവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.
രാജിവെക്കേണ്ട കുറ്റം ഒന്നും ചെയ്തിട്ടില്ല.കര്‍ണാടക ഗവര്‍ണറുടെ തീരുമാനത്തെ കോടതിയില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയും പാര്‍ട്ടി ഹൈകമാന്‍ഡും എം എല്‍ എമാരും എം എല്‍ സിമാരും ,ലോക്‌സഭ, രാജ്‌സഭ എംപി മാരും തനിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ഗൂഢാലോചനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ സ്ഥലം സിദ്ധരാമയ്യയുടെ ഭാര്യക്ക് അനുവദിച്ചതില്‍ ക്രമക്കേട് ആരോപിച്ച് പ്രദീപ് കുമാര്‍, ടിജെ എബ്രഹാം, സ്നേഹമയി കൃഷ്ണ എന്നിവരുടെ ഹരജിയെ തുടര്‍ന്നാണ് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്.