Connect with us

cover story

അവന്‍ അറിയുന്നില്ല അമ്മ മനസ്സിന്റെ പിടച്ചില്‍...

അവന്‍ പിച്ചവെച്ചുതുടങ്ങിയത് തന്റെ കൈപ്പിടിച്ചായിരുന്നു. കുഞ്ഞിളം ചുണ്ടില്‍ നിന്ന് ആദ്യമായി ഉതിര്‍ന്നുവീണ മൊഴികള്‍ അമൃതായി മാറിയതും തന്റെ കാതുകള്‍ക്കായിരുന്നു.അവന്‍ വിതുമ്പിക്കരഞ്ഞത് താന്‍ കണ്‍വെട്ടത്തില്ലെന്നു തിരിച്ചറിഞ്ഞ വേളകളിലൊ ക്കെയുമായിരുന്നു. അവന്റെ ബാല്യത്തില്‍ എല്ലാം അമ്മയെന്ന താന്‍ മാത്രമായിരുന്നു. എന്നാല്‍ കൗമാരവും യൗവനവും ഉദിച്ച വേളയില്‍ അവന്‍ സ്വന്തം ലോകം സൃഷ്ടിക്കാന്‍ തുടങ്ങി. ലഹരിയുടെ നുരയും പതയും നിറഞ്ഞ വഴികളിലേക്ക് സൗഹൃദം മാറിയപ്പോള്‍ അവന്‍ എല്ലാ രക്തബന്ധങ്ങളെയും മറന്നു.

Published

|

Last Updated

ഹരിയുടെ ചിറകിലേറി പറക്കാന്‍ പഠിച്ചവര്‍ക്ക് മുന്നില്‍ രക്തബന്ധങ്ങളില്ല, അവരെ ചുമന്ന ഉദരത്തെയും പാല്‍ പകര്‍ന്ന നെഞ്ചിനെയും അവര്‍ മറക്കും. ആ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കി ചോര ചീന്തുമ്പോഴും അവരില്‍ തെല്ലും കുറ്റബോധം അലയടിക്കില്ല. രക്തബന്ധങ്ങളെ മറന്ന് രാസലഹരിയെ പ്രാപിക്കുന്ന അത്തരക്കാര്‍ സമൂഹത്തിനും കുടുംബത്തിനും ഭീഷണിയായി തുടരുമ്പോള്‍ നിയമത്തിന് അവരെ വിട്ടുകൊടുക്കുകയേ വഴിയുള്ളൂ… അമ്മയെന്ന നിലയില്‍ ഇനിയും അവനെന്റെ ചിറകിനടിയില്‍ അഭയമേകിയാല്‍ അനേകം പേരുടെ ജീവനും ജീവിതവും നശിക്കും. വര്‍ഷങ്ങളോളം നീണ്ട സഹനത്തിനൊടുവില്‍ ലഹരിക്കടിമപ്പെട്ട മകനെ പോലീസില്‍ ഏല്‍പ്പിച്ച കോഴിക്കോട് എലത്തൂരിലെ ഒരമ്മ തന്റെ കഥ പറഞ്ഞു തുടങ്ങുകയാണ്. ഇത് എലത്തൂരിലെ വാളിയില്‍ രാഹുല്‍ എന്ന ഇരുപത്തിയാറുകാരന്റെ കഥയാണ്. രാഹുലിന്റെ മാത്രമല്ല, ലഹരിയുടെ ലോകത്ത് എത്തി ജീവിതം ഹോമിക്കപ്പെടുന്ന എല്ലാ യുവത്വത്തിന്റെയും കഥ ഇതൊക്കെ തന്നെയാണ്.

അവന്‍ പിച്ചവെച്ചുതുടങ്ങിയത് തന്റെ കൈപ്പിടിച്ചായിരുന്നു. കുഞ്ഞിളം ചുണ്ടില്‍ നിന്ന് ആദ്യമായി ഉതിര്‍ന്നുവീണ മൊഴികള്‍ അമൃതായി മാറിയതും തന്റെ കാതുകള്‍ക്കായിരുന്നു. അവന്‍ വിതുമ്പിക്കരഞ്ഞത് താന്‍ കണ്‍വെട്ടത്തില്ലെന്നു തിരിച്ചറിഞ്ഞ വേളകളിലൊക്കെയുമായിരുന്നു. അവന്റെ ബാല്യത്തില്‍ എല്ലാം അമ്മയെന്ന താന്‍ മാത്രമായിരുന്നു. എന്നാല്‍ കൗമാരവും യൗവനവും ഉദിച്ച വേളയില്‍ അവന്‍ സ്വന്തം ലോകം സൃഷ്ടിക്കാന്‍ തുടങ്ങി. ലഹരിയുടെ നുരയും പതയും നിറഞ്ഞ വഴികളിലേക്ക് സൗഹൃദം മാറിയപ്പോള്‍ അവന്‍ എല്ലാ രക്തബന്ധങ്ങളെയും മറന്നു. ആലംബം ആവശ്യമാകുന്ന ഘട്ടത്തില്‍ അമ്മയും അച്ഛനും കുടുംബാംഗങ്ങളും വേണ്ടിവരും. അതുകഴിഞ്ഞാല്‍ എല്ലാവരും സ്വന്തം ലോകം തേടിയിറങ്ങും.

പക്ഷികളുടെയും മൃഗങ്ങളുടെയും മറ്റും കാര്യത്തില്‍ ഇത് ശരിയാണ്. എന്നാല്‍ വിവേകശാലിയായ മനുഷ്യന്‍ സാംസ്‌കാരികവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണം എന്നാണല്ലോ. എന്നാല്‍ രാഹുലിന്റെ കാര്യത്തില്‍ അതല്ല സംഭവിച്ചത്. ചെറുപ്രായത്തില്‍ തന്നെ അവന്‍ ലഹരി മരുന്നിന്റെ ലോകത്തെത്തി. വീട്ടുകാര്‍ പല തവണ ചികിത്സ നടത്തി ലഹരി ഉപയോഗം നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അവിടെ നിന്നും പുറത്തിറങ്ങുമ്പോള്‍ വീണ്ടും സാധനം കൈയിലെത്തും. കഞ്ചാവില്‍ തുടങ്ങിയ ശീലം മാരക ലഹരിയിലേക്ക് മാറി. ലഹരിക്ക് അടിമയായതോടെ അമ്മയെയും മുത്തശ്ശിയെയും സഹോദരിയെയും കുട്ടിയെയും ഉള്‍പ്പെടെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തല്‍. ഈ ഘട്ടത്തില്‍ അമ്മ മിനി ഉചിതമായ തീരുമാനം എടുക്കുകയായിരുന്നു. ലഹരിക്ക് അടിമയായ മകനെ പിടിച്ചു പോലീസില്‍ ഏൽപ്പിച്ചു. ഒട്ടേറെ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ് രാഹുല്‍.

അമ്മയെയും മുത്തശ്ശിയെയും മറ്റും കൊലപ്പെടുത്തുമെന്ന് പറഞ്ഞപ്പോള്‍ മിനി തളര്‍ന്നുപോവുകയായിരുന്നു.മകനില്‍ നിന്ന് അത്തരമൊരു നീക്കം ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ലെന്ന് ആ അമ്മ മനസ്സ് പറഞ്ഞിട്ടുണ്ടാകണം. ഒരു ഭാഗ്യപരീക്ഷണത്തിന് മിനി തയാറായില്ല.എലത്തൂര്‍ പോലീസിനെ വിവരം അറിയിച്ചു. ആക്രോശങ്ങള്‍ക്കും ഭീഷണിക്കും ശേഷം രാഹുല്‍ വീട്ടില്‍ ഉറങ്ങുമ്പോഴാണ് അമ്മ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ രാഹുല്‍ ബ്ലേഡ് കൊണ്ട് കഴുത്തില്‍ മുറിവുണ്ടാക്കി ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീട് പോലീസിന് കീഴടങ്ങി.

ക്ഷമയുടെ നെല്ലിപ്പടി കണ്ടപ്പോള്‍…

അടിപിടി കേസ് മുതല്‍ പോക്സോ വരെയുള്ള കേസുകളില്‍ രാഹുല്‍ പ്രതിയായി ജയിലിലായി. അന്ന് അമ്മ ജയില്‍ സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ രാഹുല്‍ ഉറക്കെ കരയും. അപ്പോള്‍ സ്വാഭാവികമായും അമ്മയുടെ മനസ്സലിയും. അങ്ങനെയാണ് പോക്സോ കേസില്‍ ഉള്‍പ്പെടെ ജാമ്യം നേടിയത്. അമ്മ ജാമ്യം ലഭിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ചെറുപ്പത്തില്‍ തന്നെ സമപ്രായക്കാരായ കുട്ടികളോട് അടുപ്പം കാണിക്കുന്ന സ്വഭാവം രുഹുലിന് ഉണ്ടായിരുന്നില്ലെന്ന് അമ്മ പറയുന്നു. മുതിര്‍ന്നവരുമായാണ് കൂട്ടുകെട്ട്. ലഹരിയുടെ വഴിയില്‍ എത്താന്‍ ഇത് പ്രധാന കാരണമായി മാറി. പതിനഞ്ച് വയസ്സ് മുതല്‍ ലഹരി ഉപയോഗിക്കുന്നുണ്ട്. സിഗരറ്റ് വലിയില്‍ തുടങ്ങി കഞ്ചാവില്‍ എത്തുകയായിരുന്നു. പണം ആവശ്യപ്പെട്ടാണ് വീട്ടില്‍ ബഹളമുണ്ടാക്കുക. ലഹരി ഉപയോഗത്തെ എതിര്‍ത്താലും ബഹളം കൂട്ടും.

അത് പലപ്പോഴും അതിരുവിടും. അപ്പോഴൊക്കെ അമ്മ സഹിച്ചും ക്ഷമിച്ചും തുടരുകയായിരുന്നു. പോക്സോ കേസില്‍ ജാമ്യം ലഭിച്ചതിനുശേഷം ജോലിക്കെന്ന് പറഞ്ഞു രാഹുല്‍ എറണാകുളത്തേക്ക് പോയത് ജനുവരിയിലാണ്. അടുത്തമാസം തിരിച്ചെത്തിയത് കൂടുതല്‍ താളപ്പിഴകളോടെ ആയിരുന്നു. നിരന്തരമായി ആത്മഹത്യാ ഭീഷണി മുഴക്കി പണം ആവശ്യപ്പെട്ട് ബഹളം കൂട്ടുന്നത് പതിവായി. പിന്നീടാണ് കൊല്ലുമെന്ന ഭീഷണി വരുന്നത്. അതോടെ കുടുംബം വല്ലാതെ ഭയന്നു. അതാണ് പോലീസിനെ വിളിച്ചുവരുത്താന്‍ കാരണം. അതൊരു ഉറച്ച തീരുമാനമായിരുന്നു. സാമൂഹിക മാധ്യമങ്ങളിലും മറ്റും അമ്മക്ക് പിന്തുണയുമായി പലരും എത്തി. ജയിലില്‍ നിന്നിറങ്ങിയാല്‍ രാഹുലിന്റെ പ്രതികരണം എന്തായിരിക്കും എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ മകനെ ജയിലിലടയ്ക്കുക എന്നതില്‍ കവിഞ്ഞ് ഒരു പോംവഴി ഉണ്ടായിരുന്നില്ലെന്നും അമ്മയായ മിനി പറയുന്നു.

മരണം നിഴലായി കൂടെയുണ്ട്

രാഹുലിനെ പോലീസിൽ ഏൽപ്പിക്കുമ്പോള്‍ തന്നെ മരണം നിഴലായി പിന്തുടരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. കൂട്ടുകാര്‍ ആരെങ്കിലും അവനെ പുറത്തിറക്കുമോ എന്ന ഭീതിയില്‍ ഓരോ ദിവസവും കഴിച്ചു കൂട്ടുകയാണ്. നിരവധി ദിവസമായി രാഹുല്‍ ജയിലിലായിട്ട്. പകല്‍ സമയത്ത് അച്ഛന്‍ കടലില്‍ ജോലിക്കു പോകും. പ്രായമായ അമ്മയും രാഹുലിന്റെ ചേച്ചിയുടെ കുഞ്ഞുമാണ് വീട്ടില്‍ ഉണ്ടാവുക. അതിനാല്‍ തന്നെ ജയിലില്‍ നിന്നിറങ്ങിയാല്‍ പ്രതികാരം ചെയ്യാന്‍ എത്തിയാല്‍ ഇവിടെ മൂന്ന് മരണങ്ങളാണ് സംഭവിക്കുകയെന്നും ഇവര്‍ ഭയപ്പെടുന്നു.
ചെറുപ്പത്തില്‍ വളരെ സ്നേഹനിധിയായ കുഞ്ഞായിരുന്നു അവന്‍. സ്‌കൂള്‍ കാലത്തെ ലഹരി ഉപയോഗം ചോദ്യം ചെയ്തപ്പോള്‍ ഇനി ഒരിക്കലും ഉപയോഗിക്കില്ലെന്ന് എന്റെ തലയില്‍ തൊട്ട് സത്യം ചെയ്തതാണ്. എന്നാല്‍ വീട്ടുകാരുടെ കണ്ണ് വെട്ടിച്ചുള്ള ലഹരി ഉപയോഗം ഈ അമ്മയെ തകര്‍ത്തു കളഞ്ഞു. ലഹരിമാഫിയ തന്റെ മകനെ അവരുടെ അടിമയാക്കി കഴിഞ്ഞു. ആദ്യം അവര്‍ രാസലഹരി ഉപയോഗിക്കാന്‍ നല്‍കി, പിന്നെ ലഹരി കടത്തിന് ഉപയോഗിച്ചു. ഇന്നിപ്പോള്‍ പണത്തിനായല്ല ലഹരിക്കായാണ് രാഹുല്‍ ജീവന്‍ പണയം വെച്ച് ലഹരി കടത്തുന്നത്. ഇതോടെ കുടുംബം നശിച്ചു.

കെട്ടകാലത്തെ നൊന്തുപെറ്റ അമ്മമാര്‍

ഇക്കഴിഞ്ഞ ദിവസമാണ് കൈപ്പമംഗലം സ്വദേശി അജയന്‍ അമ്മയായ തങ്കയെ പണം നല്‍കാത്തതിനാല്‍ കത്തി കൊണ്ട് കുത്തി പരിരുക്കേല്‍പ്പിച്ചത്. സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഇയാൾ രാത്രിയോടെ വീട്ടില്‍ കയറി വന്ന് അമ്മയായ തങ്കയോട് പണം ചോദിച്ചു. കൈയില്‍ പണമില്ല എന്ന് പറഞ്ഞപ്പോള്‍ തങ്കയെ അസഭ്യം പറഞ്ഞ് മുടിക്ക് കുത്തിപ്പിടിച്ചു. ഇത് കണ്ട ചേട്ടന്‍ ഓടി വന്ന് പിടിച്ചു മാറ്റി. അജയന്‍ കുതറിമാറി വീട്ടിലെ മേശപ്പുറത്ത് ഇരുന്ന കത്തിയെടുത്ത് തങ്കയുടെ വലത് കൈതണ്ടയില്‍ കത്തി കൊണ്ട് കുത്തി ഗുരുതര പരിക്കേൽപ്പിക്കുകയായിരുന്നു.

കുത്തേറ്റതില്‍ തങ്കയുടെ കൈയിലെ രണ്ട് ഞരമ്പുകള്‍ മുറിഞ്ഞു. തങ്ക ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം കണ്ണൂര്‍ വടക്കെ പൊയിലൂരില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. വടക്കെയില്‍ ജാനുവിനെയാണ് മകന്‍ നിഖില്‍രാജ് ആക്രമിച്ചത്. ജാനുവിന്റെ രണ്ട് കൈകളിലുമാണ് വെട്ടേറ്റത്. മകന്‍ നിഖില്‍രാജ് പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. പോലീസ് എത്തിയാണ് ജാനുവിനെ ആശുപത്രിയിലാക്കിയത്. എന്നാല്‍ അമ്മ പരാതി നല്‍കാത്തതിനാല്‍ ഈ കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തില്ല.

രാത്രി മദ്യപിച്ചെത്തിയ മകന്‍ അമ്മയെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത സംഭവം പാവറട്ടിയിലാണ് നടന്നത്. താഴെ വീണ അമ്മയുടെ കണ്ണിലും മുഖത്തും ചവിട്ടി. കണ്ണിന് സാരമായ പരിക്കേറ്റു. അക്രമം നടത്തിയ പുളിഞ്ചേരിപ്പടി പാലത്തിന് സമീപം പുത്തൂര്‍വീട്ടില്‍ ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബൈജു അമ്മ മേരിയെയാണ് ആക്രമിച്ചത്.
മലപ്പുറം കാവപ്പുരയില്‍ ഉമ്മയെ മകന്‍ കൊലപ്പെടുത്തിയ സംഭവവും അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്തു. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ നിരവധി കേസുകളാണ് അനുദിനം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

അശാന്തിയുടെ നാളുകള്‍ അവസാനിക്കുമോ?

അശാന്തിയുടെയും അക്രമത്തിന്റെയും വാര്‍ത്തകളിലൂടെയാണ് കേരളം കുറച്ചുനാളുകളായി കടന്നുപോകുന്നത്. ഇരുപത്തിമൂന്നുകാരനായ യുവാവ് മുത്തശ്ശിയെയും സഹോദരനെയും പിതാവിന്റെ സഹോദരനെയും ഭാര്യയെയും സ്വന്തം സുഹൃത്തായ പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയ സംഭവം മുതല്‍ എത്രയോ ദാരുണ സംഭവങ്ങള്‍ കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിലമര്‍ന്ന കൗമാരവും യൗവനവും ഇത്തരം നിഷ്ഠൂരമായ ചെയ്തികളുടെ പിന്നാലെയാണിപ്പോള്‍. സ്‌കൂള്‍, കോളജ് ക്യാമ്പസുകള്‍ ലഹരി ഉപയോഗത്തിന്റെയും വിപണനത്തിന്റെയും കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

ഇതിന്റെ നിരവധി ഉദാഹരണങ്ങള്‍ പുറത്തുവരികയുണ്ടായി. താമരശ്ശേരിയില്‍ ഷഹബാസ് എന്ന വിദ്യാർഥി സഹപാഠികളുടെ അടിയേറ്റ് മരിച്ച സംഭവത്തിന് പിന്നിലും ലഹരിയുണ്ട്. ഈങ്ങാപ്പുഴ കക്കാട് നാക്കിലമ്പാടില്‍ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ ഷിബിലയുടെ കഥയും ഏറെ നൊമ്പരമുണര്‍ത്തുന്നതാണ്. ഭര്‍ത്താവിന്റെ ലഹരിയുടെ മാരക ഉപയോഗമായിരുന്നു ആ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നിലും. ഷിബിലയുടെ കേസില്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് ജാഗ്രത കാണിച്ചില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. എം ഡി എം എ പോലുള്ള ലഹരിവസ്തുക്കള്‍ പിടികൂടുന്നത് തുടര്‍ച്ചയായിരിക്കുകയാണ്.

ബംഗളുരുവില്‍ നിന്നും ഗോവയില്‍ നിന്നും ലഹരിവസ്തുക്കള്‍ പിടികൂടുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുന്നു. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ബോധവത്കരണത്തിന് പുറമെ രാഷ്ട്രീയപാര്‍ട്ടികളും സാംസ്‌കാരിക സംഘടനകളും ബഹുജന പ്രസ്ഥാനങ്ങളും മതസംഘടനകളുമെല്ലാം ഈ മഹാവിപത്തിനെതിരെ കൈകോർത്ത് ഒന്നിച്ചു നിന്നു പോരാടിയാല്‍ വിജയിച്ച ചരിത്രം നിർമിക്കാൻ നാം മലയാളികൾക്കാകും. ഒരുമയുണ്ടെങ്കില്‍ ഈ മഹാവിപത്തിനേയും നമ്മള്‍ അതിജീവിക്കും.

---- facebook comment plugin here -----

Latest