Connect with us

Kerala

ഹേമകമ്മിറ്റി റിപോർട്ട് സ്വാഗതാർഹം; വിവാദങ്ങളില്‍ താന്‍ ഒളിച്ചോടിയിട്ടില്ല: മോഹന്‍ലാല്‍

സിനിമ വ്യവസായത്തെ ഒന്നായി തകര്‍ക്കുന്ന രീതിയിലേക്ക് വിവാദങ്ങള്‍ കൊണ്ടുപോകരുത്

Published

|

Last Updated

തിരുവനന്തപുരം | വിവാദങ്ങളില്‍ താന്‍ ഒളിച്ചോടിയിട്ടില്ലെന്ന്  നടന്‍ മോഹന്‍ലാല്‍.ഹേമ കമ്മിറ്റി റിപോര്‍ട്ടിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ താന്‍ മറുപടി പറയാന്‍ വൈകിയത് സിനിമ തിരക്കുകള്‍ മൂലമാണ്.ഭാര്യയുടെ സര്‍ജറിയുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ഇല്ലാതെ പോയത്. തെറ്റ് ചെയ്തിട്ടുള്ളവർ ശിക്ഷിക്കപ്പെടണമെന്ന് പറഞ്ഞ മോഹൻലാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്നും വ്യക്തമാക്കി.ഹേമ കമ്മീഷ് മുന്‍പാകെ രണ്ട് തവണ മൊഴി നല്‍കിയിരുന്നു. തനിക്ക് അറിയാവുന്ന കാര്യം അവിടെ പറഞ്ഞിരുന്നതായും മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഹേമകമ്മിറ്റി റിപോര്‍ട്ടില്‍ മറുപടി പറയേണ്ടത് സിനിമ മേഖല ഒമ്മടങ്കമാണ്.എല്ലാ മേഖലയിലും തെറ്റായ പ്രവണതകളുണ്ട്.ദൗര്‍ഭാഗ്യകരമായ കാര്യങ്ങളില്‍ പ്രതികരിക്കേണ്ടിവന്നതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എ എം എം എ എന്നത് ഒരു ട്രേഡ് യൂണിയന്‍ സംഘടനയല്ല. അഭിനേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അവര്‍ക്കൊപ്പം താങ്ങായി നില്‍ക്കാനാണ് സംഘടന ഉണ്ടാക്കിയത്. എന്തിനും ഏതിനും അമ്മയെ കുറപ്പെടുത്തുന്നതാണ് കണ്ടത്. ഇത് സംബന്ധിച്ച് കൂടുതല്‍ ശരങ്ങള്‍ വന്നത് എന്നിലേക്കും സംഘടനാ ഭാരവാഹികളിലേക്കുമാണ്. മുതിര്‍ന്ന താരങ്ങളുമായി ആലോചിച്ചാണ് രാജിക്കാര്യം തീരുമാനിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മലയാള സിനിമാ വ്യവസായം തകരാൻ പോവുന്ന സ്ഥിതിയാണ്. താൻ അഭിനയത്തിലേക്ക് വന്നപ്പോൾ ഒരു സൗകര്യവും ഉണ്ടായില്ല. ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണ്. മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്ത് ഈ മേഖലയെ ആകെ തകർക്കരുത്. സർക്കാരും പോലീസും കുറ്റക്കാർക്കെതിരെയുണ്ട്. കോടതി വരെ എത്തി നിൽക്കുന്ന വിഷയമാണിത്.

തൻ്റെ കൈയ്യിൽ ചോദ്യത്തിന് ഉത്തരങ്ങളില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ താനെന്താണ് പ്രതികരിക്കേണ്ടത്? ഈ പരാതികൾ ഇനി സംഭവിക്കാതിരിക്കാനുള്ള ശ്രമം ഇനി ഉണ്ടാകണം.പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്ന വ്യവസായ രംഗമാണിത്. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കണം. താനൊരാൾ വിചാരിച്ചാൽ നിയമം മാറ്റാൻ സാധിക്കില്ല. ഈ പ്രതിസന്ധിയെ മറികടന്ന് മലയാള സിനിമാ മേഖലയെ പുനർ നിർമ്മിച്ച് എടുക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അമ്മ ഭരണസമിതിയുടെ കൂട്ടരാജി ഒരുമിച്ചെടുത്ത തീരുമാനമാണ്. സിനിമ വ്യവസായത്തെ ഒന്നായി തകര്‍ക്കുന്ന രീതിയിലേക്ക് വിവാദങ്ങള്‍ കൊണ്ടുപോകരുതെന്നും മോഹന്‍ലാല്‍ അഭ്യര്‍ഥിച്ചു.

Latest