First Gear
ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തേയ്ക്ക് ഇനി ഹീറോയും
ഈ മാസം ആദ്യത്തെ സീറോ എമിഷന്‍ ഉല്‍പ്പന്നത്തിന്റെ അരങ്ങേറ്റത്തോടെ ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ന്യൂഡല്‍ഹി| കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ മോഡലിന്റെ അരങ്ങേറ്റം ഈ വര്‍ഷം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 മാര്‍ച്ചില്‍ ആദ്യത്തെ സീറോ എമിഷന്‍ ഉല്‍പ്പന്നത്തിന്റെ അരങ്ങേറ്റത്തോടെ ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിദേശത്ത് വില്‍ക്കുന്ന ഗോഗോറോ ശ്രേണിയിലുള്ള സ്‌കൂട്ടറുകളുമായി പ്രോട്ടോടൈപ്പിന് വളരെ കുറച്ച് സാമ്യമുണ്ട്. ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയിലെ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയ്ക്കായി തായ്വാന്‍ ആസ്ഥാനമായുള്ള ഗോഗോറോയുമായി ഇതിനോടകം തന്നെ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രോട്ടോടൈപ്പിന് മിഡ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും സിംഗിള്‍ സൈഡ് റിയര്‍ സസ്‌പെന്‍ഷനും ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള ബ്രാന്‍ഡിന്റെ നിര്‍മ്മാണ യൂണിറ്റില്‍ നിന്നാണ് ഇത് പുറത്തിറക്കുന്നത്. ഗാര്‍ഡന്‍ ഫാക്ടറി എന്ന് വിളിക്കപ്പെടുന്ന ഇത് കഴിഞ്ഞ മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പാദത്തില്‍ 12.92 ലക്ഷം യൂണിറ്റ് വില്‍പ്പനയാണ് ബ്രാന്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ വിപുലമായ സാമ്പത്തിക വീണ്ടെടുക്കല്‍ പ്രതീക്ഷിക്കുന്നതായി ഹീറോ മോട്ടോകോര്‍പ്പ് വ്യക്തമാക്കി.
ബെംഗളുരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പായ ഏഥര്‍ എനര്‍ജിയിലും ഗൊഗോറോയിലും ഹീറോ നിക്ഷേപം തുടരുന്നുണ്ട്. കൂടാതെ ഒരു ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് ഒന്നിലധികം ബ്രാന്‍ഡുമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയിലുടനീളമുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ഹീറോ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ഹീറോയുടെ പ്രധാന എതിരാളികളായ ബജാജ് ഓട്ടോയും ടിവിഎസ് മോട്ടോര്‍ കമ്പനിയും ഇതിനകം തന്നെ ഇവി രംഗത്തേക്ക് പ്രവേശിച്ചുകഴിഞ്ഞു.