Jumped from the train
സഹയാത്രികര്‍ നോക്കി നില്‍ക്കെ ട്രെയിനില്‍ നിന്നു ചാടി; ആരും ഗൗനിച്ചില്ല
വീഡിയോ ദൃശ്യം കണ്ടു പോലീസ് തിരഞ്ഞു
കോട്ടയം | വേണാട് എക്‌സ്പ്രസില്‍ നിന്നു ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ ട്രാക്കിനു സമീപം കണ്ടെത്തി. സഹയാത്രികരുടെ മുന്നില്‍ വെച്ചാണു യുവാവ് ട്രെയിനില്‍ നിന്ന് ചാടിയതെങ്കിലും ആരെങ്കിലും ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തുകയോ യുവാവിനെ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല. യുവാവ് പുറത്തേക്കു ചാടുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പരിക്കുകളോടെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.
ഗുരുതര പരിക്കുകളേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം പന്മന സ്വദേശിയായ അന്‍സാര്‍ ഖാനാണ് സഹയാത്രികര്‍ നോക്കി നില്‍ക്കേ ട്രെയിനില്‍ നിന്നു ചാടിയത്. ഇന്നലെ വൈകിട്ട് 6.30നായിരുന്നു സംഭവം. വേണാട് എക്‌സ്പ്രസ് പിറവം സ്റ്റേഷന്‍ കഴിഞ്ഞ് വൈക്കത്ത് എത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഇതിന്റെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം സ്റ്റെപ്പില്‍ നില്‍ക്കുന്ന യുവാവിനോട് കയറി നില്‍ക്കാന്‍ ആവശ്യപ്പെടുന്നത് കേള്‍ക്കാം. എന്നാല്‍ ഇത് അനുസരിക്കാതെ യുവാവ് ട്രെയിനില്‍ നിന്നു ചാടുകയായിരുന്നു.
രാത്രിയോടെ യുവാവ് ചാടുന്നതിന്റെ വീഡിയോ കണ്ട തലയോലപ്പറമ്പ് ്പാലീസ് രാത്രി പത്തരയോടെ യുവാവി നായി തിരച്ചില്‍ തുടങ്ങുകയായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് നാട്ടുകാരുള്‍പ്പെടെ തിരച്ചില്‍ നടത്തിയപ്പോഴാണ് യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞത്. ട്രെയിനില്‍ നിന്ന് ചാടി നാലുമണിക്കൂര്‍ കഴിഞ്ഞാണ് യുവാവിനെ കണ്ടെത്തിയത്. ആത്മഹത്യാ ശ്രമമാണെന്നു സംശയിക്കുന്നു.