National
സ്പഷ്ടമായും മുഴക്കത്തോടെയും അദ്ദേഹം പറഞ്ഞു; നമ്മള്‍ അതിജീവിക്കും
കുലീനനായ മനുഷ്യന്‍, അന്തസ്സുള്ള ഭരണാധികാരി. ഡോ.മന്‍മോഹന്‍ സിംഗിനെ വിശേഷിപ്പിക്കാന്‍ മറ്റു വാക്കുകള്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
കുലീനനായ മനുഷ്യന്‍, അന്തസ്സുള്ള ഭരണാധികാരി. ഡോ.മന്‍മോഹന്‍ സിംഗിനെ വിശേഷിപ്പിക്കാന്‍ മറ്റു വാക്കുകള്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. നിര്‍ണായകമായൊരു കാലത്ത് അക്ഷോഭ്യനായി രാജ്യത്തെ നയിച്ച കപ്പിത്താനായിരുന്നു. സംസാരത്തേക്കാള്‍ പ്രവൃത്തിയില്‍ ശ്രദ്ധിച്ചു. ഈ വര്‍ഷം ഏപ്രില്‍ മൂന്നിനാണ് ഡോ.മന്‍മോഹന്‍ സിംഗ് രാജ്യസഭയില്‍ നിന്ന് വിരമിച്ചത്. നീണ്ട 33 വര്‍ഷങ്ങള്‍ സഭയിലുണ്ടായിരുന്നു. രാഷ്ട്രീയത്തിലെ പല തലമുറകളെ കണ്ടു. രണ്ട് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. അന്തസ്സോടെ ഭരിച്ചു, അന്തസ്സോടെ തന്നെ പടിയിറങ്ങി. വാക്കുകള്‍ മൃദുവായിരുന്നുവെങ്കിലും നിലപാടുകളില്‍ വ്യക്തതയുണ്ടായിരുന്നു. നെഹ്‌റു കുടുംബത്തിന്റെ ബിനാമി, എന്നെല്ലാം ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ അതേഭാഷയില്‍ തിരിച്ചുപറയുന്നത് അദ്ദേഹത്തിന് വശമില്ലായിരുന്നു. ജനാധിപത്യമായിരുന്നു അദ്ദേഹത്തിന്റെ വാക്കും വഴിയും. ആ മാര്‍ഗത്തില്‍ നിന്ന് ഒരിക്കല്‍ പോലും വ്യതിചലിച്ചില്ല. അദ്ദേഹം മികച്ച ‘സ്റ്റേജ് പെര്‍ഫോമര്‍’ ആയിരുന്നില്ല. പക്ഷേ ലോകം കണ്ട മികച്ച സാമ്പത്തിക വിദഗ്ധനായിരുന്നു. ധനമന്ത്രി ആയിരിക്കെ കൊണ്ടുവന്ന ആഗോളവത്കരണ, ഉദാരവത്കരണ നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശങ്ങള്‍ ഉന്നയിച്ചവര്‍ പോലും രഹസ്യമായി സമ്മതിക്കുന്ന കാര്യം, ലോകം പില്‍ക്കാലത്ത് സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യം പിടിച്ചുനിന്നത് അദ്ദേഹത്തിന്റെ ഒറ്റയാള്‍ കരുത്തിലായിരുന്നു എന്നതാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ കാഴ്ചവെച്ച മികവാണ് വിത്തെടുത്തു കുത്തുകയോ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലക്കുകയോ ചെയ്യേണ്ട അവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കാതിരുന്നത്.
1991ലെ നരസിംഹ റാവു സര്‍ക്കാറില്‍ ധനമന്ത്രിയായിട്ടാണ് അധികാരത്തിലേക്ക് മന്‍മോഹന്‍ സിംഗ് ചുവടുവെച്ചത്. ‘നമ്മള്‍ തുടങ്ങിവെച്ച സുദീര്‍ഘവും ക്ലേശകരവുമായ പ്രയാണത്തിന് വിലങ്ങുതടിയാവുന്ന വെല്ലുവിളികളെ ഞാന്‍ വില കുറച്ചു കാണുന്നില്ല. അനിവാര്യമായ ഘട്ടത്തില്‍ പിറവിയെടുക്കുന്ന ഒരാശയത്തെ തടുക്കാന്‍ ലോകത്തൊരു ശക്തിക്കും സാധിക്കില്ലെന്ന് ഒരിക്കല്‍ വിക്ടര്‍ ഹ്യൂഗോ പറഞ്ഞിട്ടുണ്ട്. മഹനീയമായ ഈ സഭക്കു മുന്നില്‍ ഞാന്‍ പ്രസ്താവിക്കട്ടെ, ലോകത്തിലെ സുപ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ ഉദിക്കുമെന്നത് അത്തരമൊരു ആശയമാണ്. സ്പഷ്ടമായും മുഴക്കത്തോടെയും ലോകം മുഴുവന്‍ അത് കേള്‍ക്കട്ടെ. ഇന്ത്യയിപ്പോള്‍ മിഴി തുറക്കുകയാണ്, ഉണരുകയാണ്. നമ്മള്‍ വിജയിക്കും. നമ്മള്‍ അതിജീവിക്കും.’ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പങ്കുവെച്ച സ്വപ്നം അദ്ദേഹം സാക്ഷാത്കരിച്ചു.
ഓക്സ്ഫോര്‍ഡില്‍ പഠിച്ചിട്ടുണ്ട് മന്‍മോഹന്‍ സിംഗ്. വിദ്യാഭ്യാസം എങ്ങനെയാണ് ഒരു സംസ്‌കാരമാകുന്നത് എന്ന് സ്വജീവിതം കൊണ്ട് അദ്ദേഹം തെളിയിച്ചു. കുലീനമായ പെരുമാറ്റം കൊണ്ടാണ് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തിന്റെ ആദരവ് നേടിയത്. പ്രതിച്ഛായാ നിര്‍മിതിക്കും പി ആര്‍ വര്‍ക്കിനും വേണ്ടി സ്വദേശത്തോ വിദേശത്തോ അദ്ദേഹത്തിന് ഏജന്‍സികള്‍ ഉണ്ടായിരുന്നില്ല. അതൊന്നുമില്ലാതെ തന്നെ അദ്ദേഹം ലോകരാഷ്ട്ര നായകരുടെ ബഹുമാനം പിടിച്ചുപറ്റി. ഭരണഘടനക്കും രാജ്യത്തിനും മുകളില്‍ താനെന്ന വ്യക്തിയെ പ്രതിഷ്ഠിക്കാന്‍ അദ്ദേഹം മിനക്കെട്ടില്ല. ഞാനാണ് രാജ്യം, ഞാനാണ് പാര്‍ട്ടി എന്നല്ല അദ്ദേഹം ചിന്തിച്ചത്. അധികാരത്തെ ഉത്തരവാദിത്വമായി കണ്ടു. ഭരണഘടനാ പദവിയുടെ അന്തസ്സിന് ഹാനി വരുത്തുന്നതൊന്നും ചെയ്തില്ല. പാര്‍ലിമെന്റിനെ അദ്ദേഹം നിസ്സാരമായി കണ്ടില്ല. സഭ നടക്കുമ്പോഴെല്ലാം അദ്ദേഹം ഡല്‍ഹിയിലുണ്ടാകും, സഭയില്‍ ഹാജരാകും. പ്രതിപക്ഷത്തെ പരിഗണിച്ചു. അവരുടെ വാക്കുകള്‍ മുഖവിലക്കെടുത്തു. തന്നെ പരിഹസിച്ചവരോടും മാന്യത വിടാതെ പ്രതികരിച്ചു. ജനാധിപത്യത്തിന്റെ കരുത്ത് പ്രതിപക്ഷമാണ് എന്ന രാഷ്ട്രീയ വിവേകം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് അവരെ സഹിഷ്ണുതയോടെ കേട്ടു, ഉള്‍ക്കൊണ്ടു. വിമര്‍ശിച്ചവരെ അട്ടഹസിച്ചിരുത്തിയില്ല. പ്രതിപക്ഷ നിരയിലെ ഒരാള്‍ക്കെതിരെയും അമാന്യമായ ഒരു പ്രയോഗവും നടത്തിയില്ല.
അധികാരം നേടാനും നിലനിര്‍ത്താനും അദ്ദേഹം മതത്തെ കളത്തിലിറക്കിയില്ല, വര്‍ഗീയത പറഞ്ഞില്ല, ദേശീയ ഏജന്‍സികളെ കയറൂരി വിട്ടില്ല, പ്രതിപക്ഷ നേതാക്കളെ വേട്ടയാടിപ്പിടിച്ചില്ല, ഒരു പാര്‍ട്ടിയെയും പിളര്‍ത്തിയില്ല, എം പിമാരെ വിലയ്ക്ക് വാങ്ങിയില്ല, കൂറുമാറ്റം പ്രോത്സാഹിപ്പിച്ചില്ല, ജുഡീഷ്യല്‍ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തിയില്ല, അസ•ാര്‍ഗികമായ ഒന്നും ചെയ്തില്ല. ചുരുക്കത്തില്‍, സമഗ്രാധിപത്യത്തിന്റെ സമ്പൂര്‍ണ വിപരീതമായി, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജെന്റില്‍മാന്‍ ആയി അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നു. 2014ല്‍ അധികാരം നഷ്ടമായപ്പോള്‍ സ്ഥാനമോഹികളുടെ ക്യൂവില്‍ പോയി നിന്നില്ല. അടുത്തൂണ്‍ പറ്റുന്നവരെ കാത്തിരിക്കുന്ന ഒരു പ്രലോഭനത്തിനും വഴങ്ങിക്കൊടുത്തില്ല. തന്റെ മികവിനെ സ്വയം വില്‍പ്പനക്ക് വെച്ചില്ല, തന്നെ വിലക്കെടുക്കാന്‍ ആരെയും അനുവദിച്ചില്ല. വിയോജിപ്പുകള്‍ പോലും മാന്യതയോടെ അവതരിപ്പിച്ചു.
കള്ളപ്പണം തടയാനെന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന 2016ലെ നോട്ട് നിരോധനം ഭീമാബദ്ധമാണെന്നായിരുന്നു മന്‍മോഹന്‍ സിംഗിന്റെ നിലപാട്. ‘നോട്ട് നിരോധനം ആവശ്യമായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. സാങ്കേതികമായും സാമ്പത്തികമായും ഇത്തരമൊരു സാഹസം ആവശ്യമുണ്ടായിരുന്നില്ല. അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. സംഘടിത കൊള്ളയും നിയമപരമായ പിടിച്ചുപറിയുമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. ജനങ്ങളെയാകെ കള്ളന്മാരും രാജ്യദ്രോഹികളുമായി കാണുന്ന രീതി ജനാധിപത്യ സംവിധാനത്തില്‍ യോജിച്ചതല്ല.’ ആ വാക്കുകള്‍ പ്രവചനം പോലെ പുലരുന്നത് രാജ്യം പിന്നീട് കണ്ടു. ആലോചനയില്ലാത്ത എടുത്തുചാട്ടമായിരുന്നു നോട്ട് നിരോധനമെന്ന് വഴിയേ വെളിപ്പെട്ടു. സമ്പദ് വ്യവസ്ഥക്ക് അതുണ്ടാക്കിയ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. സുപ്രധാനമായ ഒട്ടേറെ നിയമനിര്‍മാണങ്ങള്‍ മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ഉണ്ടാകുന്നുണ്ട്. വിവരാവകാശ നിയമമാണ് അതില്‍ എടുത്തുപറയേണ്ട ഒന്ന്. അതൊരു വിപ്ലവകരമായ നിയമനിര്‍മാണം തന്നെയായിരുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശം നിയമമാക്കിയതിലൂടെ പൊതുരംഗത്തുണ്ടായ സുതാര്യത ചെറുതല്ല. ലോക്പാല്‍, ലോകായുക്ത ആക്ട് ആയിരുന്നു ശ്രദ്ധേയമായ മറ്റൊരു നിയമനിര്‍മാണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ അവിദഗ്ധ തൊഴിലാളികള്‍ക്ക് ജീവസന്ധാരണത്തിനുള്ള വഴി തുറന്നുകൊടുത്തതും അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക ജാതിക്കാര്‍ക്കായി 27 ശതമാനം സംവരണം ഉറപ്പാക്കിക്കൊണ്ട് സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളോടും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഐക്യപ്പെട്ടു. അദ്ദേഹം പാവ പ്രധാനമന്ത്രി ആയിരുന്നില്ല, ഇച്ഛാശക്തിയുള്ള ഭരണാധികാരി ആയിരുന്നു. അധികാരം വിട്ടൊഴിഞ്ഞ ശേഷവും രാജ്യസഭയില്‍ പതിറ്റാണ്ട് കാലം സ്വന്തം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് അംഗമായി നിലകൊണ്ടു ഡോ. മന്‍മോഹന്‍ സിംഗ്. ചര്‍ച്ചകളിലും നിയമ നിര്‍മാണങ്ങളിലും സജീവമായി ഇടപെട്ടുതന്നെയാണ് അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തെപ്പോലൊരാള്‍ ഇല്ലാതാകുമ്പോള്‍ രാജ്യത്തിന് അന്യമാകുന്നത് കുറെ മൂല്യങ്ങള്‍ കൂടിയാണ്. ആ വിയോഗത്തിന്റെ നഷ്ടം ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെയാണ്. ജനാധിപത്യം മാന്യന്‍മാരുടെ ഇടപാടാണെന്ന്/ അങ്ങനെയാകണമെന്ന് പുതുകാല രാഷ്ട്രീയ നേതൃത്വത്തെ സൗമ്യമായി ഓര്‍മിപ്പിച്ചു തന്നെയാണ് അദ്ദേഹം കടന്നുപോകുന്നത്.