Kerala
ചുമതലയില്‍നിന്നും നീക്കിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡോ. നന്ദകുമാര്‍ കളരിക്കല്‍
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഹൈക്കോടതി തള്ളിയതാണ്
കോട്ടയം | ഗവേഷക വിദ്യാര്‍ഥിനിയോട് ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ചുമതലകളില്‍ നിന്ന് മാറ്റിയതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എം ജി സര്‍വകലാശാലയിലെ നാനോ സയന്‍സ് വിഭാഗം മുന്‍ മേധാവി ഡോ. നന്ദകുമാര്‍ കളരിക്കല്‍. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഹൈക്കോടതി തള്ളിയതാണ്. കോടതി തള്ളിയ ആരോപണങ്ങളുടെ പേരിലാണ് സിന്‍ഡിക്കേറ്റ് തനിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും നന്ദകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേ സമയം നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് സര്‍വ്വകലാശാലയില്‍ സമരം നടത്തുന്ന ദളിത് ഗവേഷക ഉന്നയിച്ചിരുന്നത്. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല അധികൃതര്‍ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരില്‍ വിവേചനമുണ്ടായെന്നുമായിരുന്നു ദളിത് വിദ്യാര്‍ഥിനിയുടെ പരാതി.