Kerala
കഴുത്തില്‍ ആയുധം വെച്ച് ഭീഷണിപ്പെടുത്തി സ്ത്രീയെ പീഡിപ്പിച്ചു; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
ഒളിവില്‍പ്പോയ അമ്പലപ്പാറ വേങ്ങശ്ശേരി കോഴിചൂട്ടനില്‍ സുധീഷിനെ (32) കണ്ടെത്തുന്നതിനായാണ് ഒറ്റപ്പാലം പോലീസ് മാധ്യമങ്ങളിലൂടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
ഒറ്റപ്പാലം | കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധംവെച്ച് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്. കൃത്യത്തിനു ശേഷം ഒളിവില്‍പ്പോയ അമ്പലപ്പാറ വേങ്ങശ്ശേരി കോഴിചൂട്ടനില്‍ സുധീഷിനെ (32) കണ്ടെത്തുന്നതിനായാണ് ഒറ്റപ്പാലം പോലീസ് മാധ്യമങ്ങളിലൂടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. 31 കാരിയെ പീഡിപ്പിച്ച കേസിലാണ് നടപടി. പീഡനവും വധശ്രമവുമുള്‍പ്പെടെ ഒമ്പത് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഒറ്റപ്പാലം പോലീസ് ഇന്‍സ്പെക്ടര്‍ എം സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
2022 ജൂലൈ അഞ്ചിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നാലുമാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. രാവിലെ ഒമ്പതിന് പാചകത്തിന് അരി വേണമെന്ന് പറഞ്ഞാണ് സുധീഷ് പരിചയക്കാരന്റെ വീട്ടിലെത്തിയത്. ഭാര്യയോട് അരിനല്‍കാന്‍ പറഞ്ഞ് പരിചയക്കാരന്‍ പുറത്തുപോയി. 11 മണിക്ക് അരിവാങ്ങാനെത്തിയ പ്രതി വീട്ടിലാരുമില്ലെന്ന് ഉറപ്പിച്ച ശേഷം പിന്‍വാതിലിലൂടെ അകത്തുകയറി സ്ത്രീയെ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന്, കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധംവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.